ജലവിഭവ വകുപ്പ് പരിശോധന നടത്തി
ഇരിട്ടി : പുഴയിലെ നീരൊഴുക്ക് തടസ്സപ്പെടുന്നത് തടയാൻ നടപടിവേണമെന്ന നിവേദനത്തെ തുടർന്ന് ജലവിഭവ വകുപ്പ് ബാവലി പുഴയോരത്ത് പരിശോധന നടത്തി. പുഴയിൽ മണലും കല്ലും മണ്ണും അടിഞ്ഞുകൂടി സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുന്നതായും ഇതുമൂലം മഴക്കാലത്ത് പുഴ കരകവിഞ്ഞൊഴുകി കൃഷിയിടങ്ങളിലേക്കും വീടുകളിലേക്കും വെള്ളം കയറുന്നത് പതിവായതോടെയാണ് നാട്ടുകാർ പരാതി നൽകിയത്.
മുൻവർഷങ്ങളിൽ മലയോരമേഖലയിൽ വ്യാപകമായുണ്ടായ ഉരുൾപൊട്ടലും മണ്ണിടിച്ചിലും മൂലം വൻതോതിൽ മണ്ണും കല്ലും പുഴകളിൽ അടിഞ്ഞിരുന്നു. ഇതിനൊപ്പം വർഷങ്ങളായി പുഴകളിൽനിന്നുള്ള മണലെടുപ്പും നിർത്തിയതോടെ പുഴകളിൽ വൻതോതിൽ മണൽ തിട്ടകൾ രൂപപ്പെട്ടു. ഇത് പുഴയുടെ സ്വഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുന്നു. പുഴയുടെ സംഭരണശേഷിയെ ബാധിക്കുംവിധം കല്ലും മണ്ണും മണലും അടിഞ്ഞ് ഒരോ വർഷവും പുഴയുടെ ആഴം കുറയുകയാണ്.
മലയോരത്തെ വിവിധ ഭാഗങ്ങളിൽനിന്ന് ഒഴുകിവരുന്ന വെള്ളത്തെ ഉൾക്കൊള്ളാനുള്ള ശേഷിയും കുറഞ്ഞു.
പുഴ ഗതിമാറിയൊഴുകുന്നു
:ബാവലി പുഴ ഗതിമാറിയൊഴുകുന്നത് ഇരിട്ടി നഗരസഭയിലെ പയഞ്ചേരി മുടച്ചാൽ പ്രദേശത്ത് വ്യക്തികളുടെ ഭൂമി നഷ്ടപ്പെടുന്നതിനും ഇടയാക്കുന്നുണ്ട്. പുഴയിലെ നീരൊഴുക്ക് തടസ്സപ്പെടുന്നതിനെത്തുടർന്ന് വെളിയമ്പ്ര പ്രദേശത്തെ വീടുകളിൽ മഴക്കാലത്ത് വെള്ളംകയറി നാശനഷ്ടങ്ങൾ ഉണ്ടാകുന്നതായും പരാതിയുണ്ട്. കർണാടക വനമേഖലയിൽനിന്ന് ഉത്ഭവിക്കുന്ന ബാരാപുഴ, വയനാടൻ മലനിരകളിൽനിന്ന് ഉദ്ഭവിക്കുന്ന ബാബലി പുഴ, വളപട്ടണംപുഴയുടെ ഭാഗമായ ഇരിട്ടിപ്പുഴ എന്നിവയുടെ വിവിധ ഭാഗങ്ങളിൽ വലിയതോതിൽ മണലും കല്ലും മണ്ണും അടിഞ്ഞുകൂടിയിട്ടുണ്ട്. ഇരിട്ടി നഗരസഭയിലും അയ്യൻകുന്ന്, ആറളം, പടിയൂർ പഞ്ചായത്തുകളിലുമായി പുഴകളിൽ അടിഞ്ഞുകൂടിയ അവശിഷ്ടങ്ങൾ നീക്കാൻ അടിയന്തരനടപടി വേണമെന്നാണ് ആവശ്യം.
അടിഞ്ഞുകൂടിയവ നീക്കണം
:പുഴകളിലെ മണലും മറ്റ് അവശിഷ്ടങ്ങളും നീക്കംചെയ്യണമെന്നും പയഞ്ചേരി മുടച്ചാൽ പ്രദേശത്ത് പുഴയോരം സംരക്ഷിക്കാൻ സംരക്ഷണഭിത്തി നിർമിക്കണമെന്നും ആവശ്യപ്പെട്ട് ഇരിട്ടി നഗരസഭാ കൗൺസിലറും ഇരിട്ടി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമായ പി.എ. നസീർ ജലവിഭവ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തലശ്ശേരി സെക്ഷൻ മേജർ ഇറിഗേഷൻ അസിസ്റ്റന്റ് എൻജിനീയർ മഞ്ജുളയുടെ നേതൃത്വത്തിലുള്ള സംഘം പയഞ്ചേരി മുടച്ചാൽ, ജബ്ബാർകടവ് മേഖലകളിൽ പരിശോധനനടത്തിയത്. ഓവർസീയർമാരായ പ്രൈസി പ്രേം, എൻ.പി. വിശാൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു. കൊട്ടിയൂർ മേഖലയിലും സംഘം പരിശോധന നടത്തി.
Published: 31 Oct 2026, 04:16 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented