തട്ടിപ്പുകൾക്കെതിരേ പ്രവാസികളെ ബോധവത്കരിക്കണമെന്ന് കമ്മിഷൻ
കാസർകോട് : സാമ്പത്തികതട്ടിപ്പുകളുമായി ബന്ധപ്പെട്ട പരാതികളാണ് സിറ്റിങ്ങിൽ കൂടുതലും ലഭിക്കുന്നതെന്ന് കേരള പ്രവാസി കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് സോഫി തോമസ് പറഞ്ഞു. കാസർകോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പ്രവാസി കമ്മിഷൻ സിറ്റിങ്ങിനുശേഷം സംസാരിക്കുകയായിരുന്നു അവർ. തട്ടിപ്പുകളിൽ അകപ്പെടാതിരിക്കാൻ പ്രവാസികൾക്ക് ബോധവത്കരണം ആവശ്യമാണെന്നും ചെയർപേഴ്സൺ പറഞ്ഞു.
വിദേശത്ത് പങ്കാളിത്തബിസിനസിൽ പണമിറക്കുകയും അത് തിരിച്ചുലഭിക്കാതിരിക്കുകയും ചെയ്ത നിരവധി കേസുകൾ പരിഗണനയ്ക്ക് വന്നു. എന്നാൽ, പലരുടെയും കൈയിൽ പണം കൈമാറിയതിന്റെയോ ബിസിനസ് പങ്കാളിത്തത്തിന്റെയോ കൃത്യമായ രേഖകളില്ല. ഇത് പോലീസിന് കേസെടുക്കുന്നതിന് പരിമിതിയുണ്ടാക്കുന്നു.
വിദേശരാജ്യങ്ങളിൽ ജോലിയും പഠനാവസരവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ നിരവധി കേസുകളും പരിഗണനയ്ക്കെത്തി. പണം വാങ്ങിയശേഷം ഏജന്റുമാരുടെ ഫോൺ നമ്പറുകളിൽ വിളിച്ചാൽ കിട്ടുന്നില്ല. ഉന്നതബന്ധങ്ങളുണ്ടെന്ന് വിശ്വസിപ്പിച്ചാണ് ഇത്തരക്കാർ തട്ടിപ്പുനടത്തുന്നത്. വിവിധ വാഗ്ദാനങ്ങൾ നൽകി പ്രവാസികളിൽനിന്ന് പണം കൈക്കലാക്കുന്ന സംഘടനകളെയും അഭിഭാഷകരെയും കുറിച്ചും പ്രവാസികൾ ബോധവാന്മാരാകണം. നോർക്കപോലുള്ള സംവിധാനങ്ങളുടെ വെബ്സൈറ്റുകളും നമ്പറുകളുമെല്ലാം ഉപയോഗപ്പെടുത്തണം-ചെയർപേഴ്സൺ പറഞ്ഞു.
കണ്ണൂർ വിമാനത്താവളത്തിൽ ആവശ്യമായ സൗകര്യങ്ങൾ ഉണ്ടായിട്ടും രാജ്യാന്തര വിമാന സർവീസുകൾക്ക് ഉപയോഗപ്പെടുത്താനാകാത്തതു സംബന്ധിച്ച് കമ്മിഷന് ലഭിച്ച പരാതി നടപടിസ്വീകരിക്കാൻ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് നൽകിയിട്ടുണ്ടെന്നും ചെയർപേഴ്സൺ അറിയിച്ചു.
സിറ്റിങ്ങിൽ പരിഗണിച്ചത് 71 പരാതികൾ
സിറ്റിങ്ങിൽ 51 പഴയതും 20 പുതിയതുമടക്കം 71 പരാതികളാണ് പരിഗണിച്ചത്. പ്രവാസി കമ്മിഷൻ അംഗങ്ങളായ പി.എം. ജാബിർ, ഡോ. മാത്യൂസ് കെ. ലൂക്കോസ്, എം.എം. നഈം, ജോസഫ് ദേവസ്യ പൊൻമാങ്കൽ, കമ്മിഷൻ സെക്രട്ടറി ആർ. ജയറാം കുമാർ തുടങ്ങിയവരും സിറ്റിങ്ങിൽ പങ്കെടുത്തു.
Published: 14 Oct 2026, 04:13 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented