എരമംഗലം : ഓണാരവം കഴിഞ്ഞതോടെ ഇനിയുള്ള നാളുകളിൽ കുട്ടാടം പാടങ്ങളിൽ മുണ്ടകൻ കൃഷിയുടെ ആരവം. സംസ്ഥാനത്തെ രണ്ടാംവിള കൃഷിയായ മുണ്ടകൻ കൃഷി മകരക്കൊയ്ത്ത് ലക്ഷ്യമാക്കിയാണ് കർഷകർ പാടത്തേക്ക് ഇറങ്ങിയിരിക്കുന്നത്.
പെരുമ്പടപ്പ് പഞ്ചായത്തിലെ അയിരൂർ കുട്ടാടം പാടത്ത് വെള്ളം കുറവ്, ചൂട് തുടങ്ങിയ പ്രതിസന്ധികൾ ഏറെയുണ്ടെങ്കിലും ഇത്തവണ തുലാമഴയിൽ വലിയ പ്രതീക്ഷയാണ് കർഷകർക്ക്. കൃഷിക്കായി പാടം ഒരുക്കുന്ന പ്രവൃത്തികൾ സജീവമായി നടക്കുന്നുണ്ട്.
പെരുമ്പടപ്പ് കൃഷിഭവനു കീഴിൽ 125 ഏക്കറിലാണ് മുണ്ടകൻ കൃഷി ഇറക്കുന്നത്. സ്വന്തമായും പാട്ടത്തിനെടുത്തും 65 കർഷകരാണ് ഇവിടെ കൃഷി ഇറക്കുന്നത്. ഇതിനോട് ചേർന്ന് തൃശ്ശൂർ ജില്ലയിലെ ചെറായി ഉൾപ്പെടെയുള്ള പ്രദേശത്തും കൃഷി നടക്കുന്നുണ്ട്.128 മൂപ്പ് വരുന്ന ഉമ വിത്താണ് കൃഷി ചെയ്യുന്നത്. ഒരേക്കറിന് 29 കിലോ വീതമാണ് കൃഷിഭവൻ കർഷകർക്ക് സൗജന്യമായി നൽകുന്നത്. ഞാറ്റടി, കളം ഒരുക്കൽ മുതൽ നടീൽ വരെ ഒരു ഏക്കറിന് 38,000 മുതൽ 43,000 വരെ കർഷകന് ചെലവ് വരും.
കുളങ്ങൾ, കൈത്തോടുകൾ, മറ്റു തോടുകൾ എന്നിവയിലെ വെള്ളത്തെ ആശ്രയിച്ചാണ് കൃഷി നടത്തുന്നത്. ആനറക്കുളം തകർന്നുകിടക്കുന്നതിനാൽ കർഷകരെ പ്രതികൂലമായി ബാധിക്കും.
വെള്ളം ലഭ്യമാക്കാൻ കുളം നവീകരണം നടത്താമെന്ന് കെ.പി. നൗഷാദ് അലി എം.എൽ.എ. കർഷകർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.
സെപ്റ്റംബർ അവസാനത്തോടെ നടീൽ തുടങ്ങി ഒക്ടോബർ ആദ്യത്തോടെ പൂർത്തിയാക്കും.
കൃഷിഭവൻ വഴി നൽകുന്ന വിത്തുകൾക്ക് ഗുണനിലവാരം ഇല്ലെന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നു. ഇത്തവണ അതിൽ മാറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ.
പൊന്നാനി കോൾപ്പടവിലെ പുഞ്ചകൃഷിയേക്കാൾ വിളവ് കുറവാണ് മുണ്ടകൻ കൃഷിക്ക്. ഒരേക്കറിൽ 1750 മുതൽ 2300 കിലോവരെയാണ് വിളവ് പ്രതീക്ഷിക്കുന്നത്.
ഭാരതപ്പുഴ ലിങ്ക് കനാൽ പദ്ധതി ഇനിയും യാഥാർഥ്യമാകാത്തതിനാൽ കൃഷിക്കാവശ്യമായ വെള്ളം ലഭിക്കാൻ ഇനിയും കാത്തിരിക്കേണ്ട സ്ഥിയിലാണ് കർഷകർ. തുലാമഴ ആവശ്യത്തിനു ലഭിച്ചാൽ മികച്ച വിളവുണ്ടാക്കാമെന്ന കണക്കുകൂട്ടലിലാണ് കർഷകർ.
പൊന്നാനി താലൂക്കിൽ പെരുമ്പടപ്പ് പഞ്ചായത്തിനുപുറമേ മാറഞ്ചേരി, നന്നംമുക്ക്, ആലങ്കോട്, വട്ടംകുളം എന്നിവിടങ്ങളിലും പൊന്നാനി നഗരസഭയിലുമാണ് മുണ്ടകൻ കൃഷി നടക്കുന്നത്.
Published: 21 Sept 2026, 01:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented