ഇരിയ : നാട്ടുകാരുടെയും യാത്രക്കാരുടെയും കാലങ്ങളായുള്ള ആവശ്യത്തിന് പരിഹാരമാകുന്നു. അപകടാവസ്ഥയിലുള്ള ഇരിയ പുണൂർ പാലത്തിന് പകരം പുതിയ കോൺക്രീറ്റ് പാലമൊരുക്കുന്നതിന് സാധ്യത തെളിയുന്നു.മലയോരത്തെ പ്രധാനപ്പെട്ട രണ്ട് വ്യാപാര കേന്ദ്രങ്ങളായ ഇരിയയെയും കാഞ്ഞിരടുക്കത്തെയും ബന്ധിപ്പിക്കുന്ന റോഡിൽ വർഷങ്ങൾക്ക് മുൻപ് നിർമിച്ച പാലം അപകടാവസ്ഥയിലായിട്ട് കാലങ്ങളായി. റോഡിന് ആനുപാതികമായ ഉയരത്തിൽ നിർമിക്കേണ്ടിയിരുന്ന പാലം മുൻപ് നിർമിച്ചത് സിമന്റ് പൈപ്പുകൾ സ്ഥാപിച്ചായിരുന്നു. അതിനാൽ പാലത്തിന്റെ ഉയരം നന്നെ കുറയുകയും ചെയ്തു. അതോടെ ആ ഭാഗത്ത് റോഡിൽ കുത്തനെയുള്ള കയറ്റവും വളവുമായി മാറി. നിലവിൽ വാഹനങ്ങൾക്ക് കടന്ന് പോകാൻ പോലും വലിയ ബുദ്ധിമുട്ടാണെന്ന് വാഹന യാത്രികർ പറയുന്നു. കയറ്റവും വളവുമായതിനാൽ അവിടെ വാഹനങ്ങൾ അപകടത്തിൽ പെടുന്നതും പതിവാണ്. അതിനൊപ്പം പൈപ്പ് പാലം അപകടാവസ്ഥയിലുമായതോടെയാണ് പുതിയ പാലം വേണമെന്ന ആവശ്യം ശക്തമായത്.
പുതിയ പാലം ഉയരം കൂട്ടി ഒരുക്കിയാൽ റോഡിലെ കുത്തനെയുള്ള കയറ്റവും വളവുകളും ഒഴിവാകുമെന്നും നാട്ടുകാർ പറയുന്നു. കാലങ്ങളായുള്ള ആവശ്യം പരിഗണിച്ച് കെ. നീലകണ്ഠൻ എം.എൽ.എ.യുടെ നിർദേശ പ്രകാരമാണ് കഴിഞ്ഞ ദിവസം പുതിയ പാലത്തിന്റെ സാധ്യത പരിശോധിക്കാൻ പൊതുമരാമത്ത് അധികൃതർ സ്ഥലത്തെത്തിയത്. പി.ഡബ്ല്യു.ഡി. പാലം വിഭാഗം അസി.എക്‌സിക്യുട്ടീവ് എൻജിനീയർ കെ. രാജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. നിലവിലുള്ള പാലത്തിൽ നിന്നും മാറി, പുതിയ പാലമൊരുക്കിയാൽ മാത്രമേ ഗുണകരമാവുകയുള്ളൂവെന്നാണ് സംഘത്തിന്റെ പ്രഥമിക വിലയിരുത്തൽ. അക്കാര്യങ്ങളടക്കം ചർച്ച ചെയ്ത് നാടിന്റെ വികസനത്തിന് ആവശ്യമായ പാലമൊരുക്കുന്നതിന്റെ ഭാഗമായി അടിയന്തരമായി നാട്ടുകാരുടെ യോഗം വിളിച്ച് ജനകീയ കമ്മിറ്റി രൂപവത്കരിക്കാനാണ് തീരുമാനം. പുല്ലൂർ പെരിയ പഞ്ചായത്തംഗം രതീഷ് കാട്ടുമാടം, കെ.വി. ഗോപാലൻ, മധു ബാലൂർ, മുസ്തഫ തായന്നൂർ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
Published: 20 Nov 2026, 04:10 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented