പ്രോക്ടറുടെ ഓഫീസ് ഉപരോധിച്ചു
സസ്പെൻഷൻ നടപടി ചട്ടവിരുദ്ധമെന്ന് എസ്.എഫ്.ഐ.
കാസർകോട്: കേരള കേന്ദ്രസർവകലാശാലയിലെ വിദ്യാർഥികളുടെ സസ്പെൻഷൻ പിൻവലിക്കണമെന്ന ആവശ്യം തള്ളി ഭരണസമിതി. സർവകലാശാലയുടെ നിലപാടിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ ചൊവ്വാഴ്ച പ്രോക്ടറുടെ ഓഫീസ് ഉപരോധിച്ചു. ഭരണസമിതിയുമായി രണ്ടാമത് ചർച്ച നടത്താനോ പ്രോക്ടറെ നേരിൽക്കണ്ട് സംസാരിക്കാനോ വിദ്യാർഥികളെ അനുവദിക്കുന്നില്ലെന്നും ആരോപണമുണ്ട്.
സസ്പെൻഷൻ പിൻവലിക്കുന്നത് സംബന്ധിച്ച് ഭരണസമിതിയുമായി വിദ്യാർഥിപ്രതിനിധികൾ തിങ്കളാഴ്ച നടത്തിയ ചർച്ച പരാജയപ്പെട്ടതിനു പിന്നാലെയാണ് പ്രതിഷേധം പുനരാരംഭിച്ചത്. വൈസ് ചാൻസലർ, രജിസ്ട്രാർ, സ്റ്റുഡന്റ് വെൽഫെയർ ഡീൻ മുതലായവർ പങ്കെടുത്ത ചർച്ചയിൽ, വിദ്യാർഥികളെ തിരിച്ചെടുക്കണമെന്ന ആവശ്യം തള്ളിക്കളഞ്ഞു.
പ്രോക്ടറുടെ ഏകാധിപത്യ നടപടികൾ അവസാനിപ്പിക്കണമെന്നും പ്രോക്ടർ സ്ഥാനത്തുനിന്ന് ഡോ. പി. ശ്രീകുമാറിനെ നീക്കണമെന്നും ആവശ്യപ്പെട്ട് ഒപ്പുശേഖരണവും സംഘടിപ്പിച്ചിരുന്നു. ഇക്കാര്യം കേൾക്കാനോ നിവേദനം കൈപ്പറ്റാനോ വൈസ് ചാൻസലറടക്കം തയ്യാറായില്ല എന്ന് വിദ്യാർഥി പ്രതിനിധികൾ പറഞ്ഞു. ചട്ടവിരുദ്ധമായാണ് സസ്പെൻഷൻ നടന്നതെന്ന് എസ്.എഫ്.ഐ. പ്രവർത്തകർ ആരോപിച്ചു.
കാരണം കാണിക്കൽ നോട്ടീസ് നൽകുന്നതിനു മുൻപ് ഉത്തരവ് കൈമാറുകയായിരുന്നു. നടപടിയുടെ കാരണം ചോദിച്ചപ്പോൾ ‘കാരണം അന്വേഷണ കമ്മിറ്റി തീരുമാനിക്കും’ എന്ന മറുപടിയാണ് വൈസ് ചാൻസലർ പറഞ്ഞതെന്നും വിദ്യാർഥികൾ പറഞ്ഞു.
ബുധനാഴ്ച ഉച്ചയ്ക്ക് 2.30-ന് അന്വേഷണ കമ്മിറ്റിക്ക് മുന്നിൽ ഹാജരാകണമെന്ന നിർദേശം ചൊവ്വാഴ്ചയാണ് വിദ്യാർഥികൾക്ക് നൽകിയത്. ഒക്ടോബർ എട്ടിനു വൈകിട്ട് ആറോടെയാണ് എസ്.എഫ്.ഐ., എൻ.എസ്.യു., എം.എസ്.എഫ്. നേതാക്കളായ അഞ്ച് വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്. പിന്നാലെ രാത്രിതന്നെ ഹോസ്റ്റൽ വിട്ടുപോകാനും ആവശ്യപ്പെട്ടിരുന്നു.
സസ്പെൻഷൻ അന്വേഷണ വിധേയമായാണെന്ന് സർവകലാശാല
വിദ്യാർഥികളെ സസ്പെൻഡ് ചെയ്തത് അന്വേഷണവിധേയമായാണെന്ന് സർവകലാശാലാ അധികൃതർ അറിയിച്ചു. സസ്പെൻഷൻ ശിക്ഷാനടപടിയല്ല. നടപടിയെടുത്തത് സെമിനാറിന്റെ രണ്ടാം ദിവസം അക്കാദമിക് പരിപാടി തടസ്സപ്പെടുത്തിയതിനാണെന്ന് അധികൃതർ പറഞ്ഞു.
ഐക്യദാർഢ്യവുമായി കൊട്ടിപ്പാട്ട് സമരം
സസ്പെൻഷനിലായവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സർവകലാശാലാ വിദ്യാർഥികൾ കൊട്ടിപ്പാട്ട് സമരം സംഘടിപ്പിച്ചു. മിൽമ സർക്കിളിൽ സംഘടിപ്പിച്ച സമരത്തിൽ എസ്.എഫ്.ഐ., എൻ.എസ്.യു. (ഐ.), എം.എസ്.എഫ്., ഫ്രറ്റേണിറ്റി, എ.ഐ.എസ്.എഫ്. എന്നീ സംഘടനാപ്രവർത്തകരും മറ്റ് വിദ്യാർഥികളും പങ്കെടുത്തു.
Published: 14 Oct 2026, 04:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented