അഴീക്കൽ : അഴീക്കൽ കടവിലെ ബോട്ടുജെട്ടിയുടെ പുനർനിർമാണം അവസാനഘട്ടത്തിൽ. 2027 മാർച്ചിനകം തുറന്നുകൊടുക്കുമെന്നാണ് പറയുന്നത്. രണ്ടരവർഷം മുമ്പാണ് പഴയ ജെട്ടി പൊളിച്ച് പുതിയതിന്റെ പണി ആരംഭിച്ചത്. ഇടയ്ക്ക് ഫണ്ട് കിട്ടാത്ത പ്രശ്നം, പുഴയിലെ മഴക്കാല ജലനിരപ്പ് ഉയർന്നത്‌...ഇവ പണി വൈകുന്നതിനിടയാക്കി. സംസ്ഥാന ജലഗതാഗതവകുപ്പിന്റെ അഴീക്കൽ-മാട്ടൂൽ കടത്തുബോട്ട് സർവീസ് നിലവിലുണ്ട്. മാട്ടൂൽ-അഴീക്കൽ-വളപട്ടണം പറശ്ശിനിക്കടവിലേക്കും വേറൊരു ബോട്ട് സർവീസുമുണ്ട്. ഇതിപ്പോൾ സർവീസ് നടത്തുന്നില്ല.

To advertise here,

യാത്രക്കാരുടെ സൗകര്യാർഥം കെ.വി. സുമേഷ് എം.എൽ.എ. ഇടപെട്ട് 79 ലക്ഷം രൂപ കടവിന് അനുവദിച്ചിരുന്നു. ഉൾനാടൻ ജലഗതാഗതവകുപ്പിനാണ് നിർമാണച്ചുമതല. തൊട്ടടുത്ത മറ്റൊരു ജെട്ടിയിലാണ് ഇപ്പോൾ ബോട്ട് അടുക്കുന്നത്. മാട്ടൂലിൽനിന്നും അഴീക്കലിൽനിന്നും സ്കൂൾ കുട്ടികൾ, ജീവനക്കാർ, തൊഴിലാളികളടക്കം നിരവധി യാത്രക്കാരുണ്ട്. മാട്ടൂലിലേക്ക് പോകാൻ കണ്ണൂരിൽനിന്ന് അഴിക്കലിൽ ബസിറങ്ങി ബോട്ട് കടവിലെത്തുകയാണ് പലരും. 10 മിനുട്ടിനുള്ളിൽ അഴീക്കലിൽനിന്ന് ബോട്ടിൽ മാട്ടൂലിലെത്താനാകും. 10 രൂപയാണ് യാത്രാക്കൂലി. കണ്ണൂർ, വളപട്ടണം ഭാഗങ്ങളിൽനിന്ന് 30 രൂപയോളം കൊടുത്ത് 25-ഉം 20-ഉം കിലോമീറ്റർ താണ്ടി ബസിന് പോകേണ്ട ആവശ്യം വരുന്നില്ല. സമയവും പണവും ലാഭിക്കാനാകും.