പെരിങ്ങോം : ഞെക്ലി ഒട്ടാളംകുന്ന് എസ്റ്റേറ്റിൽ അസ്ഥികൂടവും തലയോട്ടിയും കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ കാട് വെട്ടാനെത്തിയ തൊഴിലാളികളാണ് കാടിനകത്ത് അസ്ഥികൂടവും തലയോട്ടിയും കണ്ടത്. സ്ഥലം നോക്കിനടത്തുന്ന ഹനീഫ കടാംകുന്ന് പോലീസിനെ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി.
ഞെക്ലി കടാംകുന്ന് റോഡിൽനിന്ന് രണ്ടുകിലോമീറ്റർ കാൽനടയാത്ര ചെയ്തുവേണം തോട്ടത്തിലെത്താൻ. 70 ഏക്കറോളം വരുന്ന റബ്ബർ തോട്ടമാണിത്. വിജനവും കാട് നിറഞ്ഞതുമായ കുന്നിൻപ്രദേശത്താണ് അസ്ഥികൂടം കണ്ടത്. കടന്നപ്പള്ളിയിലെ അബൂബക്കറിന്റെ തോട്ടമാണിത്. വാഹനങ്ങൾക്ക് പോകാൻ റോഡുപോലുമില്ലാത്ത ഇവിടെ സമീപപ്രദേശത്ത് വീടുകളുമില്ല.
പെരിങ്ങോം എസ്.ഐ, കെ.ഖദീജ, പി.പി.സന്ദീപൻ, എ.എസ്.ഐ. സുരേഷ് കക്കറ, ജോഷി ജസ്റ്റിസ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ണൂരിൽ നിന്ന് വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു. മൂന്നുമാസത്തോളം പഴക്കമുള്ള മനുഷ്യശരീരമായിരിക്കാമെന്നാണ് പോലീസ് നിഗമനം. അസ്ഥികൂടം കണ്ടതിന് സമീപത്തെ മരത്തിൽ ഒരു തുണി കെട്ടിയനിലയിൽ കണ്ടെത്തി. പഴകിയ തുണിയുടെ അവശിഷ്ടമാണ് കണ്ടത്. ആത്മഹത്യ ചെയ്തതാകാമെന്ന് പോലീസ് പറയുന്നു.
45 വയസ്സുള്ള പുരുഷന്റെതാകമെന്ന് പോലീസ് പറയുന്നു. തലയോടും വാരിയെല്ലുകളും വേർപെട്ട നിലയിലാണുള്ളത്. ഡി.എൻ.എ. പരിശോധന നടത്തി ആളെ തിരിച്ചറിയാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്. അസ്ഥികൂടവും മറ്റ് ഭാഗങ്ങളും കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിലെത്തിച്ചു.
Published: 31 Oct 2026, 04:16 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented