സംഭരണശേഷി 60 മെഗാവാട്ട് അവർ; 15 മെഗാവാട്ട് വൈദ്യുതി നാലുമണിക്കൂർ നൽകാനാകും

To advertise here,

മുള്ളേരിയ: ജില്ലയിലെ വൈദ്യുതിമേഖലയിലെ നിർണായക പദ്ധതിയായ മുള്ളേരിയ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (ബെസ്) കമ്മിഷനിങ്ങിന്റെ അവസാനഘട്ടത്തിൽ. 15 മെഗാവാട്ട് വൈദ്യുതി ശേഷിയും 60 മെഗാവാട്ട് അവർ (എം.ഡബ്ല്യുഎച്ച്.) സംഭരണശേഷിയുമുള്ള പദ്ധതിയുടെ പ്രധാന നിർമാണപ്രവർത്തനങ്ങൾ പൂർത്തിയായി. വിദഗ്ധരുടെ പരിശോധനയും അനുമതിയും ലഭിക്കുന്നതോടെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനം തുടങ്ങും.

മുള്ളേരിയ കെ.എസ്.ഇ.ബി. സബ്‌സ്റ്റേഷനോടു ചേർന്നുള്ള സ്ഥലത്താണ് പദ്ധതി പൂർത്തിയായത്. പകൽ സമയത്ത് ഗ്രിഡിൽ ലഭ്യമാകുന്ന അധിക വൈദ്യുതി ബാറ്ററിയിൽ സംഭരിച്ച് വൈദ്യുതി ആവശ്യകത ഉയരുന്ന പീക്ക് സമയത്ത് തിരികെ ഗ്രിഡിലേക്ക് നൽകുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പൂർണ ശേഷിയിൽ പ്രവർത്തിക്കുമ്പോൾ 15 മെഗാവാട്ട് വൈദ്യുതി ഏകദേശം നാലുമണിക്കൂർ വരെ ഗ്രിഡിലേക്കു നൽകാൻ കഴിയുന്ന സംവിധാനമാണിത്.

എൻ.എച്ച്.പി.സി.യാണ് പദ്ധതിയുടെ നിർവഹണ ഏജൻസി. ‘ഓപ്പറ എനർജി പ്രൈവറ്റ് ലിമിറ്റഡി’നാണ് പദ്ധതിയുടെ നിർമാണച്ചുമതല. പവർ ട്രാൻസ്ഫോർമർ, ഇൻവെർട്ടർ സ്ഥാപിക്കൽ തുടങ്ങിയ പ്രധാന ജോലികൾ നേരത്തേ പൂർത്തിയാക്കിയിരുന്നു. ഉപകരണങ്ങളുടെ പരിശോധനയും നടത്തിയിരുന്നു. വൈദ്യുതിസംഭരണ സംവിധാനത്തിന്റെ പ്രവർത്തനക്ഷമത ഉറപ്പാക്കുന്നതിനുള്ള പരിശോധനകളാണ് ബാക്കിയുള്ളത്.

സംഭരിച്ച വൈദ്യുതി കെ.എസ്.ഇ.ബി. ഗ്രിഡിലേക്ക് കൈമാറാനായി മുള്ളേരിയ സബ്‌സ്റ്റേഷനിൽ വിപുലീകരണ പ്രവർത്തനവും നടത്തിയിരുന്നു. ഗ്രിഡിലേക്ക് ബന്ധിപ്പിക്കാനുള്ള പണികളാണ് ഇപ്പോൾ നടക്കുന്നത്. ഒരുമാസത്തിനുള്ളിൽ വൈദ്യുതി ഇൻസ്പെക്ടറേറ്റിന്റെ പരിശോധനയും അനുമതിയും ലഭിച്ചശേഷം പരീക്ഷണാടിസ്ഥാനത്തിൽ വൈദ്യുതി സംഭരിക്കുകയും ഗ്രിഡിലേക്ക് നൽകുകയും ചെയ്യും. തുടർന്ന് വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവർത്തനത്തിലേക്ക് കടക്കാനാണ് ലക്ഷ്യമിടുന്നത്.