കാട്ടിൽ ഒരു പറക്കൽമത്സരം നടക്കുകയാണ്. പക്ഷികളുടെയല്ല, വവ്വാലുകളുടെ മത്സരമാണ്. അവസാന റൗണ്ടിൽ ഒരു കുഞ്ഞൻ വവ്വാലും വലിയൊരു വവ്വാലുമാണ് എത്തിയത്. ഒന്നാംസ്ഥാനം തനിക്കാണെന്ന് വലിയ വവ്വാൽ ഉറപ്പിച്ചു. കാരണം തന്റെ അത്രയും വേഗത്തിലും ഉയരത്തിലും കുഞ്ഞന് പറക്കാൻ കഴിയില്ലല്ലോ. എന്നാൽ വാശിയേറിയ മത്സരത്തിൽ കുഞ്ഞൻ വവ്വാലാണ് വിജയിച്ചത്.

To advertise here,

മറ്റ് വവ്വാലുകളെല്ലാം അവനെ അഭിനന്ദിക്കാൻ ഓടിയെത്തി. വിജയിക്കുള്ള സമ്മാനമായ ഒരുകുല പഴം ചെറിയ വവ്വാലിന് കൊടുത്തു.

ഈ സമയം വലിയ വവ്വാൽ മത്സരത്തിൽ തോറ്റതിന്റെ സങ്കടത്തോടെ മാറിനിൽക്കുകയായിരുന്നു.

ചെറിയ വവ്വാൽ ഇത് കണ്ടു. അവൻ നേരേ വലിയ വവ്വാലിന്റെ അടുത്തെത്തി. എന്നിട്ട് പറഞ്ഞു: ''ചങ്ങാതീ, ഇതാ, ഈ സമ്മാനത്തിന്റെ പകുതി നിനക്കുള്ളതാണ്. കാരണം എന്റെ ജയത്തിൽ നിനക്കും പങ്കുണ്ട്. എന്താണെന്നല്ലേ? ഒറ്റയ്ക്ക് മത്സരിച്ചാൽ ആരും ജയിക്കില്ല. കൂടെ മത്സരിച്ച് തോൽക്കാൻ ആളുണ്ടെങ്കിലേ വിജയികളുണ്ടാവൂ. വിജയികൾ തോറ്റവരെക്കൂടി കൂടെക്കൂട്ടുമ്പോഴേ ഏത് ജയത്തിനും അർത്ഥമുണ്ടാവൂ. അതുകൊണ്ട് ഈ സമ്മാനം നമുക്ക് രണ്ടുപേർക്കും അവകാശപ്പെട്ടതാണ്.''

ചെറിയ വവ്വാൽ പറഞ്ഞത് കേട്ട വലിയ വവ്വാലിന്റെ സങ്കടം മാറി. അവർ ഒരുമിച്ച് ആ പഴക്കുല എല്ലാവർക്കുമായി പങ്കുവച്ചു.