നീലേശ്വരം : നഗരസഭയായി ഉയർന്ന് ഒന്നരപതിറ്റാണ്ട് കഴിഞ്ഞിട്ടും പഞ്ചായത്ത്കാലത്തെ ഗരിമയും സൗകര്യങ്ങളുമില്ലാതെ നീലേശ്വരം നഗരസഭാ മീൻമാർക്കറ്റ്. ദേശീയപാതയിലെ മാർക്കറ്റ് കവലയിൽനിന്ന് അല്പം മാറിയാണ് മീൻമാർക്കറ്റ് പ്രവർത്തിക്കുന്നത്. ഏറ്റവുമൊടുവിൽ കഴിഞ്ഞ ജൂലായ് 17-ന് ആകെ ഉണ്ടായിരുന്ന പ്ലാസ്റ്റിക് മേൽക്കൂരയും കീറിപ്പറിഞ്ഞ്‌ വീണതോടെ ദുരവസ്ഥയിൽതന്നെയാണ് ഇവിടുത്തെ മീൻവിതരണ തൊഴിലാളികൾ. വെള്ളം കനത്തുതൂങ്ങിനിന്നാണ് ഇത് തകർന്നത്. നേരത്തേ നീലേശ്വരം പുഴയോരത്തോട് ചേർന്ന് പ്രവർത്തിച്ചിരുന്ന മാർക്കറ്റ് ദേശീയപാതയുടെ പണികൾ ഉഷാറായതോടെ മാർക്കറ്റ് കവലയ്ക്ക് സമീപം ചെറുവത്തൂർ ഭാഗത്തേക്ക് ബസ് തിരിയുന്നതിനടുത്തേക്ക് മാറ്റുകയായിരുന്നു. ദേശീയപാതയുടെ പണി കഴിയുന്നതോടെ സൗകര്യപ്രദമായ സ്ഥിരംസംവിധാനം ഒരുക്കിത്തരാമെന്ന നഗരസഭയുടെ ഉറപ്പിന്മേലാണ് ധീവരസഭ ഇടപെട്ട് പ്ലാസ്റ്റിക് മേൽക്കൂരയൊരുക്കി മീൻവിതരണ തൊഴിലാളികളെ ഇവിടെയാക്കിയത്. എന്നാൽ, നീലേശ്വരത്തെ ദേശീയപാതാ നിർമാണം ഇഴഞ്ഞുനീങ്ങുന്നതിനിടെ ഇവിടെ മീനുമായി എത്തുന്ന വിതരണതൊഴിലാളികളുടെ എണ്ണം വീണ്ടും കുറഞ്ഞു. നഗരസഭയുടെ വാക്ക് വിശ്വസിച്ച് മഴയും വെയിലും കൊണ്ട് ഇവിടെ മീൻവിൽക്കുന്ന ഇവർക്ക് ഒരു താത്‌കാലിക ഷെഡ്ഡോ രാവിലെ മുതൽ വൈകീട്ട് വരെ മീൻവിൽക്കുന്നവർക്ക് ഒരു മൂത്രപ്പുരയെങ്കിലുമോ സജ്ജീകരിക്കാൻ നഗരസഭ ഇടപെടണമെന്ന ആവശ്യമുണ്ട്.

To advertise here,