ഉദുമ : മഴ ഇല്ലാതായതോടെ തീരദേശ പഞ്ചായത്തുകളിലെ നെൽക്കൃഷി പൂർണമായും പാളി. മികച്ച വിളവ് പ്രതീക്ഷിച്ച നൂറിലേറെ നെൽക്കർഷകർ വയലുകളിൽ വെള്ളമില്ലാത്തത് മൂലം സങ്കടക്കയത്തിലാണ്. ജില്ലയിൽ ഏറ്റവും അധികം നെൽക്കർഷകരുള്ള പള്ളിക്കര പഞ്ചായത്തിലടക്കം ചിങ്ങം അഞ്ചിനുശേഷം മഴ പെയ്തിട്ടില്ല.
മഴയെ ആശ്രയിച്ച് മാത്രം നെൽക്കൃഷി ചെയ്യുന്ന പള്ളിക്കര പനയാൽ-പാട്ടം വയൽ പാടശേഖര സമിതിയിലെ നൂറിലധികം കർഷകരുടെ വയലുകൾ വെള്ളമില്ലാതെ വിണ്ടുകീറി കഴിഞ്ഞു. ഒരാഴ്ചകൂടി ഇതേ അവസ്ഥ തുടർന്നാൽ നെൽച്ചെടികൾ കരിയാൻ തുടങ്ങുമെന്ന ആശങ്ക പല കർഷകരും പങ്കുവെക്കുന്നുണ്ട്. നടുമ്പോൾ ഒന്നരസെന്റിമീറ്റർ വെള്ളവും ചെനപ്പുകൾ പൊട്ടുമ്പോൾ അഞ്ച് സെന്റിമീറ്റർ വെള്ളവും വയലിൽ ഉണ്ടാകണമെന്നാണ് കൃഷിവകുപ്പിന്റെ കണക്ക്. ഇങ്ങനെ ജലലഭ്യതയുണ്ടെങ്കിൽ മാത്രമേ നൽകുന്ന മൂലകങ്ങൾ നെൽച്ചെടികളിലേക്ക് എത്തുകയുള്ളൂവെന്ന് ചെമ്മനാട് കൃഷി ഓഫീസർ വേണുഗോപാലൻ പറഞ്ഞു.
എന്നാൽ നട്ടതിനുശേഷം പലയിടത്തും ആവശ്യത്തിന് മഴ കിട്ടിയിട്ടില്ല. പനയാൽ-പാട്ടം വയലിൽ പലരുടെയും പാടങ്ങളിൽ ചൊട്ട വിരിഞ്ഞുതുടങ്ങിയിട്ടുണ്ട്. വിരിയാൻ 10 ദിവസം, കതിരിടാൻ 10 ദിവസം, വിളയാൻ 10 ദിവസം എന്നാണ് കണക്കെന്ന് പഴമക്കാരായ കർഷകർ പറഞ്ഞു.
ഈ കണക്ക് ശരിയാകാൻ വയലിൽ ആവശ്യത്തിന് വെള്ളം വേണം. ഇവിടങ്ങളിൽ ഇല്ലാത്തതും അതാണ്. കാലവർഷം കണക്കിന് ലഭിച്ചാൽ കന്നി 15-നുള്ളിൽ ഒന്നാംവിള കൊയ്തുതീരുമായിരുന്നുവെന്ന് പതിറ്റാണ്ടുകളായി നെൽക്കൃഷി ചെയ്തുകൊണ്ടിരിക്കുന്ന പനയാലിലെ കെ. ബാലകൃഷ്ണൻ പറഞ്ഞു.
വയലുകളിൽ വെള്ളം ഇല്ലാത്തത് മൂലം കതിരുകളിൽ പതിര് കൂടുതലുണ്ടാകുമെന്ന് അനുഭവസ്ഥർ പറഞ്ഞു.
വയലുകൾ നനയ്ക്കാൻ പാകത്തിൽ പമ്പ് ഹൗസുകൾ സ്ഥാപിച്ചിട്ടുള്ള മൂന്ന് കർഷകർ വയലിൽ വെള്ളമില്ലാത്ത പ്രതിസന്ധി ജലസേചനത്തിലൂടെ മറികടക്കുന്നുണ്ട്. കോട്ടപ്പാറ, നടിച്ചാൽ, ബഞ്ചിവയൽ, എന്നിവടങ്ങളിലെ പാടങ്ങളും വെള്ളം ഇല്ലാതെ വിണ്ടുകീറിയിട്ടുണ്ട്. ഉദുമ, ചെമ്മനാട് പഞ്ചായത്തുകളിലെ നെൽക്കർഷകരും സമാനപ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്. ഉമ, ജയ, ജ്യോതി തുടങ്ങിയ ഇനങ്ങളാണ് കർഷകർ വിതച്ചിരിക്കുന്നത്. കരനെൽക്കൃഷി ചെയ്തവർ നേരത്തേതന്നെ കൊയ്ത്ത് എന്ന മോഹം കൈയൊഴിഞ്ഞു. തോട്ടിലെ വെള്ളം എല്ലാ സ്ഥലത്തേക്കും എത്തിക്കാൻ മാർഗമുള്ള പള്ളിക്കര അരവത്ത് പാടശേഖരസമിതി അംഗങ്ങളുടെ നെൽക്കൃഷി കൊയ്യാൻ പാകമെത്തിക്കൊണ്ടിരിക്കുകയാണ്.
60 ദിവസത്തിനുള്ളിൽ വിള കൊയ്തു
പനയാൽ ക്ഷേത്രത്തോട് ചേർന്ന് മുൻ പ്രവാസിയായ പനയാലിലെ സുധാകരൻ വിതച്ച 60 ദിവസത്തിനുള്ളിൽ വിളയുന്ന 60-60 എന്ന ഇനം കൊയ്തു.
ആദ്യം തന്നെ ഞാറ്റടി നനച്ച് ഞാറുണ്ടാക്കി ജൂൺ ആദ്യം തന്നെ നടുകയും മഴ കുറഞ്ഞപ്പോൾ നനച്ചുകൊടുത്തുമാണ് സുധാകരൻ ശനിയാഴ്ച ഒരു കണ്ടം കൊയ്തുകയറ്റിയത്.
ഓണക്കാലത്ത് പല ക്ഷേത്രങ്ങളിലും നടന്ന നിറ ചടങ്ങിനുള്ള നെൽക്കതിരുകൾ ഈ പാടത്തുനിന്നാണ് എടുത്തത്. ക്ഷേത്രങ്ങളിലും തറവാടുകളിലും അടുത്ത് നടക്കാൻ പോകുന്ന പുത്തരിവിളമ്പൽ ചടങ്ങിനുള്ള നെല്ല് തേടി സുധാകരന്റെയടുത്ത് ഭാരവാഹികൾ എത്തുന്നുണ്ട്. വർഷങ്ങളായി ഇത് തുടർന്നുവരികയാണ് ഇദ്ദേഹം.
Published: 21 Sept 2026, 01:35 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented