പഴയങ്ങാടി : പുതിയ പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് മധ്യഭാഗത്തെ സ്പാൻ പ്രവൃത്തി ആരംഭിക്കുന്നതിന് മുന്നോടിയായുള്ള ആഴ പരിശോധന തുടങ്ങി. പഴയങ്ങാടി പാലത്തിന്റെ പൈലിങ് പ്രവൃത്തികൾ നേരേത്തപൂർത്തികരിച്ചിരുന്നെങ്കിലും പാലത്തിന്റെ മധ്യഭാഗത്തെ പ്രവൃത്തി സാങ്കേതികതടസ്സം കാരണം നീണ്ടുപോകുകയായിരുന്നു. ഇവിടെ സ്ലാബ് പ്രവൃത്തി ആരംഭിക്കുന്നതിന് അഡീഷണൽ സ്റ്റേജിങ് ആവശ്യമായി വരുമെന്ന പ്രാഥമിക വിലയിരുത്തൽ ഉണ്ടായിരുന്നു. ഇത് ഉറപ്പുവരുത്തുന്നതിന് പുഴയുടെ ആഴം പരിശോധിക്കണമെന്ന് ഉദ്യോഗസ്ഥതലത്തിൽ നിർദേശമുണ്ടായി. ഇതേത്തുടർന്ന് പാലം പണി അനന്തമായി നീളുന്ന സാഹചര്യത്തിൽ ജനങ്ങൾ വലിയ പ്രതിഷേധത്തിലാണെന്നും അടിയന്തരമായി ഇത് പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് എം.വിജിൻ എം.എൽ.എ. പൊതുമരാമത്ത് മന്ത്രിക്ക് കത്ത് നൽകി.
തൃശ്ശൂർ കേരള എൻജിനിയറിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡെപ്യൂട്ടി ഡയറക്ടർ സി.ജെ.ദിവ്യ, അസി. ഡയറക്ടർ കെ.വി.ജയശ്രീ, റിസർച്ച് അസിസ്റ്റന്റ് കെ.കെ.കൃഷ്ണൻ, കെ.ആർ.എഫ്.ബി. അസി. എക്സിക്യൂട്ടീവ് എൻജിനീയർ അനസ് അഷ്റഫ് എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് സർവേ ആരംഭിച്ചത്.
പിലാത്തറ-പഴയങ്ങാടി പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡിൽ പഴയങ്ങാടി കുപ്പം പുഴയ്ക്ക് നിലവിലുള്ള പാലത്തിന് സമാന്തരമായിട്ടാണ് പുതിയ പലത്തിന്റെ നിർമാണം. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 18.51 കോടി രൂപയാണ് പാലം നിർമിക്കാൻ സംസ്ഥാന സർക്കാർ അനുവദിച്ചത്.
ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധനത്തിന് ഒരു തടസ്സവും ഇല്ലാത്ത നിലയിൽ അവരുടെ ആശങ്ക പരിഗണിച്ച് പുഴയിൽ മണ്ണ് നിക്ഷേപിക്കാതെയും ഒഴുക്ക് തടസ്സപ്പെടുത്താതെയുമാണ്
പൊതുമരാമത്ത് വകുപ്പ് കേരള റോഡ് ഫണ്ട് ബോർഡ് മുഖേന ജാസ്മിൻ കൺസ്ട്രക്ഷൻ പ്രവൃത്തി ആരംഭിച്ചത്.
ഒൻപത് സ്പാനുകളായി 246.15 മീറ്റർ നീളത്തിൽ നിർമിക്കുന്ന പാലത്തിന് ജലഗതാഗത സൗകര്യത്തിനായി 55.05 മീറ്റർ നീളത്തിൽ മധ്യഭാഗ സ്പാനും നിർമിക്കും. പ്രീ സ്ട്രെസ്ഡ് കോൺക്രീറ്റ് ഗർഡർ, സോളിഡ് സ്ലാബ് ടൈപ്പിൽ നിർമിക്കുന്ന പാലത്തിന് 11 മീറ്റർ വീതിയും ഇരുഭാഗത്തും 1.5 മീറ്റർ നടപ്പാതയുമുണ്ടാകും. പഴയങ്ങാടി ഭാഗത്ത് 98 മീറ്ററും, താവം ഭാഗത്ത് 108 മീറ്ററും നീളത്തിൽ 11 മീറ്റർ വീതിയിൽ അനുബന്ധ റോഡും നിർമിക്കും. 66 പൈലുകളിൽ 66-ഉം 10 പൈൽ ക്യാപ്പ് പ്രവൃത്തിയിൽ എട്ട് എണ്ണവും പൂർത്തിയായി.
Published: 04 Oct 2026, 04:04 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented