പ്രതിരോധമാർഗങ്ങൾ ഫലിക്കുന്നില്ല
കുമ്പള : ഉത്‌പാദനക്കുറവിനൊപ്പം രോഗബാധയും രൂക്ഷമായതോടെ തെങ്ങ്, കവുങ്ങ് കർഷകർ പ്രതിസന്ധിയിൽ. തെങ്ങ്, കവുങ്ങ് എന്നിവയുടെ തല ഉണങ്ങിനശിക്കുന്നതടക്കമുള്ള രോഗബാധയാണ് കുമ്പള, മൊഗ്രാൽ മേഖലകളിൽ വ്യാപകമായിരിക്കുന്നത്. നേരത്തേ തീരപ്രദേശങ്ങളിൽ കൂടുതലായി കണ്ടിരുന്ന രോഗബാധ മറ്റിടങ്ങളിലേക്കും വ്യാപിച്ചതോടെ കർഷകർ ആശങ്കയിലാണ്.
പുത്തിഗെ, കുമ്പള, മൊഗ്രാൽ, മൊഗ്രാൽ പുത്തൂർ എന്നീ പ്രദേശങ്ങളിൽ രോഗബാധയെ തുടർന്ന് നിരവധി തെങ്ങുകൾ നശിച്ചിട്ടുണ്ട്. മാസങ്ങളായി അജ്ഞാതരോഗം റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും രോഗവ്യാപനത്തിന്റെ കാരണവും ഫലപ്രദമായ പ്രതിരോധമാർഗങ്ങളും സംബന്ധിച്ച് വ്യക്തമായ പരിഹാരം ലഭിച്ചിട്ടില്ലെന്നാണ് കർഷകർ പറയുന്നത്.
നൂറുകണക്കിന് കുടുംബങ്ങളുടെ പ്രധാന ഉപജീവനമാർഗമാണ് കവുങ്ങ്, തെങ്ങ് കൃഷി. ഹെക്ടർകണക്കിന് കവുങ്ങ്, തെങ്ങ് കൃഷി ഈ ഭാഗങ്ങളിലുണ്ട്. രണ്ട് വർഷത്തിലേറെയായി വിവിധ രോഗങ്ങൾ കാരണം അടയ്ക്ക ഉത്‌പാദനത്തിൽ ഗണ്യമായ കുറവുണ്ടായതായി കർഷകർ പറയുന്നു. മഞ്ഞരോഗം, ഇലപ്പുള്ളി, പൂങ്കുല കരിയൽ, മഹാളി തുടങ്ങിയ രോഗങ്ങൾ കവുങ്ങ് കൃഷിക്ക് ഭീഷണിയാണ്. അടയ്ക്ക കൊഴിഞ്ഞുപോകുന്നതും ചീഞ്ഞളിഞ്ഞ് കവുങ്ങുകൾ നശിക്കുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു. വേഗത്തിൽ പടരുന്ന ഇലപ്പുള്ളി രോഗത്തെ പ്രതിരോധിക്കാൻ ഏത് മരുന്നാണ് ഉപയോഗിക്കേണ്ടതെന്ന കാര്യത്തിൽ കർഷകർക്ക് ആശങ്കയുണ്ട്.
കാസർകോട് കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം (സി.പി.സി.ആർ.ഐ.) അധികൃതർ മരുന്നുപ്രയോഗം സംബന്ധിച്ച നിർദേശങ്ങൾ നൽകിയിട്ടുണ്ടെങ്കിലും സമയബന്ധിതമായി അത് നടപ്പാക്കാൻ കഴിയുന്നില്ലെന്നാണ് പരാതി. അഞ്ച് ഘട്ടങ്ങളിലായി മരുന്ന് പ്രയോഗിച്ചാൽ മാത്രമേ ഫലപ്രദമായ നിയന്ത്രണം സാധ്യമാകൂവെന്നാണ് അധികൃതർ അറിയിച്ചത്.
രോഗപ്രതിരോധ മാർഗങ്ങളെക്കുറിച്ച് കർഷകർക്ക് ആവശ്യമായ അവബോധം ലഭിക്കാത്തതും പ്രതിസന്ധി വർധിപ്പിക്കുന്നു. രോഗവ്യാപനത്തിന്റെ കാരണം കണ്ടെത്താൻ കൃഷി വകുപ്പ് സമഗ്രമായ പഠനംനടത്തുകയും ഫലപ്രദമായ പ്രതിരോധമാർഗങ്ങളും ആവശ്യമായ സഹായങ്ങളും ഉറപ്പാക്കുകയുംവേണമെന്നാണ് കർഷകരുടെ ആവശ്യം.
കർഷകരുടെ പരാതിയെ തുടർന്ന് സി.പി.സി.ആർ.ഐ.യുടെ നേതൃത്വത്തിൽ നേരത്തേ പരിഹാരനിർദേശങ്ങൾ നൽകിയിരുന്നു. സന്നദ്ധ സംഘടനകളുടെ പരാതിയിൽ മുൻപ് തോട്ടവിള ഗവേഷണ കേന്ദ്രം അധികൃതർ കൃഷിയിടങ്ങൾ സന്ദർശിച്ചെങ്കിലും തുടർനടപടികളോ കർഷകർക്ക് ആവശ്യമായ സഹായങ്ങളോ ലഭിച്ചില്ലെന്നാണ് പരാതി.
Published: 13 Oct 2026, 04:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented