ചെമ്മരങ്കയം : വെസ്റ്റ് എളേരി പഞ്ചായത്തിനെയും കണ്ണൂർ ജില്ലയിലെ പെരിങ്ങോം-വയക്കര പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്നതിന് തേജസ്വിനി പുഴയിൽ ചെമ്മരങ്കയത്തുണ്ടായിരുന്ന തൂക്കുപാലം പൂർണമായും തകർന്നിട്ട് മൂന്നുമാസം. ചെമ്മരങ്കയം നിവാസികളുടെ യാത്രാദുരിതമകറ്റാൻ പകരം കോൺക്രീറ്റ് പാലം വേണമെന്ന ആവശ്യം ശക്തമാകുന്നു.

To advertise here,

വെസ്റ്റ് എളേരി പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ തേജസ്വിനി പുഴയ്ക്കും ആക്കച്ചേരി വനത്തിനിടയിലും ഒറ്റപ്പെട്ട കിടക്കുന്ന പ്രദേശമാണ് ചെമ്മരങ്കയം. ഇവിടെനിന്ന് മൂന്നുകിലോമീറ്റർ സഞ്ചരിച്ചാൽ പാടിയോട്ടുചാലിലെത്താം.

നിലവിലുള്ള കമ്പല്ലൂർ-ചെമ്മരങ്കയം, കാക്കടവ്-ചെമ്മരങ്കയം റോഡ് നിർമിക്കുന്നതിനുമുമ്പുള്ള ഏക യാത്രാമാർഗം. പുഴ കടക്കാൻ പാലം വേണമെന്ന ആവശ്യത്തെ തുടർന്നാണ് 30 വർഷം മുമ്പ് ഏഴുലക്ഷം രൂപ ചെലവിൽ തൂക്കുപാലം നിർമിച്ചത്. ജൂലായ് അവസാനമുണ്ടായ പ്രളയത്തിൽ ഈ പാലം തകർന്നു.

കച്ചവട ആവശ്യത്തിന് പാടിയോട്ടുചാലിലും ചികിത്സയ്ക്കായി പെരിങ്ങോത്തോ പയ്യന്നൂരിലോ എത്താൻ കമ്പല്ലൂർ വഴിയോ കാക്കടവ് വഴിയോ സഞ്ചരിക്കണം. മൂന്നുകിലോമീറ്ററിന് പകരം എട്ടും 12 കിലോമീറ്ററാണ് ചുറ്റിക്കറങ്ങേണ്ടത്.

വെസ്റ്റ് എളേരി പഞ്ചായത്തിലെ ചെമ്മരങ്കയം, പെരിങ്ങോം-വയക്കര പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ ചെമ്മരങ്കയത്ത് റെഗുലേറ്റർ കം ബ്രിഡ്ജ് സ്ഥാപിക്കാൻ ജലസേചന വകുപ്പിന്റെ നിർദേശമുണ്ട്. ഇതിനാവശ്യമായ മണ്ണുപരിശോധന നടത്തുകയും 35 കോടിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. നിർമാണത്തിനുള്ള സർക്കാർ അനുമതിക്ക് കാത്തിരിക്കുകയാണ്.

ഇത് സ്ഥാപിച്ചാൽ കുടിവെള്ള ക്ഷാമവും പ്രദേശവാസികളുടെ യാത്രാദുരിതവും പരിഹരിക്കുന്നതോടൊപ്പം 700 ഹെക്ടറിലെ കൃഷിക്ക് ജലസേചനവും നടത്താം.