പരിയാരം : കടുത്ത വേനലിലും തെളിനീരൊഴുകുമായിരുന്ന പരിയാരം അലക്യം തോടിന് സുഗമമായി ഒഴുകണം. ദേശീയപാതാ വികസനപ്രവർത്തനങ്ങളുടെ ഭാഗമായി നിർമാണപ്രവർത്തനങ്ങൾ തകൃതിയായി നടക്കുമ്പോൾ ജീവശ്വാസം തേടുകയാണ് ഈ ജലസ്രോതസ്സ്.

To advertise here,

തോടിന്റെ ചിലഭാഗങ്ങൾ നേരത്തെ മണ്ണിട്ട് നികത്തിയിരുന്നു. ഇപ്പോൾ നേർത്ത് മെലിഞ്ഞ് കാടുകയറിയും മാലിന്യം നിറഞ്ഞും ഒഴുക്ക് നിലച്ചും നാശോന്മുഖമാകുകയാണ് അലക്യം തോട്.പരിയാരം പഞ്ചായത്തിന്റെ അതിർത്തിയിൽനിന്ന് ഉദ്ഭവിച്ച് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്, ആയുർവേദ കോളേജ്, എന്നിവയ്ക്ക് മുൻപിലൂടെ കടന്നുപോകുന്നു. ചെറുതാഴം, കടന്നപ്പള്ളി -പാണപ്പുഴ പഞ്ചായത്തുകളിലൂടെയാണ് തോട് കടന്നുപോകുന്നത്.ദേശീയപാതാ നിർമാണപ്രവർത്തനം തുടങ്ങിയതുമുതൽ തോടിന്റെ ഒഴുക്ക് നിലച്ചുതുടങ്ങി.

മഴക്കാലത്ത് വെള്ളപ്പൊക്കം

തോടിന്റെ പലഭാഗങ്ങളും മണ്ണ് മൂടിയനിലയിലാണ്. മഴക്കാലത്ത് വെള്ളംകയറി കരകവിഞ്ഞ് റോഡുകളും പരിസരപ്രദേശങ്ങളും വെള്ളത്തിലാവുന്നു. പരിസരത്തെ വീടുകളും വെള്ളത്തിലാകുന്ന നിലയുണ്ട്.

ഒഴുകുന്നത് മലിനജലം

രാത്രിയിൽ മാലിന്യം തള്ളലും വ്യാപകമാണ്. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്റെ സ്വീവേജ് പ്ലാൻറിൽനിന്ന്‌ ഒലിച്ചിറങ്ങുന്ന മലിനജലം റോഡുവഴി തോട്ടിലേക്കൊഴുകുന്നത് നിത്യകാഴ്ചയാണ്. മലിനജലമാണ് തോട്ടിലൂടെ ഒഴുകുന്നത്. സന്നദ്ധ സംഘടനകൾ ചേർന്ന് തോടിന്റെ ശുചീകരണവും മാലിന്യം തള്ളുന്നത് തടയാനുള്ള പ്രവർത്തനങ്ങളും നേരത്തെ നടത്തിയിരുന്നു.

വരുന്നു ട്രക്ക് വേ

തോടിന്റെ പരിസരത്ത് പഴയ ദേശീയപാത ഉണ്ടായിരുന്ന ഭാഗത്താണ് ദീർഘദൂര വാഹനങ്ങൾ നിർത്തിയിടാനുള്ള ട്രക്ക് വേ ഒരുങ്ങുന്നത്. ദീർഘദൂര വാഹന ഡ്രൈവർമാർക്കും യാത്രക്കാർക്കും വിശ്രമിക്കാനുള്ള ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടങ്ങൾ നിർമിക്കാനുള്ള പദ്ധതിയാണുള്ളത്. അത്യാധുനിക സൗകര്യങ്ങൾകൂടി വരുമ്പോഴുള്ള മാലിന്യ സംസ്കരണ പ്രവർത്തനങ്ങളും കൃത്യമായി നടപ്പാക്കണം.ആസ്പത്രികൾക്കുപുറമെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ദേവാലയങ്ങളും ഈ പരിസരത്തുണ്ട്. ദേശീയപാതാ നിർമാണം പൂർത്തിയാകുമ്പോഴേക്കും നാടിന്റെ ജലസ്രോതസ്സിനെ കൂടി വീണ്ടെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.