ശ്രീകണ്ഠപുരം : മലനാട് -മലബാർ റിവർ ക്രൂസ് ടൂറിസം പദ്ധതിയുടെ ഭാഗമായി മലപ്പട്ടം പഞ്ചായത്തിലെ മുനമ്പ്കടവിൽ നിർമിച്ച പാർക്കും ബോട്ടുജെട്ടിയും നശിക്കുന്നു. പാർക്ക് മുഴുവനായും കാടുകയറിയ നിലയിലാണ്.
ബോട്ടുജെട്ടിയുടെ മേൽക്കൂര തകർന്നിട്ടുണ്ട്. ഉൾഭാഗം മുഴുവൻ കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ മുങ്ങിയതിനെ തുടർന്നുള്ള ചെളിയും നിറഞ്ഞു നിൽക്കുകയാണ്. ഇവിടെ നിർമിച്ച ശൗചാലയത്തിലേക്ക് പോകുന്ന വഴിയും കാടുമൂടിയ നിലയിലാണ്.
മലനാട് -മലബാർ റിവർ ക്രൂസ് ടൂറിസം പദ്ധതിയുടെ ഭാഗമായി മലപ്പട്ടം പഞ്ചായത്തിലെ മുനമ്പ്കടവ്, കൊവുന്തല എന്നീ രണ്ട് പുഴയോരത്താണ് ബോട്ടുജെട്ടികളിലും പാർക്കുകളും നിർമിച്ചത്. ഇതിൽ കൊവുന്തല പാർക്ക് ഈ വർഷം ജനുവരിയിൽ മയ്യിൽ ചെക്യാട്ടുകാവിലെ സൂൺ കാറ്ററിങ് ആൻഡ് ഇവന്റ്സ് ഗ്രൂപ്പ് മൂന്നു വർഷത്തേക്ക് ഏറ്റെടുത്തിരുന്നു. തുടർന്ന് ഇവർ ഇവിടെ ഓപ്പൺ ഓഡിറ്റോറിയവും നിർമിച്ചിരുന്നു. അതുകൊണ്ടു തന്നെ കൊവുന്തല പാർക്കിൽ ആളുകളെത്തുന്നതിനാൽ കാര്യമായ പ്രശ്നങ്ങളില്ല.
മുനമ്പ്കടവിൽ നിർമിച്ച ഇരിപ്പിടങ്ങളും ബോട്ടുജെട്ടിയും ആർട്ടിഫിഷ്യൽ ആലകളും ചൂണ്ടയിട്ട് മത്സ്യം പിടിക്കാനുള്ള ആംഗ്ലിങ് യാർഡുകളും നടപ്പാതയും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കാനുള്ള കിയോസ്കുകളും ശൗചാലയവുമൊക്കെ നശിച്ചു കൊണ്ടിരിക്കുകയാണ്. അധികൃതർ ആരും പാർക്ക് പരിസരത്ത് തിരിഞ്ഞു നോക്കാറില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
റിവർ ക്രൂസ് പദ്ധതിയിൽ മലയോര മേഖലകളിലേക്കുള്ള കവാടമായാണ് മലപ്പട്ടത്തെ ബോട്ടുജെട്ടിയേയും പാർക്കുകളെയും കണക്കാക്കിയിരുന്നത്. പറശ്ശിനിക്കടവിൽ നിന്ന് ആരംഭിക്കുന്ന ബോട്ട് യാത്ര മുനമ്പ് കടവിൽ അവസാനിക്കുന്ന രീതിയിലായിരുന്നു പദ്ധതി. ഇതിന്റെ ഭാഗമായി 3.37 കോടി ചെലവിലാണ് കൊവുന്തലയിലും മുനമ്പുകടവിലും പാർക്കുകളും ബോട്ടുജെട്ടികളും ഒരുക്കിയത്.
എന്നാൽ, വളപട്ടണം പുഴയിൽ ആഴം കൂട്ടാതെ ബോട്ടുകൾക്ക് വരാൻ സാധിക്കാത്തതിനാൽ പദ്ധതി ഇതുവരെ പൂർണ ലക്ഷ്യത്തിലെത്തിയില്ല.
ആഴം കൂട്ടി ബോട്ടുകൾ വരാൻ തുടങ്ങിയാൽ മലയോര ടൂറിസം മേഖലയ്ക്കും ജലഗതാഗത മേഖലയ്ക്കും മുതൽക്കൂട്ടാകും. നിലവിൽ വളപട്ടണം പുഴയിൽ നിന്ന് വേലിയേറ്റ സമയങ്ങളിലല്ലാതെ ബോട്ടുകൾക്ക് മലപ്പട്ടതെത്താൻ സാധിക്കില്ല. ബോട്ടുജെട്ടികൾ ഉദ്ഘാടനം നടത്തിയതല്ലാതെ ഇന്നേവരെ ഉപയോഗിച്ചിട്ടില്ല.
ഡ്രജ്ജിങ് തുടങ്ങിയില്ല
ആഴം കുറഞ്ഞ ഭാഗങ്ങളിൽ ഡ്രജ്ജിങ് നടത്തി ജലഗതാഗതം സുഗമമാക്കാൻ കഴിഞ്ഞ സർക്കാർ 2.5 കോടി അനുവദിച്ചിരുന്നു. പുഴയിൽ 5.85 കിലോമീറ്റർ ഭാഗത്തെ ആഴമാണ് വർധിപ്പിക്കേണ്ടത്. ഇതിന്റെ തുടർ നടപടികളും ഉണ്ടായില്ല. ബോട്ടുകൾ വരാത്തതിനാൽ മുനമ്പ്കടവ്, കൊവുന്തല പുഴയോരത്ത് നിർമിച്ച പാർക്കുകൾ ടെൻഡറും റീടെൻഡറും ക്ഷണിച്ചിട്ടും ഏറ്റെടുക്കാനാളില്ലാതെ വർഷങ്ങളോളം ഉദ്ഘാടനം പോലും നടത്താനാകാതെ കാടുകയറി നശിച്ചിരുന്നു.
Published: 14 Oct 2026, 04:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented