ഇരിയ : ഏഴാംമൈൽ നേരംകാണാതടുക്കം അങ്കണവാടി കെട്ടിടം പൊളിച്ചിട്ട് ഒന്നരക്കൊല്ലം. നിലവിൽ താത്കാലികമായി പ്രവർത്തിക്കുന്നത് പഞ്ചായത്ത് വാടകയ്ക്കെടുത്ത ക്ലബ് കെട്ടിടത്തിൽ. 16 കുട്ടികളാണ് അങ്കണവാടിയിലുള്ളത്. പഴയ കെട്ടിടം പൊളിച്ചുനീക്കിയ സ്ഥലത്ത് അടിയന്തരമായി സ്മാർട്ട് അങ്കണവാടി കെട്ടിടമൊരുക്കണമെന്ന ആവശ്യമാണ് നാട്ടുകാരിൽനിന്നും രക്ഷിതാക്കളിൽനിന്നും ഉയരുന്നത്. 1970-ൽ വേട്ടുവങ്ങാനാത്തെ ശങ്കരനാരായണ ഭട്ട് സൗജന്യമായി നൽകിയ സ്ഥലത്താണ് അങ്കണവാടി പ്രവർത്തിച്ചിരുന്നത്. തുടർന്ന് കഴിഞ്ഞ മേയിലാണ് പുതിയ കെട്ടിടമൊരുക്കുന്നതിന്റെ ഭാഗമായി കാലപ്പഴക്കംചെന്ന പഴയ അങ്കണവാടി പൊളിച്ചുനീക്കിയത്. എന്നാൽ ഒന്നര വർഷമാകുമ്പോഴും കെട്ടിടമൊരുക്കാനുള്ള പ്രവർത്തികളൊന്നും തുടങ്ങിയിട്ടില്ല.
കാസർകോട് പാക്കേജിൽപ്പെടുത്തി പഞ്ചായത്തിന്റെ സഹായത്തോടെ ജി.എസ്.ടി. അടക്കം 35 ലക്ഷം രൂപ ചെലവിൽ കെട്ടിടമൊരുക്കാനായിരുന്നു തീരുമാനം. തുടർന്ന് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചു. അതിന്റെ അടിസ്ഥാനത്തിൽ അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് പ്രവൃത്തി ഉദ്ഘാടനവും നിർവഹിച്ചു. നിർമിതികേന്ദ്രയ്ക്കായിരുന്നു നിർമാണച്ചുമതല. എന്നാൽ അന്നത്തെ വനിതാ ശിശുവികസന വകുപ്പ് അധികൃതർ നിർമാണത്തിനുള്ള അടങ്കൽ തുക അധികമാണെന്ന കാരണം പറഞ്ഞ് ജില്ലയിലെ പല അങ്കണവാടികളുടെയും പ്രവർത്തിക്ക് അനുമതി നൽകിയില്ലെന്ന് പറയപ്പെടുന്നു. ആ പട്ടികയിൽ ഉൾപ്പെട്ടതോടെയാണ് നേരംകാണാതടുക്കം അങ്കണവാടിയുടെ നിർമാണവും വൈകിയതിന് കാരണമായി പറയുന്നത്. കോടോം ബേളൂരിൽ തന്നെ ബേളൂർ, എരുമക്കുളം അങ്കണവാടികളും അതേ പട്ടികയിൽ ഉൾപ്പെട്ടിരുന്നു.
അതിനിടെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും വന്നതോടെ പ്രവൃത്തിയുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സം പരിഹരിക്കുന്നത് നീളുകയുംചെയ്തു. പുതിയ പഞ്ചായത്ത് ഭരണസമിതി അധികാരത്തിലെത്തിയശേഷം വിഷയം കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി. അതിന്റെ അടിസ്ഥാനത്തിൽ വേഗത്തിൽ പൂർത്തിയാക്കാനുള്ള നടപടിയിലേക്ക് കടന്നതായാണ് അധികൃതർ പറയുന്നത്.
Published: 13 Oct 2026, 04:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented