കാസർകോട് : ദേശീയപാത 66 ആറുവരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക് മുന്നിൽ വാഹനങ്ങൾക്കു കടന്നുപോകാൻ അനുയോജ്യമായ മേൽപ്പാലം (വെഹിക്കുലാർ ഓവർ പാസ്) നിർമിക്കണമെന്ന് ജില്ലാ വികസനസമിതിയോഗം ആവശ്യപ്പെട്ടു. ഇക്കാര്യമുന്നയിച്ച് ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ. ജില്ലാ വികസന സമിതിയിൽ പ്രമേയം അവതരിപ്പിച്ചു. കെ. നീലകണ്ഠൻ എം.എൽ.എ പിന്തുണച്ചു.
ജില്ലാ ആസ്ഥാന ആശുപത്രിയായ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, പരിസരത്തെ വിവിധ പൊതു, സ്വകാര്യ സ്ഥാപനങ്ങൾ, സമീപത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് ദിവസേന ആംബുലൻസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് എത്തുന്നത്. രോഗികൾക്കും പ്രായമായവർക്കും കുട്ടികൾക്കും ആശ്രയമായ ഈ മേഖലയിൽ ആവശ്യമായ ഗതാഗത സൗകര്യം ഉറപ്പാക്കാൻ വാഹനങ്ങൾക്ക് കുറുകെ കടക്കാവുന്ന ഓവർ പാസ് സംവിധാനം അത്യന്താപേക്ഷിതമാണ്. ദേശീയപാതയിൽ അതിവേഗ ഗതാഗതം സാധ്യമാകുന്നതോടെ ആശുപത്രി ആവശ്യങ്ങൾക്കായി എത്തുന്ന രോഗികളുടെയും കാൽനടയാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ഗതാഗത തടസ്സം ഒഴിവാക്കാനും കഴിയും-എം.എൽ.എ. പറഞ്ഞു.
കാഞ്ഞങ്ങാട്-കാസർകോട് സംസ്ഥാനപാതയിലെ അറ്റകുറ്റപ്പണികളുടെ പുരോഗതിയെക്കുറിച്ചും ചർച്ചചെയ്തു. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികളിൽ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. യോഗത്തിൽ വിശദീകരണം തേടി. പ്രവൃത്തി പുരോഗമിക്കുകയാണെന്നും ഒക്ടോബർ 15-നകം ബി.സി. (ബിറ്റുമിനസ് കോൺക്രീറ്റ്) പ്രവൃത്തികൾ ആരംഭിക്കുമെന്നും പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ബേക്കൽ മേൽപ്പാലം പൂർത്തീകരിച്ചിട്ടുണ്ടെന്നും ഒക്ടോബർ ഒന്നുമുതൽ ഗതാഗതത്തിനായി തുറക്കുമെന്നും പി.ഡബ്ല്യു.ഡി. പാലങ്ങൾ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
ദേശീയപാതാ പ്രവൃത്തിയുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം മണ്ഡലത്തിലുണ്ടായ വെള്ളക്കെട്ടുകളും ഗതാഗതക്കുരുക്കും സർവീസ് റോഡുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമെല്ലാം എ.കെ.എം.അഷ്‌റഫ് എം.എൽ.എ. യോഗത്തിൽ ഉന്നയിച്ചു. ഇതുമായി ബന്ധപ്പെട്ട് എം.എൽ.എ, കളക്ടർ, ദേശീയപാതാ അധികൃതർ എന്നിവരുടെ സംയുക്ത യോഗം പ്രത്യേകമായി ചേരാനും തീരുമാനിച്ചു.
അനന്തപുരം വ്യവസായ പാർക്കിൽ ഓയിൽ റീസൈക്ലിങ് കമ്പനിയുണ്ടാക്കുന്ന പാരിസ്ഥിതിക ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാൻ സ്വീകരിച്ച നടപടികൾ സംബന്ധിച്ചും എം.എൽ.എ. വിശദീകരണം തേടി. നിലവിൽ സ്ഥാപനം പ്രവർത്തിക്കുന്നില്ലെന്നും സെൻട്രൽ ലാബിൽനിന്നുള്ള പരിശോധനാഫലം വന്നാൽ തുടർനടപടി സ്വീകരിക്കുമെന്നും മലിനീകരണ നിയന്ത്രണബോർഡ് എൻവയോൺമെന്റൽ എൻജിനീയർ അറിയിച്ചു.
കളക്ടർ ശ്രീധന്യാ സുരേഷ് അധ്യക്ഷത വഹിച്ചു. എം.എൽ.എ.മാരായ കല്ലട്ര മാഹിൻ, സന്ദീപ് വാരിയർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ.സോയ, നഗരസഭ അധ്യക്ഷന്മാരായ വി.വി.രമേശൻ, പി.പി മുഹമ്മദ് റാഫി, തുടങ്ങിയവർ സംസാരിച്ചു.
Published: 27 Sept 2026, 04:29 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented