മട്ടന്നൂർ : പഴശ്ശി സ്മൃതിമന്ദിരത്തിന്റെ രണ്ടാംഘട്ട നവീകരണപ്രവൃത്തികൾ വൈകുന്നു. സ്മൃതിമന്ദിരത്തെ വിപുലപ്പെടുത്തി ചരിത്രഗവേഷണകേന്ദ്രമാക്കിമാറ്റുന്നതിനാണ് പദ്ധതി തയ്യാറാക്കിയിരുന്നത്.
ആദ്യഘട്ടമായി മന്ദിരത്തിന്റെ പിൻഭാഗത്തുള്ള സ്ഥലം ഏറ്റെടുത്ത് ഓപ്പൺസ്റ്റേജും മതിലും നിർമിച്ചിരുന്നു. രണ്ടാംഘട്ടത്തിൽ ചരിത്രമ്യൂസിയം, ചുമർചിത്രങ്ങൾ, വിശ്രമകേന്ദ്രം, കുട്ടികൾക്ക് കളിസ്ഥലം, ഭക്ഷണശാല എന്നിവയാണ് നിർമിക്കേണ്ടത്.പ്രവൃത്തിനിലച്ചതോടെ പഴശ്ശി സ്മൃതിമന്ദിരവും പരിസരവും കാടുകയറിയനിലയിലായിരുന്നു. പിന്നീട് നഗരസഭാധികൃതർ ഇടപെട്ടാണ് ഇവിടം ശുചീകരിച്ചത്.
മന്ദിരത്തിന് മുന്നിൽ റോഡരികിലായി ബസ് ഷെൽട്ടറും സ്ഥാപിച്ചു.കിഫ്ബിയിൽനിന്ന് 2.64 കോടി രൂപ ചെലവിട്ടാണ് ടൂറിസംവകുപ്പിന്റെ നേതൃത്വത്തിൽ പഴശ്ശി സ്മൃതിമന്ദിരം നവീകരിക്കുന്നത്.
തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രവൃത്തി നടത്തുന്നത്. ഈ മാർച്ചിലാണ് ആദ്യഘട്ട നവീകരണപ്രവൃത്തി പൂർത്തിയാക്കി ഉദ്ഘാടനം നടത്തിയത്.പഴശ്ശിരാജയുടെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തെക്കുറിച്ച് പുതിയതലമുറയ്ക്ക് മനസ്സിലാക്കാൻ കഴിയുന്നവിധത്തിൽ മ്യൂസിയം ഉൾപ്പെടെ സ്ഥാപിക്കാൻ പദ്ധതിയുണ്ട്.
കെ.ഐ.ഐ.ഡി.സി.യാണ് നവീകരണ പ്രവൃത്തിയുടെ പദ്ധതിരേഖ തയ്യാറാക്കിയത്. നഗരസഭ ഏറ്റെടുത്ത് ടൂറിസം വകുപ്പിന് കൈമാറിയ സ്ഥലമാണിത്.2014-ലാണ് പഴശ്ശിയിൽ പഴശ്ശിരാജയുടെ കോവിലകം സ്ഥിതിചെയ്തിരുന്ന സ്ഥലത്ത് കൂത്തമ്പലത്തിന്റെ മാതൃകയിൽ സ്മൃതിമന്ദിരം പണിതത്. പിന്നീട് 2016-ൽ സ്മൃതിമന്ദിരത്തിൽ പഴശ്ശിരാജയുടെ വീട്ടിത്തടികൊണ്ടുള്ള പ്രതിമയും സ്ഥാപിച്ചു.
പഴശ്ശിരാജയുടെ ബ്രീട്ടീഷ് വിരുദ്ധ പോരാട്ടം ഉൾപ്പടെ ഇവിടെ ചുമർചിത്രങ്ങളായി അവതരിപ്പിച്ചിട്ടുണ്ട്.തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ടൂറിസം സർക്യൂട്ട് സ്ഥാപിക്കാനും മുമ്പ് പദ്ധതി തയ്യാറാക്കിയിരുന്നു.
ഉരുവച്ചാലിൽ നിർമിക്കുന്ന കലാ-സാംസ്കാരിക കേന്ദ്രത്തിലും പഴശ്ശി മൗണ്ടെയ്ൻ എന്ന പേരിൽ അഡ്വഞ്ചർ പാർക്കും മറ്റു സംവിധാനങ്ങളും ഒരുക്കുന്നുണ്ട്.
Published: 20 Nov 2026, 04:01 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented