ക്വാർട്ടേഴ്‌സിൽ താമസിക്കുന്നത് മറുനാടൻ തൊഴിലാളികൾ

To advertise here,

കാഞ്ഞങ്ങാട് : ക്വർട്ടേഴ്സും പരിസരവും മാലിന്യംനിറഞ്ഞ സാഹചര്യത്തിൽ ഉടമയ്ക്കെതിരേ ആരോഗ്യ വകുപ്പ് കേസെടുത്തു. അജാനൂർ കൊളവയിലെ മറുനാടൻ തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിന്റെ ഉടമ പള്ളിക്കര സ്വദേശിനിക്കെതിരേയാണ് കേസെടുത്തത്. കക്കൂസ് മാലിന്യമുൾപ്പെടെയുള്ള മാലിന്യങ്ങൾ അയൽവാസിയുടെ പറമ്പിലേക്കും പരിസരങ്ങളിലേക്കും ഒഴുക്കിവിടുകയും മാലിന്യങ്ങൾ തോന്നുംപോലെ തള്ളുകയുംചെയ്തതിനാണ് നടപടി.

പൊതുജനരോഗ്യത്തെ വെല്ലുവിളിക്കുംവിധമാണ് ക്വാർട്ടേഴ്‌സ് പ്രവർത്തിച്ചിരുന്നതെന്ന് ആരോഗ്യ വകുപ്പിന്റെ പരിശോധയിൽ കണ്ടെത്തി.

പ്രദേശവാസികളുടെയും വാർഡ് അംഗത്തിന്റെയും നിർദേശങ്ങൾ അവഗണിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പ് പ്രശ്നപരിഹാരം ആവശ്യപ്പെട്ട് ഉടമയ്ക്ക് നോട്ടീസ് നൽകി. ഇതിന് ആവശ്യമായ സമയവും നൽകിയിരുന്നു. എന്നാൽ ഉടമയുടെ ഭാഗത്തുനിന്ന്‌ അനുകൂല നടപടി ഇല്ലാത്തതിനെ തുടർന്നാണ് ആരോഗ്യ വകുപ്പ് കേസെടുത്തത്. ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് പരാതി ഫയലിൽ സ്വീകരിച്ചത്.

ജില്ലാ മെഡിക്കൽ ഓഫീസിലെ ടെക്‌നിക്കൽ അസിസ്റ്റന്റ് എം. ചന്ദ്രൻ, അജാനൂർ കുടുംബരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗോപൻ അഞ്ചൽ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനയും നടപടിയും ഉണ്ടായത്.