മഞ്ചേശ്വരം : ദക്ഷിണ റെയിൽവേയുടെ പാലക്കാട് ഡിവിഷനിൽനിന്ന് മംഗളൂരു മേഖല മൈസൂരുവിൽ ലയിപ്പിച്ചതോടെ ദക്ഷിണ റെയിൽവേയുടെ അതിർത്തി സ്റ്റേഷനായ മഞ്ചേശ്വരം ഉൾപ്പെടെയുള്ള സ്റ്റേഷനുകൾ വികസന പ്രതീക്ഷയിലാണ്. മംഗളൂരു പാലക്കാട് ഡിവിഷനിൽനിന്ന് വിഭജിച്ചതോടെ കേരള അതിർത്തിക്കുള്ളിൽ ഒരു ടെർമിനൽ സ്റ്റേഷൻ അത്യാവശ്യമായി വന്നിരിക്കുകയാണ്. തെക്കോട്ടേക്കുള്ള യാത്രയിൽ കേരളത്തിന്റെ കവാടവും വടക്കോട്ട് ഏറ്റവും അവസാനത്തെ സ്റ്റേഷനെന്ന പ്രത്യേകതയും മഞ്ചേശ്വരത്തിനുണ്ട്. മാത്രമല്ല ഭൂമിലഭ്യത, നിലവിൽ ഒരു സ്റ്റേബ്ളിങ് ലൈൻ, ദേശീയപാതയിലേക്ക് എളുപ്പമെത്താൻ പറ്റുന്ന സാഹചര്യം എന്നിവയെല്ലാം പരിഗണിച്ചാൽ ടെർമിനൽ സ്റ്റേഷന് എന്തുകൊണ്ടും അനുയോജ്യമാണിവിടം.
ഇപ്പോൾത്തന്നെ മംഗളൂരുവിലെ സ്ഥലപരിമിതി മൂലം ട്രെയിൻ കോച്ചുകളും ചില ട്രെയിനുകളും ദിവസങ്ങളോളം മഞ്ചേശ്വരത്ത് നിർത്തിയിടുന്നുണ്ട്. മറ്റ് വികസന പ്രവർത്തനങ്ങൾക്കൊന്നും കാര്യമായി ഉപയോഗിക്കാതെ 35 ഏക്കറോളം റെയിൽവേഭൂമി ഇവിടെയുണ്ട്. ഇത് അടിസ്ഥാനസൗകര്യ വികസനത്തിന് ഉപയോഗിക്കണമെന്നാണ് നാടിന്റെ ആവശ്യം.
വേണം കൂടുതൽ തീവണ്ടികൾ
നിലവിൽ കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുന്ന പാലക്കാട്-കണ്ണൂർ, കോയമ്പത്തൂർ-കണ്ണൂർ തുടങ്ങിയ ട്രെയിനുകൾ മഞ്ചേശ്വരം വരെ നീട്ടുകയും യാത്രക്കാർ ഏറെയുള്ള രാവിലെയും വൈകിട്ടും പുതിയ മെമു സർവീസുകൾ ആരംഭിക്കുകയും ചെയ്താൽ കണ്ണൂരിനും മംഗളൂരുവിനുമിടയിലുള്ള യാത്രാദുരിതത്തിന് ഒരളവോളം അറുതിയാകും.
ദേശീയപാത യാഥാർഥ്യമായതോടെ മംഗളൂരുവിന്റെ കിഴക്കൻ ഭാഗങ്ങളായ ദെർളക്കട്ടെ, മഞ്ഞനാടി, മുടിപ്പൂ തുടങ്ങിയ സ്ഥലങ്ങളിലേക്ക് വിദ്യാർഥികളും ആസ്പത്രികൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് യാത്രയ്ക്കായി നൂറുകണക്കിനാളുകളും മഞ്ചേശ്വരത്ത് ട്രെയിനിറങ്ങി ദേശീയപാതവഴി കടന്നു പോകുന്നുണ്ട്.
അടിസ്ഥാന സൗകര്യമൊരുക്കണം
ടെർമിനൽ സ്റ്റേഷനായി പരിഗണിക്കുന്നില്ലെങ്കിൽ മഞ്ചേശ്വരത്ത് സ്റ്റേബ്ലിങ് ലൈനുകൾ വർധിപ്പിക്കാൻ നടപടിയുണ്ടാകണം. കൂടാതെ ലോക്കോ റണ്ണിങ് റൂം, ഗുഡ്സ് ഷെഡ്, വിശ്രമമുറി, സ്റ്റാഫ് ക്വാർട്ടേഴ്‌സ്, ട്രെയിനുകളുടെ അറ്റകുറ്റപ്പണിക്ക് വേണ്ടി പുതിയ ടെർമിനൽ സൗകര്യം എന്നിവ ഒരുക്കണം. ഇത് സാധ്യമായാൽ നിലവിലെ അവസ്ഥയിൽനിന്ന് ബഹുദൂരം മുന്നേറാൻ കഴിയുമെന്ന് യാത്രക്കാരും നാട്ടുകാരും പറയുന്നു. ദക്ഷിണ റെയിൽവേ ഡിവിഷണൽ മാനേജർ മധുകർ റൗട്ട് കഴിഞ്ഞദിവസം മഞ്ചേശ്വരത്ത് എത്തിയപ്പോൾ പാസഞ്ചേഴ്‌സ് അസോസിയേഷൻ ഭാരവാഹികളും യാത്രക്കാരും മഞ്ചേശ്വരത്തിന്റെ ഭാവിവികസനം സംബന്ധിച്ച കാര്യങ്ങൾ അദ്ദേഹത്തെ ധരിപ്പിച്ചിരുന്നു. ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് അധികൃതർ പറഞ്ഞതിലാണ് പ്രതീക്ഷ.
Published: 04 Oct 2026, 04:13 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented