കാസർകോട് : കാസർകോട് നഗരത്തിൽ എം.ജി. റോഡിനെയും ബാങ്ക് റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാന പാതകളിലൊന്നാണ് നായക്സ് റോഡ്. നഗരഹൃദയത്തിലെ ഗതാഗതത്തെ ഏറെ സ്വാധീനിക്കുന്ന ഈ റോഡിന് പക്ഷേ പൊട്ടിപ്പൊളിഞ്ഞ രൂപത്തിൽ നിന്നൊരു ശാശ്വത മോചനം നിലവിൽ വിദൂര സ്വപ്നമാണ്. കോൺക്രീറ്റിട്ട് ഉറപ്പിച്ച റോഡ്, പൈപ്പ് ലൈനിടാനായി പൊളിച്ചതോടെയാണ് നിലവിലെ ദുരിതം ആരംഭിക്കുന്നത്.

To advertise here,

 

കാസർകോട് പ്രസ് ക്ലബ് ജങ്ഷൻ മുതൽ ബാങ്ക് റോഡ് വരെ 650 മീറ്റർ നീളമുള്ള റോഡിൽ പൊളിയാത്ത ഭാഗങ്ങൾ കുറവാണ്. കോൺക്രീറ്റ് ചെയ്ത റോഡ്, വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനാണ് ഒരുവർഷം മുൻപ് ഇളക്കിയത്. തുടർന്ന് ഇവിടെത്തന്നെ വാതക പൈപ്പ് ലൈനും സ്ഥാപിച്ചു.

ആറുമാസം മുൻപ് ഇതേ റോഡ് വീണ്ടും കുഴിച്ചു. എന്നാൽ ഇളക്കിയ ഭാഗങ്ങളിൽ പിന്നീട് കൃത്യമായ ടാറിങ്ങോ ശാസ്ത്രീയമായ കോൺക്രീറ്റിടലോ ഉണ്ടായില്ല.

ദേശീയപാതയുടെ സർവീസ് റോഡിലേക്ക് കയറുന്ന ഒന്നിലേറെ പോക്കറ്റ് റോഡുകൾ നായക്‌സ് റോഡിന്റെ ഭാഗമാണ്. ആശുപത്രിയും അഭിഭാഷകരുടെ ഓഫീസുകളുമുൾപ്പെടെ നിരവധി സേവനകേന്ദ്രങ്ങളും ഭക്ഷണശാലകളും ബാങ്ക് റോഡിനു സമീപം, നായക്സ് റോഡിലുണ്ട്. ഇവിടങ്ങളിലേക്ക് വരുന്ന ആളുകൾക്ക് സുരക്ഷിതമായി സഞ്ചരിക്കാവുന്ന സൗകര്യം ഈ റോഡിലില്ല. വീതി കുറഞ്ഞ റോഡിന്റെ പലഭാഗത്തും കാൽനട യാത്രക്കാർക്ക് സഞ്ചരിക്കാനും വഴിയില്ല.

റോഡ് നവീകരിക്കണമെന്ന് ആവശ്യപ്പെട്ടുതുടങ്ങിയിട്ട് നാളുകളായെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂല നടപടിയൊന്നുമുണ്ടായിട്ടില്ല. ഇളക്കിയ വകുപ്പ് തന്നെ റോഡ് നന്നാക്കട്ടെയെന്ന നിലപാടാണ് നഗരസഭയ്‌ക്കെന്ന് നാട്ടുകാർ ആരോപിക്കുന്നു.