ഇരിട്ടി : തലശ്ശേരി-വളവുപാറ കെ.എസ്.ടി.പി. റോഡ് നവീകരണത്തിന്റെ ഭാഗമായി സ്ഥാപിച്ച സോളാർ തെരുവുവിളക്കുകളെല്ലാം തണ്ടൊടിഞ്ഞും തുരുമ്പിച്ചും നശിച്ചുകഴിഞ്ഞു. ഒൻപതുകോടി രൂപ മുടക്കി സ്ഥാപിച്ച തെരുവുവിളക്കുകളെല്ലാം ഒരുവർഷംപോലും പ്രകാശിക്കാതെയാണ് മിഴിയടച്ചത്.

To advertise here,

വഴിവിളക്കുകളുടെ ബാറ്ററികളും സോളാർപാനലുകളും തൂണുകളും ഇരിട്ടി പൊതുമരാമത്ത് വകുപ്പ് ഓഫീസ് കോമ്പൗണ്ടിൽ കൂട്ടിയിട്ടിരിക്കുകയാണ്.

തലശ്ശേരി മുതൽ വളവുപാറ വരെ 53 കിലോമീറ്റർ ദൂരത്തിൽ 947 സോളാർ വഴിവിളക്കുകളാണ് സ്ഥാപിച്ചത്. തൂൺ, ബാറ്ററി, സോളാർപാനൽ എന്നിവ ഉൾപ്പെടെ ഒരുവിളക്കിന് 95,000 രൂപയായിരുന്നു ചെലവ്. ആകെ ഒൻപത് കോടിയിലധികം രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്. സ്ഥാപിച്ച് മാസങ്ങൾ പിന്നിടുംമുൻപേ വഴിവിളക്കുകൾ പലതും പ്രവർത്തനരഹിതമായി. പദ്ധതിയിൽ വൻ അഴിമതി നടന്നിട്ടും ഒരന്വേഷണംപോലും ഉണ്ടായില്ല. വാഹനങ്ങൾ ഇടിച്ച് തകർന്ന വഴിവിളക്കുകൾക്ക് പുറമെ ബാറ്ററികൾ സ്ഥാപിച്ച കവചങ്ങൾ തുരുമ്പെടുത്ത് നശിച്ചതോടെ ബാറ്ററികൾ താഴെവീഴുന്ന അവസ്ഥയുമുണ്ട്. ഇത്തരത്തിൽ കേടുപാടുകൾ സംഭവിച്ച നൂറിലധികം വഴിവിളക്കുകളുടെ തൂണുകളും സോളാർപാനലുകളുമാണ് പൊതുമരാമത്ത് വകുപ്പ് ഓഫീസ് കോമ്പൗണ്ടിലേക്ക് നാട്ടുകാരുടെ നിരന്തരപരാതികൾക്കിടയിൽ എടുത്തുമാറ്റിയത്. ഓഫീസ് വളപ്പിൽ കൂട്ടിയിട്ടിരിക്കുന്ന നൂറിലധികം ബാറ്ററികളും വെയിലും മഴയുമേറ്റ് നശിക്കുകയാണ്. ലക്ഷങ്ങൾ വിലമതിക്കുന്ന ഉപകരണങ്ങൾ അറ്റകുറ്റപ്പണി നടത്തി വീണ്ടും ഉപയോഗിക്കാനുള്ള നടപടികളും ഉണ്ടായിട്ടില്ല. കോടികൾ ചെലവഴിച്ച് സ്ഥാപിച്ച വഴിവിളക്കുകൾ പെട്ടെന്ന് പ്രവർത്തനരഹിതമായതിന്റെ കാരണമെന്താണെന്ന് ഒരന്വേഷണംപോലും ഉണ്ടായില്ല. ഉപകരണങ്ങളുടെ ഗുണമേന്മപോലും ഉറപ്പുവരുത്താതെയാണ് സ്ഥാപിച്ചത്. ഇതിൽ വൻ അഴിമതിയുണ്ടെന്ന ആരോപണം ഉയർന്നപ്പോഴും പരിശോധന നടത്താൻപോലും പൊതുമരാമത്ത് അധികൃതർ തയ്യാറായിരുന്നില്ല. 350 കോടിയുടെ കെ.എസ്.ടി.പി. റോഡ് വികസനത്തിലെ അഴിമതിയുടെ കാണാപ്പുറങ്ങളാണ് ഇപ്പോൾ പൊതുമരാമത്ത് വകുപ്പിന്റെ കോമ്പൗണ്ടിൽ വെയിലിനോടും മഴയോടും പൊരുതുന്നത്.

ഇരിട്ടി ഉൾപ്പെടെയുള്ള ഏഴ് പാലങ്ങളും റോഡും നവീകരിച്ച് കെ.എസ്.ടി.പി. പൊതുമരാമത്ത് വകുപ്പിന് കൈമാറി. എന്നാൽ, ഏറെക്കാലം പ്രവർത്തിക്കാനുള്ള ശേഷി ഒൻപത് കോടിയുടെ തെരുവുവിളക്കുകൾക്ക് ഉണ്ടായിരുന്നില്ല. ഇരിട്ടി ടൗൺ ഉൾപ്പെടെ പ്രധാന നഗരങ്ങളെ ഏറെക്കാലം ഇരുട്ടിൽ നിർത്തിയ പദ്ധതിയെ അധികൃതർ മറന്നെങ്കിലും പൊതുജനങ്ങൾ തണ്ടൊടിഞ്ഞ് നിൽക്കുന്ന തൂണുകളും തൂണിൽ തൂങ്ങിയ സോളാർബാറ്ററിയും എളുപ്പം മറക്കില്ല. ഉപകരണങ്ങൾ നശിക്കുന്നതിന് മുൻപ് അറ്റകുറ്റപ്പണി നടത്താനോ പകരംസംവിധാനം ഒരുക്കാനോ അധികൃതർക്ക് കഴിയുന്നില്ല. പദ്ധതിയിലെ വീഴ്ചകൾ അന്വേഷിച്ച് ഉത്തരവാദികളിൽനിന്ന് വിശദീകരണം തേടണമെന്ന ആവശ്യം ഇപ്പോഴും ശക്തമാണ്.