പഴയങ്ങാടി : കെ.എസ്.ടി.പി. റോഡിൽ താവം റെയിൽവേ മേൽപ്പാലത്തിൽ സ്ഥാപിച്ച സൗരോർജ വിളക്കുകൾ കത്താതായിട്ട് വർഷങ്ങളായി. രാത്രിയിൽ വെളിച്ചമില്ലാത്തത് ഇതുവഴി കടന്നുപോകുന്ന വാഹനങ്ങൾക്ക് മാത്രമല്ല കാൽനടയാത്രക്കാർക്കും വലിയ ദുരിതമായി മാറി.

To advertise here,

പിലാത്തറ പീരക്കാംതടം _ പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡ് നവീകരണത്തോടൊപ്പം സ്ഥാപിച്ച സോളാർ വിളക്കുകൾ അധികംവൈകാതെ ഒന്നിനുപിറകെ മറ്റൊന്നായി കത്താത്ത അവസ്ഥയാണുണ്ടായത്.ദേശീയപാതയെ ഒഴിവാക്കി ദീർഘദൂര ചരക്കുവാഹനങ്ങൾ, ദീർഘദൂരയാത്രാ ബസുകൾ ഉൾപ്പെടെയുള്ളവ കടന്നുപോകുന്നത് കെ.എസ്.ടി.പി. റോഡിലൂടെയാണ്. വളപട്ടണം പാലം കഴിഞ്ഞാൽ ചെറുതും വലുതുമായ ഭൂരിഭാഗം വാഹനങ്ങളും ആശ്രയിക്കുന്നത് കെ.എസ്.ടി.പി. റോഡിനെയാണ്.

ഇത്രയും തിരക്കുപിടിച്ച റോഡിലെ പ്രധാന റെയിൽവേ മേൽപ്പാലമായ താവത്ത് വെളിച്ചമില്ലാത്തത് പലപ്പോഴും വലിയ അപകടങ്ങൾക്കിടയാക്കിയിട്ടുണ്ട്. ഭാഗ്യംകൊണ്ടാണ് പലരും രക്ഷപ്പെട്ടുപോകുന്നത്. പാലത്തിന്റെ രൂപകല്പനയിലെ പിഴവിനോടൊപ്പം വെളിച്ചമില്ലാത്തതും അപകടസാധ്യതയുടെ ആക്കംകൂടാനിടയാകുന്നു.

കെ.എസ്.ടി.പി. റോഡ് നിർമാണവേളയിൽ ഏജൻസി വഴിയാണ് സൗരവിളക്കുകൾ സ്ഥാപിച്ചത്. അതിൽ ഒരെണ്ണവും ഇപ്പോൾ കത്തുന്നില്ല. റോഡ് അറ്റകുറ്റപ്പണി പലകുറി നടത്തിയിരുന്നുവെങ്കിലും അതിനും ശാശ്വതപരിഹാരമായില്ല. റോഡിന്റെ അറ്റകുറ്റപ്പണി റോഡ്‌ വിഭാഗത്തിനാണെങ്കിലും വിളക്ക്‌ പരിപാലനം കെ.എസ്.ടി.പി.ക്കാണ്.

ഇതിനുള്ള നിർദേശം കൈമാറിയിട്ട് വർഷം കഴിഞ്ഞിട്ടും തുടർപ്രവർത്തനം എവിടെയുമെത്തിയതുമില്ല. അപകടസാധ്യത വളരെ കൂടുതലുള്ള പാലത്തിലും കെ.എസ്.ടി.പി. റോഡിലും കത്താത്ത മുഴുവൻ വിളക്കുകളും കത്തിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നതാണ് യാത്രക്കാരുടെ ആവശ്യം.