ഈ റോഡ് ഒന്ന് ശരിയാക്കിത്തരണേ...

To advertise here,

ചെമ്മട്ടംവയൽ : മാസങ്ങൾക്കുമുൻപ് തകർന്ന റോഡിൽ കാൽനടപോലും ദുസ്സഹമായിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ല. അമ്പലത്തുകര അത്തിക്കോത്ത് കാനം കുളിയൻമരം-ദേശീയപാത റോഡാണ് മാസങ്ങളായി തകർന്നുകിടക്കുന്നത്. ചെമ്മട്ടംവയൽ കുറ്റിക്കാൽ റോഡിൽ മഴക്കാലത്ത് വെള്ളകെട്ട് സംഭവിച്ചാൽ അമ്പലത്തുകരയിലേക്കുള്ള സ്‌കൂൾ വാഹനങ്ങൾ അടക്കം ആശ്രയിക്കുന്നത് ഈ പാതയെയാണ്. റോഡിൽ മിക്കയിടങ്ങളിലും ടാറിങ് പൂർണമായും ഇളകി കുഴികൾ നിറഞ്ഞ നിലയിലാണ്.കാഞ്ഞങ്ങാട് നഗരസഭ 10, 12 വാർഡുകളിൽ ഉൾപ്പെടുന്നതാണ് ആറുകിലോമീറ്ററോളം വരുന്ന ഈ റോഡ്. റോഡിൽ ഓവുചാൽ സംവിധാനമില്ലാത്തതും സമീപ പറമ്പുകളിലെ മരങ്ങൾ റോഡിലേക്ക് വളർന്നതും റോഡിന്റെ തകർച്ചയുടെ കാരണമായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. മഴക്കാലത്ത് സമീപ പറമ്പുകളിൽനിന്നും റോഡുകളിൽ നിന്നും കുത്തിയൊലിച്ചെത്തുന്ന വെള്ളം മിക്കയിടങ്ങളിലും പൂർണമായും റോഡിലൂടെയാണ് ഒഴുകിപോകുന്നത്. മഴവെള്ളത്തിനൊപ്പം കല്ലും ചരലും ഒഴുകിയെത്തുന്നതും റോഡിന്റെ തകർച്ചയ്ക്ക് ആക്കംകൂട്ടുന്നു. വർഷങ്ങളായി റോഡിൽ അറ്റകുറ്റപ്പണികളൊന്നും നടന്നിട്ടില്ലെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഈ ഭാഗത്തേക്ക് ഇതുവരെ കുടിവെള്ള പൈപ്പ്‌ലൈനും എത്തിയിട്ടില്ല. വേനലിൽ കടുത്ത കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന പ്രദേശം കൂടിയാണിത്. റോഡ് വീതികൂട്ടി ഓവുചാൽ സംവിധാനമൊരുക്കി നവീകരിക്കണമെന്ന് ആർ.ജെ.ഡി. ജില്ലാ കമ്മിറ്റി അംഗം ശശിധരൻ അത്തിക്കോത്ത് ആവശ്യപ്പെട്ടു.