ബദിയഡുക്ക : ബദിയഡുക്കയിൽ സൗകര്യപ്രദമായ ഒരു ബസ് സ്റ്റാൻഡ് വേണമെന്നത് ദീർഘകാലമായുള്ള ആവശ്യമാണ്. രണ്ട് അന്തസ്സംസ്ഥാനപാതകൾ കടന്നു പോകുന്നത് ഇതുവഴിയാണ്. കുമ്പള -ബദിയഡുക്ക- മുള്ളേരിയ വഴി സുള്ള്യയിലേക്കും, പുത്തൂർ വരെ പോകുന്ന ചെർക്കള - കല്ലട്ക്ക റോഡും ബദിയഡുക്ക വഴിയാണ് പോകുന്നത്. ജില്ലയിലെ ആരോഗ്യ മേഖലയുടെ നെടും തൂണായി മാറുന്ന കാസർകോട് ഗവ. മെഡിക്കൽ കോളേജിനടുത്ത സ്ഥലം എന്ന പ്രത്യേകതയും ബദിയഡുക്കയ്ക്കുണ്ട്. നിരവധി സർക്കാർ ഓഫീസുകൾ, ആയിരക്കണക്കിന് വിദ്യാർഥികൾ പഠിക്കുന്ന സ്കൂളുകൾ എന്നിവയല്ലാം ഉള്ള ബദിയഡുക്കയിൽ ബസ് സ്റ്റാൻഡ് ഇല്ലാത്തത് ഏറെ അസൗകര്യം സൃഷ്ടിക്കുന്നു.

To advertise here,

ബസ് കാത്തുനിൽക്കാൻ പോലും സ്ഥലമില്ല സദാസമയവും ആൾത്തിരക്കും വാഹനത്തിരക്കും അനുഭവപ്പെടുന്ന ഇവിടെ ബസ് കാത്തുനിൽക്കാൻ പോലും ആവശ്യമായ സ്ഥലമില്ല. കാസർകോട്, പെർള, മുള്ളേരിയ, കുമ്പള ഭാഗങ്ങളിലേക്ക് പോകാനായെത്തുന്ന നൂറുകണക്കിന് യാത്രക്കാർ സദാസമയവും ഇവിടെയുണ്ടാവും. രാവിലെയും വൈകുന്നേരവുമൊക്കെ ഇവിടെ ആൾത്തിരക്ക് വളരെ കൂടുതലായിരിക്കും. മിനുട്ടുകളുടെ ഇടവേളയിൽ സർവീസ് നടത്തുന്ന നിരവധി ബസ്സുകൾ വന്നു പോകുന്നുണ്ട്. ഇവിടെ ഇരുവശങ്ങളിലും വളരെ ചെറിയ ഒരു കാത്തിരിപ്പ് ഷെഡ് മാത്രമാണ് ഉള്ളത്. എത്തിച്ചേരുന്ന യാത്രക്കാരുടെ പത്തിലൊന്ന് ഭാഗത്തിനു പോലും ഇതു കൊണ്ടുള്ള പ്രയോജനം ലഭിക്കുന്നില്ല.

സ്കൂൾ ബാഗും തൂക്കി നിൽക്കുന്ന വിദ്യാർഥികൾ, കൈക്കുഞ്ഞുങ്ങളുമായെത്തുന്ന സ്ത്രീകൾ, വയോജനങ്ങൾ എന്നിവരെല്ലാം ഒന്നിരിക്കാൻ പോലും ഇടമില്ലാതെ ബുദ്ധിമുട്ടുന്നത് ഇവിടെ സ്ഥിരം കാഴ്ചയാണ്. പെരുമഴയായാലും പൊരിവെയിലായാലും ഇവർക്ക് അനുഭവിക്കുക മാത്രമേ വഴിയുള്ളൂ. അനധികൃത പാർക്കിംഗും പ്രശ്നമാവുന്നു. ഓട്ടോറിക്ഷയുൾപ്പെടെയുള്ള വാടക വാഹനങ്ങൾ, വിവിധ ആവശ്യങ്ങൾക്ക് ടൗണിലെത്തുന്നവർ കൊണ്ടുവരുന്ന സ്വകാര്യ വാഹനങ്ങൾ എന്നിവയെല്ലാം എവിടെ പാർക്ക് ചെയ്യണമെന്ന വ്യവസ്ഥയൊന്നും ഇവിടെയില്ല.

ബസുകൾ നിർത്താനുള്ള സ്ഥലത്തു പോലും സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സംഭവങ്ങൾ പതിവാണ്. കൃത്യമായ പാർക്കിങ്‌ സ്ഥലങ്ങൾ അനുവദിച്ച് അനധികൃത സ്ഥലങ്ങളിലെ പാർക്കിങ്‌ തടയാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. അനധികൃത പാർക്കിങ്‌ മൂലം വ്യാപാരികളും ഏറെ ബുദ്ധിമുട്ടുന്നുണ്ട്. കടകൾക്കു മുന്നിൽ വാഹനങ്ങൾ നിർത്തിയിട്ടാൽ ആളുകൾ വരാൻ പോലും മടിക്കുന്നതായി അവർ പറയുന്നു. അതുപോലെ കടയിലേക്ക് സാധനങ്ങൾ കൊണ്ടുവരുന്നതിനും കൊണ്ടു പോകുന്നതിനും ഇതുമൂലം ബുദ്ധിമുട്ടനുഭവിക്കുന്നതായി വ്യാപാരികൾ പറയുന്നു.

ബസ് സ്റ്റാൻഡ് നിർമാണം വൈകരുത്

ബസ് സ്റ്റാൻഡ് നിർമാണം ഉടൻ തുടങ്ങും എന്ന പല്ലവി കേൾക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. കാലപ്പഴക്കം മൂലം അപകടാവസ്ഥയിലായ ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടം പൊളിച്ചുമാറ്റിയിട്ട് ഇരുപതിലധികം വർഷം കഴിഞ്ഞു. അന്നുതൊട്ട് ഈ നാട്ടുകാർ കേൾക്കുന്ന പല്ലവിയാണിത്. ബസ് സ്റ്റാൻഡു നിർമാണത്തിനാവശ്യമായ സാമ്പത്തിക ഭാരം പഞ്ചായത്തിന് താങ്ങാൻ കഴിയുന്നതിലധികമാണ് എന്നതാണ് പ്രധാന തടസ്സമായി പറയുന്നത്.

കൃത്യമായ പദ്ധതികൾ തയ്യാറാക്കി കേന്ദ്ര സംസ്ഥാന പദ്ധതികൾ പ്രയോജനപ്പെടുത്തി ഇതിനുള്ള തുക കണ്ടെത്തുകയാണ് വേണ്ടത്. പരിമിതികളെ വെല്ലുവിളികളായി ഏറ്റെടുത്ത് മറി കടക്കാൻ പൊതുപ്രവർത്തകരും അധികൃതരും തയ്യാറാവാണം. മെഡിക്കൽ കോളേജ് വരെ ഉള്ള ഈ നാട്ടിൽ ബസ് സ്‌റ്റാൻഡ് ഇല്ല എന്ന നാണക്കേട് മാറ്റിയെടുക്കാൻ സത്വര നടപടികൾ ആരംഭിക്കണം.