കാഞ്ഞങ്ങാട് പഴയ ബസ്‌സ്റ്റാൻഡ് കെട്ടിടം; എൻ.ഐ.ടി. വിദഗ്ധസംഘത്തിന്റെ റിപ്പോർട്ട്

To advertise here,

പട്ടികവർഗ വികസനവകുപ്പ് ജില്ലാ കാര്യാലയമടക്കുമുള്ള ഓഫീസും നിരവധി സ്ഥാപനങ്ങളും കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്. നിലവിലെ അവസ്ഥയിൽ പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി കെട്ടിടം തുടർന്നും ഉപയോഗിക്കുന്നത് ഒട്ടും സുരക്ഷിതമല്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരസഭയുടെ കീഴിലുള്ള കോട്ടച്ചേരി പഴയ ബസ് സ്റ്റാൻഡിലെ നാലുനില വാണിജ്യസമുച്ചയത്തിന് കടുത്ത ബലക്ഷയമുണ്ടെന്നും ഗുരുതര സുരക്ഷാഭീഷണിയുയർത്തുന്നതായും കോഴിക്കോട് എൻ.ഐ.ടി. സിവിൽ എൻജിനിയറിങ് വിഭാഗം നടത്തിയ സ്ട്രക്ചറൽ സ്റ്റെബിലിറ്റി ഓഡിറ്റ് റിപ്പോർട്ട്. ഡോ. കെ.രഞ്ജിത്ത്, ഡോ. ആർ.കൊണ്ടൽരാജ്, ഡോ. രോഹൻ ഭാസ്കർ എന്നിവരടങ്ങുന്ന എൻ.ഐ.ടി.യിലെ വിദഗ്ധ സംഘമാണ് കെട്ടിടത്തിൽ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചത്.

പട്ടികവർഗ വികസനവകുപ്പ് ജില്ലാ കാര്യാലയമടക്കുമുള്ള ഓഫീസും നിരവധി സ്ഥാപനങ്ങളും കടകളും കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്. നിലവിലെ അവസ്ഥയിൽ പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി കെട്ടിടം തുടർന്നും ഉപയോഗിക്കുന്നത് ഒട്ടും സുരക്ഷിതമല്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. നഗരസഭയും ബന്ധപ്പെട്ട അധികൃതരും അടിയന്തര പ്രാധാന്യത്തോടെ ആവശ്യമായ പുനരധിവാസം, കെട്ടിടം പൊളിച്ചുനീക്കൽ അല്ലെങ്കിൽ പുനർനിർമാണം എന്നിവയിലേതെങ്കിലും നടപടി കൈക്കൊള്ളണമെന്ന് വിദഗ്ധസംഘം ശുപാർശചെയ്തു.

43 വർഷത്തെ പഴക്കം അറ്റകുറ്റപ്പണിയുടെ അഭാവം

1983 ജൂലായ് 15-ന് തറക്കല്ലിട്ട നാലുനില കെട്ടിടത്തിന് ഏകദേശം 43 വർഷത്തെ പഴക്കമുണ്ട്. ആവശ്യമായ അറ്റകുറ്റപ്പണികൾ കൃത്യമായി നടപ്പാക്കാത്തതും കെട്ടിടത്തിന്റെ സുരക്ഷയെ ബാധിച്ചു.

സമുദ്രതീരത്തുനിന്ന് ഏകദേശം രണ്ടുകിലോമീറ്റർ മാത്രം അകലെ സ്ഥിതിചെയ്യുന്നതിനാൽ, കടൽക്കാറ്റിലെ ഉപ്പുരസം കാരണം കോൺക്രീറ്റിനുള്ളിലെ ഇരുമ്പുകമ്പികൾ അതിവേഗം തുരുമ്പെടുത്ത് നശിച്ചിട്ടുണ്ട്. ഇത് ബലക്ഷയത്തിനു കാരണമായി.

താഴത്തെ നിലയിലെ തൂണുകൾ, ബീമുകൾ, സ്ലാബുകൾ എന്നിവയിൽ കോൺക്രീറ്റ് ഇളകിപ്പോകുകയും ഉള്ളിലെ കമ്പികൾ പുറത്തുകാണുകയും ചെയ്യുന്ന അവസ്ഥയിലാണ്. ഗ്രൗണ്ട് ഫ്ളോറിലെ തൂണുകളിൽ വലിയ ലംബമായ വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്.

കെട്ടിടത്തിന്റെ ബലക്ഷയം അളക്കാൻ നടത്തിയ റീബൗണ്ട് ഹാമർ പരിശോധനയിൽ കോൺക്രീറ്റിന്റെ മർദസഹനശേഷി വളരെ കുറവാണെന്ന് കണ്ടെത്തി. ഇത്തരത്തിലുള്ള കാലാവസ്ഥയിൽ കുറഞ്ഞത് എം25 ഗ്രേഡ് (25 എം.പി.എ.) ശക്തി ആവശ്യമാണെങ്കിലും പലയിടത്തും ശേഷി ഇതിൽ താഴെ മാത്രമാണ്.

കോൺക്രീറ്റ് കഷണങ്ങൾ താഴേക്ക് പതിച്ച് ആളുകൾക്ക് പരിക്കേൽക്കാതിരിക്കാൻ സ്ലാബുകൾക്ക് താഴെ താത്‌കാലികമായി ഷീറ്റുകൾ ഉറപ്പിച്ചിട്ടുണ്ട്. എന്നാൽ ഇത് കെട്ടിടത്തിന്റ തകർച്ച മറച്ചുവെക്കാനും കൃത്യസമയത്ത് പരിശോധന നടത്തുന്നത് തടസ്സപ്പെടുത്താനും ഇടയാക്കുന്നുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.

പ്രവേശനകവാടത്തിലെ ഭീഷണി

ബസ് കയറുന്ന ഭാഗത്തെ കാന്റിലിവർ വിഭാഗത്തിന് മുകളിലുള്ള പുറംചുവരുകൾ(ഷോവാൾ) തകർന്നുവീഴാറായ നിലയിലാണ്. സ്ലാബുകളുടെയും ബീമുകളുടെയും ബലക്ഷയം കാരണം ഈ ചുവർ പുറത്തേക്ക് ചരിഞ്ഞ നിലയിലാണുള്ളത്.

പ്രത്യേക കൗൺസിൽ യോഗം വൈകുന്നു

എൻ.ഐ.ടി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നഗരസഭ അടിയന്തരമായി പ്രത്യേക കൗൺസിൽ വിളിച്ചുചേർത്ത് വിഷയം ചർച്ചചെയ്ത് തീരുമാനം എടുക്കേണ്ടതാണ്. 2024-25 ഓഡിറ്റ് റിപ്പോർട്ട് ചർച്ചചെയ്യാനായി ചൊവ്വാഴ്ച ചേർന്ന യോഗത്തിൽ വിഷയം കൗൺസിലർമാർ ഉന്നയിച്ചു. അടുത്തുതന്നെ റിപ്പോർട്ട് ചർച്ചചെയ്യാനായി പ്രത്യേക യോഗം വിളിച്ചുചേർക്കുമെന്നാണ് ചെയർമാൻ നൽകിയ മറുപടി.

പ്രവർത്തനം നിരോധിച്ചു; എന്നിട്ടും നടപടിയില്ല

ഏറ്റവുമൊടുവിൽ ചേർന്ന ജില്ലാ ആർ.ടി.എ. യോഗം അപകടാവസ്ഥയിലായ കാഞ്ഞങ്ങാട്ടെ പഴയ ബസ്‌സ്റ്റാൻഡിന്റെ പ്രവർത്തനം കർശനമായി നിരോധിച്ചിട്ടുണ്ട്. ട്രാഫിക് റഗുലേറ്ററി കമ്മിറ്റി റിപ്പോർട്ടും ബസ് ഓപ്പറേറ്റർമാരുടെ ആവശ്യവും പരിഗണിച്ചാണ് ആർ.ടി.എ. യോഗം അപകടാവസ്ഥയിലായ ബസ് സ്റ്റാൻഡിന്റെ പ്രവർത്തനം നിരോധിച്ചത്. സ്ഥലംമാറ്റം കിട്ടിപ്പോയ കളക്ടർ അർജുൻ പാണ്ഡ്യനും ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണറും ജില്ലാ പോലീസ് മേധാവിയുമാണ് ആർ.ടി.എ. യോഗത്തിൽ പങ്കെടുത്തത്. അതിനാൽ തീരുമാനം നടപ്പാക്കുന്ന കാര്യത്തിൽനിന്ന്‌ നഗരസഭയ്ക്ക് പുറമെ ജില്ലാ ഭരണകൂടത്തിനും പോലീസിനും ഗതാഗതവകുപ്പിനും ഒഴിഞ്ഞുമാറാനാകില്ല.