സി.പി.എം. വിശാല ജില്ലാ കമ്മിറ്റി സമാപിച്ചു
ആറുപേർ ജില്ലാകമ്മിറ്റിയിൽ സ്ഥിരം ക്ഷണിതാക്കൾ
കാസർകോട് : തിരഞ്ഞെടുപ്പിലെ തിരിച്ചടികളിൽനിന്ന് പാഠമുൾക്കൊണ്ട് ജില്ലയിൽ സംഘടനാപ്രവർത്തനം കൂടുതൽ ജനകീയവും ശക്തവുമാക്കാൻ സി.പി.എം. വിശാല ജില്ലാകമ്മിറ്റി യോഗം തീരുമാനിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം, ഉദുമ, തൃക്കരിപ്പൂർ മണ്ഡലങ്ങളിലുണ്ടായ തിരിച്ചടികളും വോട്ട് ചോർച്ചയും ഗൗരവമായി പരിശോധിച്ചതായി ജില്ലാ സെക്രട്ടറി എം.രാജഗോപാലൻ പറഞ്ഞു.
സംഘടനാപ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആറുപേരെ ജില്ലാ കമ്മിറ്റിയിലേക്ക് സ്ഥിരം ക്ഷണിതാക്കളായി ഉൾപ്പെടുത്തി. പാർട്ടി അടിത്തറ വിപുലീകരിക്കുക, ബഹുജനങ്ങളുമായുള്ള ബന്ധം ദൃഢമാക്കുക, വടക്കൻ മേഖലകളിലെ സംഘടനാദൗർബല്യം പരിഹരിക്കുക എന്നിവ ലക്ഷ്യമിട്ട് സമഗ്ര പ്രവർത്തന മാർഗരേഖയും അവതരിപ്പിച്ചു.
മാസംതോറും ഗൃഹസന്ദർശനം
ജനങ്ങളുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന്റെ ഭാഗമായി പാർട്ടി നേതാക്കളും പ്രവർത്തകരും എല്ലാമാസവും നിശ്ചിതദിവസങ്ങളിൽ ഗൃഹസന്ദർശനം നടത്തും. വ്യക്തിഗത, കുടുംബവിഷയങ്ങളും പ്രദേശത്തെ സാമൂഹിക, രാഷ്ട്രീയ പ്രശ്നങ്ങളും നേരിട്ട് യഥാസമയം ഇടപെടുകയാണ് ലക്ഷ്യം.
സ്വത്തുവിവര പരിശോധന
ജില്ലാകമ്മിറ്റിയംഗങ്ങളുടെയും ഏരിയാ കമ്മിറ്റിയംഗങ്ങളുടെയും സ്വത്തുവിവരങ്ങളും ബാധ്യതകളും സംബന്ധിച്ച് അടുത്തമാസംതന്നെ സമയബന്ധിത പരിശോധന നടത്തും. ജനപ്രതിനിധികളും ഭാരവാഹികളും ഉൾപ്പെടെയുള്ളവരുടെ ആസ്തിവിവരങ്ങൾ പാർട്ടി കൃത്യമായി അറിഞ്ഞിരിക്കേണ്ടതുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്.
ബ്രാഞ്ചുതല ശാക്തീകരണം
ജില്ലയിലെ 1975 പാർട്ടി ബ്രാഞ്ചുകളുടെയും പ്രവർത്തനം കൂടുതൽ സജീവമാക്കും. ബ്രാഞ്ച് സെക്രട്ടറിമാർക്ക് മാർക്സിസ്റ്റ്, ലെനിനിസ്റ്റ് കാഴ്ചപ്പാടിലും സമകാലിക വിഷയങ്ങളിലും കൃത്യമായ രാഷ്ട്രീയവിദ്യാഭ്യാസം നൽകാൻ ഇ.എം.എസ്. പഠന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പ്രത്യേക സിലബസ് തയ്യാറാക്കി പഠന പരിപാടികൾ ആവിഷ്കരിക്കും.
ന്യൂനപക്ഷ, പട്ടികജാതി, വർഗ വിഭാഗങ്ങൾക്ക് പ്രാധാന്യം
ജില്ലയിലെ ന്യൂനപക്ഷ, പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾ അധിവസിക്കുന്ന പ്രദേശങ്ങളിൽ പാർട്ടിപ്രവർത്തനം വ്യാപിപ്പിക്കും. അവരുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ പ്രത്യേക പരിപാടികൾ നടപ്പാക്കും.
വടക്കൻമേഖലയിൽ പ്രത്യേക ശ്രദ്ധ
ചന്ദ്രഗിരിപ്പുഴയ്ക്ക് വടക്കുള്ള പ്രദേശങ്ങളിൽ ഭാഷാപരമായ കാരണങ്ങൾ, സംഘടനാപരമായ ദൗർബല്യം, വർഗീയ സംഘടനകളുടെ ഇടപെടലുകൾ എന്നിവ കാരണം പാർട്ടിപ്രവർത്തനം വിചാരിച്ച രീതിയിൽ മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞിട്ടില്ലെന്ന് യോഗം വിലയിരുത്തി. ഇത് പരിഹരിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തും. ഈ മേഖലയിലുള്ളവരെ പ്രത്യേകിച്ച് ജെൻസീയെ ലക്ഷ്യമിട്ട് കന്നഡ ഭാഷയിലുള്ള സാമൂഹികമാധ്യമ ഇടപെടലുകളും ഡിജിറ്റൽ പ്രചാരണങ്ങളും ശക്തമാക്കും.
വർഗീയതയ്ക്കെതിരേ പ്രതിരോധം
ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതയ്ക്കെതിരെ മതനിരപേക്ഷതാബോധം വളർത്തിയെടുക്കാൻ പ്രത്യയശാസ്ത്ര ഇടപെടലുകൾ നടത്തും. സാംസ്കാരിക സമന്വയത്തിന്റെയും ബഹുസ്വരതയുടെയും പാരമ്പര്യം പുതിയ തലമുറയിലേക്ക് പകർന്നുനൽകാൻ ചരിത്ര പഠനയാത്രകളും സാംസ്കാരിക കൂട്ടായ്മകളും സംഘടിപ്പിക്കും.
വർഗ, ബഹുജന സംഘടനകളുടെ പ്രവർത്തനം
മഹിളാ, യുവജന, വിദ്യാർഥി, കർഷകത്തൊഴിലാളി പ്രസ്ഥാനങ്ങളുടെ മാസ് അംഗത്വം ഫലപ്രദമായി ഉപയോഗപ്പെടുത്താൻ യൂണിറ്റ് തല പ്രവർത്തനം കാര്യക്ഷമമാക്കും. സാംസ്കാരികരംഗത്തെ വർഗീയവത്കരണത്തെയും അരാഷ്ട്രീയ പ്രവണതകളെയും പ്രതിരോധിക്കാൻ ഇടപെടലുകളുണ്ടാകും.
ഇവർ സ്ഥിരം ക്ഷണിതാക്കൾ
സംഘടനാപ്രവർത്തനം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ആറുപേരെ ജില്ലാ കമ്മിറ്റിയിലേക്ക് സ്ഥിരം ക്ഷണിതാക്കളായി ഉൾപ്പെടുത്തി. പി.മണിമോഹൻ (സി.ഐ.ടി.യു. ജില്ലാ ജനറൽ സെക്രട്ടറി), ടി.കെ.ചന്ദ്രമതി (ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്), കെ.സബീഷ് (ജില്ലാപഞ്ചായത്തംഗം, എസ്.എഫ്.ഐ. മുൻ കേന്ദ്രകമ്മിറ്റിയംഗം), എം.വി.രതീഷ് (ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി), സി.രാമചന്ദ്രൻ (ബേഡകം ഏരിയാ സെക്രട്ടറി). പി.കുഞ്ഞിക്കണ്ണൻ (തൃക്കരിപ്പൂർ ഏരിയാ സെക്രട്ടറി) എന്നിവരാണ് സ്ഥിരം ക്ഷണിതാക്കൾ.
പാർട്ടി നേതൃത്വത്തിന്റെയും സെക്രട്ടേറിയറ്റിന്റെയും പ്രവർത്തനവേഗം കൂട്ടണമെന്നും ജനകീയപ്രശ്നങ്ങളിൽ കൂടുതൽ സജീവമായി ഇടപെടണമെന്നും വ്യക്തമാക്കുന്ന ആരോഗ്യകരമായ വിമർശനങ്ങളും ചർച്ചകളുമാണ് നടന്നതെന്ന് ജില്ലാ സെക്രട്ടറി പറഞ്ഞു. സംസ്ഥാന സമിതിയംഗങ്ങളായ കെ.പി.സതീഷ് ചന്ദ്രൻ, സി.എച്ച്.കുഞ്ഞമ്പു എന്നിവരും ഒപ്പമുണ്ടായിരുന്നു.
പുതിയ സർക്കാരിനറിയുന്നത് ജനദ്രോഹം മാത്രം -എ.വിജയരാഘവൻ
കാസർകോട് : നിലവിൽവന്ന് ചുരുങ്ങിയ കാലയളവിൽത്തന്നെ ജനദ്രോഹപരമല്ലാത്ത ഒരു നിലപാടെടുക്കാൻ പുതിയ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ പറഞ്ഞു. സി.പി.എം. വിശാല ജില്ലാ കമ്മിറ്റിയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനദ്രോഹപരമായ ഭരണം കൊണ്ടല്ല, മറിച്ച് മറ്റുള്ളവർ നുണകളെ പെരുപ്പിച്ച് കാട്ടിയതിനാലാണ് കമ്യൂണിസ്റ്റ് പാർട്ടിക്ക് തോൽവി നേരിടേണ്ടി വന്നത്. ഇടതുഭരണത്തിനുകീഴിൽ 10 വർഷക്കാലം വൈദ്യുതി പ്രതിസന്ധിയറിഞ്ഞിട്ടില്ലാത്ത സംസ്ഥാനത്തെ കോൺഗ്രസ് ഇരുട്ടിലാക്കി. ആരോഗ്യമേഖലയിലും വീഴ്ചയുണ്ടായി -അദ്ദേഹം പറഞ്ഞു.
ലീഗിന്റെ വർഗീയരാഷ്ട്രീയത്തെ വരച്ചവരയിൽ നിർത്തും -പി.ജയരാജൻ
വർഗീയതയിലൂടെ വളരുന്നതാണ് മുസ്ലിം ലീഗിന്റെ നയമെന്ന് വിമർശിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.ജയരാജൻ. മതവികാരം ഇളക്കിവിട്ട് ലാഭം നേടുന്നതാണ് ലീഗിന്റെ രീതി. മുസ്ലിം വിഭാഗത്തിനിടയിൽ പരസ്യമായാണ് വർഗീയത പറയുന്നത്. അതിനുദാഹരണമാണ് തൃക്കരിപ്പൂരിലെ ഇടതുസ്ഥാനാർഥി വി.പി.പി.മുസ്തഫ നേരിട്ട തോൽവി. ഇതിനെ ചെറുത്ത് ലീഗിന്റെ വർഗീയരാഷ്ട്രീയത്തെ വരച്ചവരയിൽ നിർത്താനുള്ള നിലപാടെടുക്കാനാണ് യോഗതീരുമാനം -അദ്ദേഹം പറഞ്ഞു.
ജില്ലാ സെക്രട്ടറി എം.രാജഗോപാലൻ അധ്യക്ഷനായി. കേന്ദ്രകമ്മിറ്റി അംഗങ്ങളായ തോമസ് ഐസക്, പി.സതീദേവി, സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ എം.വി.ജയരാജൻ, പി.കെ.ബിജു, നേതാക്കളായ കെ.പി.സതീഷ് ചന്ദ്രൻ, സി.എച്ച്.കുഞ്ഞമ്പു, പി.കരുണാകരൻ, എം.വി.ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
Published: 17 Oct 2026, 04:12 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented