കള്ളനാക്കപ്പെട്ടവന്റെ ആത്മസംഘർഷങ്ങളുമായി 'പെർഫ്യൂം'
ഉദിനൂർ : ഏകപാത്ര നാടകവേദിയിൽ വിസ്മയങ്ങൾ തീർക്കുന്ന അപ്പുണ്ണി ശശി പുതിയ ഏകാംഗനാടകവുമായി അരങ്ങിലേക്ക്. കള്ളനാക്കപ്പെട്ടവന്റെ ആത്മസംഘർഷങ്ങൾ വ്യത്യസ്തമായ അഞ്ചുവേഷങ്ങളിലൂടെ അവതരിപ്പിക്കുന്ന 'പെർഫ്യൂം' എന്ന നാടകത്തിന്റെ ആദ്യാവതരണം ഉദിനൂരിൽ നടന്നു.
ഭക്ഷണം കഴിക്കാൻപോലും നിവൃത്തിയില്ലാത്ത അവസ്ഥയിൽ കള്ളനാകേണ്ടിവന്നതോടെ സമൂഹത്തിൽനിന്ന് ഒറ്റപ്പെട്ട യുവാവിന് ജീവിതത്തിൽ വന്നുചേരുന്ന ദുരന്തങ്ങൾ അഞ്ചുവേഷങ്ങളിലൂടെയാണ് ആസ്വാദകരിലേക്കെത്തിക്കുന്നത്.
കള്ളൻ, അധ്യാപകൻ, അമ്മ, പെരുംകള്ളൻ, ഭാര്യ എന്നിങ്ങനെയുള്ള വേഷപ്പകർച്ചകളിലൂടെ ഒന്നേകാൽ മണിക്കൂർനേരം കഥാപാത്രങ്ങളുടെ ഉൾക്കാമ്പ് ശരീരഭാഷ, ശബ്ദവിന്യാസം, വേഷം എന്നിവയിലെ വ്യതിയാനങ്ങളിലൂടെയാണ് നാടകം ആസ്വാദകരിലേക്കെത്തിക്കുന്നത്.
ഒരേവേദിയിൽ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അപ്പുണ്ണി ശശിയുടെ പ്രകടനങ്ങൾ നാടകാസ്വാദകർക്ക് വേറിട്ട അനുഭവമാണ്. ‘അപ്പുണ്ണികളുടെ റേഡിയോ’, ‘അപ്പുണ്ണികളുടെ നാളെ’, ‘തിരഞ്ഞെടുപ്പ്’, ‘ചക്കരപ്പന്തൽ’ തുടങ്ങിയ നാടകങ്ങളാണ് ശ്രദ്ധേയമായ അവതരണങ്ങൾ. ഇതുവരെ നാല് കഥാപാത്രങ്ങളെയായിരുന്നു പരമാവധി ഒരുനാടകത്തിൽ അവതരിപ്പിച്ചിരുന്നത്. അപ്പുണ്ണികളുടെ റേഡിയോ 5000 വേദികളിലും ചക്കരപ്പന്തൽ 28 വർഷം കൊണ്ട് 3500 വേദികളിലും അവതരിപ്പിച്ചു.
കഥാപാത്രങ്ങളുടെ ശബ്ദം, നടപ്പ്, ശരീരഭാഷ, മുഖഭാവം എന്നിവയിലൂടെ നിമിഷനേരം കൊണ്ടുവരുന്ന വേഷപ്പകർച്ച സിനിമയിലേക്കും വഴിതുറന്നു. ഹർഷാദിന്റെ തിരക്കഥയിൽ രത്തീന സംവിധാനം ചെയ്ത ‘പുഴു’ എന്ന ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു. പാലേരി മാണിക്യം, പ്രാഞ്ചിയേട്ടൻ ആൻഡ് ദ സെയിന്റ്, ഇന്ത്യൻ റുപ്പി, മുന്നയിപ്പ്, ബാവൂട്ടിയുടെ നാമത്തിൽ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
അപ്പുണ്ണി ശശി തന്നെ രചന നിർവഹിച്ച നാടകം സംവിധാനം ചെയ്തത് ഇ.വി. ഹരിദാസാണ്. കോഴിക്കോട് ജനം നാടകവേദിയാണ് അവതരണം. അർജുൻ വെള്ളിക്കോത്താണ് സംഗീതം നിയന്ത്രിക്കുന്നത്. ഉദിനൂർ തിയറ്റർ വില്ലേജ് സംഘടിപ്പിച്ച ആദ്യാവതരണത്തിൽ നിരവധിപ്പേർ പങ്കെടുത്തു.
Published: 04 Oct 2026, 04:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented