മുറ്റത്തെ കുറ്റിച്ചെടിയിൽ വല നെയ്യുകയായിരുന്നു മുട്ടൻ എട്ടുകാലി. ഒരു കമ്പിൽനിന്ന് മറ്റേക്കൊമ്പിലേക്ക് തൂങ്ങിയാടി, അവൻ വല നെയ്തുകൊണ്ടിരുന്നു. അപ്പോഴാണ്, അതുവഴി കുട്ടൻ ചോണനുറുമ്പിന്റെ വരവ്. വലിയ ഒരു പഞ്ചസാരക്കട്ടയും തലയിലേറ്റി ചോണനുറുമ്പ് വരുന്നത് കണ്ടപ്പോൾ മുട്ടനെട്ടുകാലി, ചോണനുറുമ്പിന് മുന്നറിയിപ്പുകൊടുത്തു: ''ചോണനുറുമ്പേ ചങ്ങാതീ, എന്റെ വലയിൽ അറിയാതെ തട്ടല്ലേ. തട്ടിയാൽ നീ വലയിൽ ഒട്ടിപ്പോവുമേ!'', ചോണനുറുമ്പാവട്ടെ, മുട്ടനെട്ടുകാലി പറഞ്ഞതൊട്ടും കൂട്ടാക്കിയില്ല. ''ഹേ, മുട്ടനെട്ടുകാലീ! ഞാൻ ചോണനുറുമ്പുകളുടെ നേതാവായ കുട്ടൻ ചോണനുറുമ്പാണെന്ന് നിനക്കറിയില്ലേ? എനിക്ക് നിന്റെ വല പൊട്ടിക്കാനുള്ള കഴിവുണ്ട്!'', പഞ്ചസാരക്കട്ട നിലത്ത് വെച്ച് കുട്ടൻ ചോണനുറുമ്പ് ഞെളിഞ്ഞുനിന്ന് അഹങ്കാരത്തോടെ പറഞ്ഞു.

To advertise here,

കുട്ടൻ ചോണനുറുമ്പിന്റെ

വാക്കുകൾ കേട്ടപ്പോൾ, വീണ്ടും മുട്ടനെട്ടുകാലി കുട്ടൻ ചോണനുറുമ്പിനോട് പറഞ്ഞു:

''ചോണനുറുമ്പേ, ചങ്ങാതീ

വലയിൽപ്പെട്ടാൽ വലയും നീ

കരവും കാലും ഒട്ടിപ്പോം

വഴിമാറിപ്പോ ചങ്ങാതീ!''

അഹങ്കാരിയായ ചോണനുറുമ്പുണ്ടോ വഴിമാറിപ്പോവുന്നു? കുട്ടൻ ചോണനുറുമ്പ്, ഗമയിൽ പഞ്ചസാരക്കട്ടയും കടിച്ചുപിടിച്ച് കുറ്റിച്ചെടിയിൽ കയറാൻതുടങ്ങി. കുറച്ച് കയറിയപ്പോഴേക്കും മുട്ടനെട്ടുകാലിയുടെ വലയിൽ ചോണനുറുമ്പിന്റെ കാൽ തട്ടി.

കാലുകൾ വലയിൽ ഒട്ടിപ്പോയി. പിടിവിട്ട്, കുട്ടൻ ചോണനുറുമ്പ് വലയിൽ തലകീഴായി തൂങ്ങിപ്പോയി. വലയിൽ തൂങ്ങിയാടി ചോണനുറുമ്പ് നിലവിളിച്ചു:

''മുട്ടാ, മുട്ടാ ചങ്ങാതീ

എന്നെ രക്ഷിച്ചീടുക നീ

നിന്നുടെ വാക്കുകൾ കേൾക്കാതെ

വന്നൊരബദ്ധം കണ്ടില്ലേ!''

കുട്ടൻ ചോണനുറുമ്പ് പേടിച്ച് കരഞ്ഞു. തൂങ്ങിയാടി നിലവിളിക്കുന്ന ചോണനുറുമ്പിനെ മുട്ടനെട്ടുകാലി ഓടിവന്ന് രക്ഷിച്ചു. തന്റെ വലയിൽനിന്ന് വേർപ്പെടുത്തി നിലത്തേക്കിട്ടു.

പ്ധീം! എന്ന് കുട്ടൻ ചോണനുറുമ്പ് നിലത്ത് വീണു. ''ഹാവൂ, രക്ഷപ്പെട്ടു!'', അതോടെ കുട്ടൻ ചോണനുറുമ്പിന്റെ അഹങ്കാരം തീർന്നു. അവൻ മുട്ടൻ എട്ടുകാലിയോട് നന്ദി പറഞ്ഞു. പിന്നീടൊരിക്കലും കുട്ടൻ ചോണനുറുമ്പ് അഹങ്കാരം കാണിച്ചിട്ടില്ല.