പൊയിനാച്ചി (കാസർകോട്) : ഓമശ്ശേരി കല്ലുരുട്ടിയിലെഎസ്.എം.എ. ബാധിച്ച പൂവത്തേരിച്ചാലിൽ വീട്ടിൽ ഈഥൻ മോസസ്, ഡേവിഡ് മാഗ്നസ്, ഒലിവർ ജോനോ എന്നീ കുരുന്നുകളുടെ ചികിത്സയ്ക്ക് കൈത്താങ്ങാകാൻ കാരുണ്യയാത്ര നടത്തി ചട്ടഞ്ചാൽ-കാഞ്ഞങ്ങാട് റൂട്ടിലോടുന്ന ഹുദാ ബസ്. രാവിലെ 7.55 മുതൽ രാത്രി 7.15 വരെ ഒൻപത് ട്രിപ്പുകളിലായി കളക്ഷൻ ലഭിച്ച 16,478 രൂപ കുട്ടികളുടെ ചികിത്സയ്ക്ക് കൈമാറും. വ്യാഴാഴ്ച രാവിലെ ചട്ടഞ്ചാലിൽ മേൽപ്പറമ്പ് എസ്.ഐ. എം.വി. രാജേഷ്കുമാറാണ് കാരുണ്യയാത്ര ഫ്ലാഗ് ഓഫ് ചെയ്തത്. എ.എസ്.ഐ. എം. രാജു, സി.പി.ഒ. ടി.വി. പദ്മ എന്നിവരും പങ്കെടുത്തു.
സാധാരണമായി ബസിന് 10,000 രൂപയാണ് കളക്ഷൻ ലഭിക്കുന്നത്. ഹുദ ബസ് ജീവനക്കാരായ മുഹമ്മദ് മുഷ്താഖ്, കെ.വി. നീരജ്, പൊന്നു എന്നിവരുടെ ദൗത്യത്തിൽ യാത്രക്കാർ മനസ്സറിഞ്ഞ് പണം നിക്ഷേപിച്ചു. മുൻപും ഹുദാ ബസ് കാരുണ്യയാത്ര നടത്തി പാവപ്പെട്ടവർക്ക് ആശ്വാസം പകർന്നിരുന്നു.
ദുരന്തഭൂമിയിൽനിന്ന് അവരെത്തി, സാന്ത്വനവുമായി
‘ഇവ്ടെ സുഖല്യാത്ത മൂന്ന് കുട്ട്യോള്ണ്ട്ന്ന് അച്ഛൻ പറഞ്ഞ്. ഓരെ കാണാനും ഓര്ക്ക് പൈസ കൊട്ക്കാനും വന്നതാ ഞങ്ങള്‍’-തുളുവും മലയാളവും കലർന്ന ഭാഷയിൽ എൻഡോസൾഫാൻ രോഗബാധിതയായ റൈഷാന പറഞ്ഞു.
സ്വന്തം ജീവിതത്തിലെ തീരാനോവുകൾക്കിടയിലും കുരുന്നുകൾക്ക് കൈത്താങ്ങാകാൻ കാസർകോട്ടുനിന്നെത്തിയതായിരുന്നു പെർള നവജീവന സ്പെഷ്യൽ സ്കൂൾ വിദ്യാർഥികളായ റൈഷാന, മുഹമ്മദ് റഫീഖ്, മർസാദ്, സുഷാന്ത്, പാർവതി എന്നിവർ.
അധ്യാപകരുടെ സഹായത്തോടെ സഹപാഠികൾക്കിടയിൽനിന്ന് ഉൾപ്പെടെ സ്വരൂപിച്ച നാൽപ്പതിനായിരത്തോളം രൂപ നേരിട്ട് കൈമാറണമെന്ന ആഗ്രഹം കുട്ടികൾ പങ്കുവെച്ചപ്പോൾ അധ്യാപകർ ഒപ്പംനിന്നു. സ്കൂൾ മാനേജർ ഫാ. ജോസ് ചെമ്പോട്ടിക്കൽ, അധ്യാപികമാരായ സുമിത്ര, സിസ്റ്റർ സെസിൻ എന്നിവരും കുട്ടികളെ അനുഗമിച്ചു.
രോഗബാധിതരായ കുട്ടികളുടെ ജീൻതെറാപ്പിക്കും തുടർച്ചികിത്സയ്ക്കും 50 കോടി രൂപയാണ് വേണ്ടത്. 11.17 കോടി രൂപയോളമാണ് ഇതിനകം അക്കൗണ്ടിൽ എത്തിയത്.
മുക്കത്തെ മുപ്പതോളം സ്വകാര്യ ബസുടമകളും തൊഴിലാളികളും നവംബർ രണ്ടിന് സ്നേഹയാത്ര നടത്തും. കാരണ്യയാത്രയുടെ പ്രഖ്യാപനം വ്യാഴാഴ്ച മുൻ എം.എൽ.എ. ലിന്റോ ജോസഫ് നിർവഹിച്ചു.
കൈകോർക്കാം നമുക്ക്
അക്കൗണ്ട്: അരുൺ പി.ഡി.
അക്കൗണ്ട് നമ്പർ: 21360100162505.
ബാങ്ക്: ഫെഡറൽ ബാങ്ക് മുക്കം ശാഖ ഐ.എഫ്.എസ്.സി: FDRL0002136 (ക്യു.ആർ. കോഡ് സ്കാൻ ചെയ്തും പണമയക്കാം).
Published: 30 Oct 2026, 04:25 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented