മലപ്പുറം : ഭിന്നശേഷിക്കാർക്ക് വിവിധ മേഖലകളിൽ ആനുകൂല്യങ്ങളും പരിഗണനയും കരുതലും ഉറപ്പാക്കാൻ കൊണ്ടോട്ടി ഇ.എം.ഇ.എ. ഹയർസെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘ചിറക് പ്രിവിലേജ് കാർഡ്’ പദ്ധതിക്ക് തുടക്കമായി. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിലൊരു പദ്ധതി നടപ്പാക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.

To advertise here,

സ്കൂൾ ഉൾപ്പെടുന്ന കൊണ്ടോട്ടി നഗരസഭയിലെ മൂന്നാം ഡിവിഷനിലെ ചെമ്മലപ്പറമ്പിനെയും സ്കൂളിലെ ഭിന്നശേഷി വിദ്യാർഥികളെയും കേന്ദ്രീകരിച്ച് നടപ്പാക്കുന്ന ‘ചിറക്’ പദ്ധതിയുടെ ഭാഗമായാണ് പ്രിവിലേജ് കാർഡ് ഒരുക്കുന്നത്.

 

ഭിന്നശേഷിക്കാർക്ക് സേവനങ്ങളും സൗകര്യങ്ങളും എളുപ്പത്തിലും കുറഞ്ഞ ചെലവിലും ലഭ്യമാക്കുകയാണ് പ്രിവിലേജ് കാർഡിന്റെ ലക്ഷ്യം.

ആശുപത്രികൾ, വാഹന സർവീസുകൾ, വിനോദകേന്ദ്രങ്ങൾ, അക്ഷയകേന്ദ്രങ്ങൾ തുടങ്ങി പത്തിലധികം മേഖലകളിലെ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് നടപ്പാക്കുന്നത്. കാർഡ് ഉടമകൾക്ക് ബന്ധപ്പെട്ട സ്ഥാപനങ്ങളിൽനിന്ന് 10 മുതൽ 50 ശതമാനം വരെ പ്രത്യേക ഇളവുകളും ആനുകൂല്യങ്ങളും പ്രോത്സാഹന സമ്മാനങ്ങളും കിട്ടും. ഒക്ടോബർ രണ്ടിന് പദ്ധതി സമ്പൂർണമായി നടപ്പിൽവരും. ചിറക് പദ്ധതിയുടെ ഭാഗമായി ഹൃദയസംഗമം, ഹൃദയപൂർവ്വം കരുതൽ വിതരണം, കൂടെ പെൻഷൻ പദ്ധതി, സമ്പൂർണ സർവേ, ചിറക് ഉത്പന്നങ്ങൾ, സർക്കാർ-സർക്കാരിതര ആനുകൂല്യങ്ങൾ ലഭ്യമാക്കൽ, ചിറക് പുസ്തകം പുറത്തിറക്കൽ പദ്ധതി, സ്ഥാപനങ്ങളിലെ ചിറക് യൂണിറ്റുകൾ, ഉപകരണവിതരണം, ഗ്രാമത്തിലും സ്‌കൂളിലും ചിറക് ഓഫീസുകൾ, കലാപരിശീലനം തുടങ്ങിയ പ്രവർത്തനങ്ങൾ നടപ്പാക്കി. ചിറക് അംഗങ്ങൾക്ക് 100 ശതമാനം യു.ഡി.ഐ.ഡി. കാർഡ്, പെൻഷൻ, സ്കോളർഷിപ്പ് എന്നിവയുമുണ്ട്.

കളക്ടർ ഡോ. വിനയ് ഗോയൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാനതലത്തിൽ മാതൃകയാക്കാവുന്ന പദ്ധതിയാണിതെന്ന് അദ്ദേഹം പറഞ്ഞു. പ്രഥമാധ്യാപിക കെ.എസ്. രോഹിണി അധ്യക്ഷയായി.

അധ്യാപക കോഡിനേറ്റർ കെ.എം. ഇസ്മായിൽ പദ്ധതി വിശദീകരിച്ചു. ഡെപ്യൂട്ടി കളക്ടർ സി.കെ. നജീബ്, ഗ്രാമതല പദ്ധതി ഏകോപന കോഡിനേറ്റർ സി.പി. സാബിറ, ജില്ലാ സാമൂഹികനീതി ഓഫീസർ സമീർ മച്ചിങ്ങൽ, വിദ്യാർഥി കോഡിനേറ്റർ എ. മാളവിക, പി.കെ. വസീം അഹ്സൻ, പി. നസ്റീന, ടി. വിനായക്, ഇ.ടി. ഫഹീം, കെ. സഞ്ജന എന്നിവർ നേതൃത്വം നൽകി.