ഉദ്ഘാടനം വ്യാഴാഴ്ച

To advertise here,

കുണ്ടംകുഴി: മലയോരത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ഇനി പ്രസരണ ശേഷിയേറിയ പുതുവെളിച്ചം. കാലങ്ങളായുള്ള വൈദ്യുതി വിതരണ തടസ്സം, വോൾട്ടേജ് ക്ഷാമം എന്നിവക്ക് ശാശ്വത പരിഹാരമാകുമെന്ന പ്രതീക്ഷയിൽ നാട്. ബേഡഡുക്ക പഞ്ചായത്ത് കുണ്ടംകുഴി വലിയപാറയിൽ കെ.എസ്.ഇ.ബി. കുറ്റിക്കോൽ സെക്ഷൻ 110 കെ.വി. സബ്സ്റ്റേഷൻ ഓക്ടോബർ ഒന്നിന് വൈകീട്ട് നാലിന് മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യുന്നതോടെയാണിത്. നാടിന്റെ ഏറെക്കാലത്തെ സ്വപ്നപദ്ധതിയാണ് യാഥാർഥ്യമാകുന്നത്. 27 കോടി രൂപ ചെലവിലാണ് പദ്ധതി പൂർത്തിയാക്കിയത്.

ഇവിടെനിന്നും 25 മെഗാവാട്ട്സ് വൈദ്യുതി വിതരണം ചെയ്യാൻ സാധിക്കും. നേരിട്ടും അല്ലാതെയും 50,000 ഗുണഭോക്താക്കൾക്ക് ഇതിന്റെ ഗുണം ലഭിക്കും. ഇതിനായി 12.5 മെഗാവാട്ട്സ് പ്രവർത്തന ക്ഷമതയുള്ള രണ്ട് ട്രാൻസ്പോഫോർമറുകളാണ് സ്ഥാപിച്ചത്. ഇതിന്റെ ടെസ്റ്റ് റൺ കഴിഞ്ഞയാഴ്ച വിജയകരമായി നടത്തി. 2020 ജനുവരി 27-നാണ് അന്നത്തെ വൈദ്യുതി മന്ത്രി എം.എം. മണി സെക്ഷൻ നിർമാണോദ്ഘാടനം നടത്തിയത്. എന്നാൽ സ്ഥലം വിട്ടുകിട്ടുന്നതിലുണ്ടായ കാലതാമസം കാരണം നിർമാണം തുടങ്ങാൻ വൈകി. 2022-ലാണ് റവന്യു വകുപ്പ് ഭൂമി ലഭ്യമാക്കിയത്. അതേ വർഷം ഭരണാനുമതിയും ലഭിച്ചു. ഏക്കറുകണക്കിന് വിശാലമായി പരന്നുകിടക്കുന്ന പാറപ്രദേശമാണ് വലിയപാറ. അടിത്തറ കരിങ്കല്ലും മുകളിലേക്ക് ചെങ്കല്ലിലും നിർമിച്ച ചുറ്റുമതിലോട് കൂടിയ ഒന്നര ഏക്കറിലാണ് സബ്സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. മൈലാട്ടി സബ്സ്റ്റേഷനിൽനിന്നും 12 കിലോമീറ്റർ ദൈർഘ്യമുള്ള പ്രസരണ ലൈനിലൂടെയാണ് ഇവിടേക്ക് വൈദ്യുതി എത്തിക്കുന്നത്.

മൈലാട്ടി-അമ്പലത്തറ സബ്സ്റ്റേസ്റ്റേഷനുകളുടെ ഇടയിലുള്ള പെരിയാട്ടടുക്കത്തുനിന്നാണ് ലൈൻ ബന്ധപ്പെടുത്തിയത്. ഇതിന് 42 വലിയ ടവർ ലൈൻ തൂണുകളാണ് സ്ഥാപിച്ചത്. 2022 മാർച്ചിൽ പ്രാഥമിക സർവേയും ഇതിന്റെ ഫലം ഏകീകരിച്ചതിനുശേഷം രണ്ടാംഘട്ടം സർവേയും നടത്തിയ ശേഷമാണ് ലൈൻ വലിക്കുന്നതിനുള്ള ദൂരംകുറഞ്ഞ പാത കണ്ടെത്തിയത്. ചിലയിടങ്ങളിൽ വിളകൾ, മരങ്ങൾ ഉൾപ്പെടെയുള്ളവ വെട്ടിമാറ്റേണ്ടിവന്നു. എതിർപ്പുണ്ടായ 20 ഇടങ്ങളിൽ സ്ഥലമുടമകൾക്ക് നൽകാനുള്ള നഷ്ടപരിഹാരത്തുക എ.ഡി.എമ്മിന്റെ സാന്നിധ്യത്തിലാണ് തീർപ്പാക്കി നൽകിയത്.

വോൾട്ടേജ് ക്ഷാമത്തിന് പരിഹാരമാകും

: സബ്സ്റ്റേഷൻ പ്രവർത്തനം തുടങ്ങുന്നതോടെ ബേഡഡുക്ക, കുറ്റിക്കേൽ, കള്ളാർ, കോടോം-ബേളൂർ തുടങ്ങിയ മലയോര പഞ്ചായത്തുകളിലെ വോട്ടേജ് ക്ഷാമത്തിന് പരിഹാരമാകും. നിലവിൽ മുള്ളേരിയ, മൈലാട്ടി സബ്സ്റ്റേഷനുകളിൽനിന്നുള്ള ദൈർഘ്യമേറിയ 11 കെവി ഫീഡറുകളെയാണ് കുറ്റിക്കോൽ സെക്ഷൻ ആശ്രയിക്കുന്നത്. മൈലാട്ടിയിൽ നിന്നെത്തുന്നത് ചട്ടഞ്ചാൽ സെക്ഷൻ പരിധികളിലും, മുള്ളേരിയയിൽ നിന്നെത്തുന്നത് മുള്ളേരിയ, മുളിയാർ സെക്ഷൻ പരിധികളിലും വിതരണം ചെയ്ത് കുറ്റിക്കോലിലെത്തുമ്പോഴേക്കും പ്രസരണനഷ്ടം സംഭവിക്കുന്നത് കാലങ്ങളായി നേരിടുന്ന പ്രശ്നമാണ്.

വരും വെള്ളരിക്കുണ്ടിലും

: നിലവിൽ ജില്ലയിൽ 18 സബ്സ്റ്റേസ്റ്റേഷനുകൾ ഉണ്ട്. ഇതിൽ എട്ട് സ്ഥലങ്ങളിൽ എക്സ്ട്രാ ഹൈട്ടെൻഷൻ സബ്സ്റ്റേസ്റ്റേനുകളും പത്തിടങ്ങളിൽ 33 കെ.വി. സബ്സ്റ്റേഷനുകളുമാണ് പ്രവർത്തിക്കുന്നത്.

അതായത് ശരാശി 250 ചതുരശ്ര കിലോമീറ്റർ വിസ്തൃതിക്ക് ഒന്ന് എന്ന തോതിലാണിത്. അതേസമയം കണ്ണൂർ ജില്ലയിൽ 36 സബ്സ്റ്റേസ്റ്റേഷനുകൾ ഉണ്ട്. കാസർകോട്ടെ സബ്സ്റ്റേഷനുകളെല്ലാം തീരപ്രദേശങ്ങളിലോ ദേശീയപാതയോട് ചേർന്നയിടങ്ങളിലോ ആണ് സ്ഥിതി ചെയ്യുന്നത്. മലയോരത്തിനും ഇവയെയാണ് ആശ്രയം.

അതിനാലാണ് മഴ വന്നാലും കാറ്റടിച്ചാലും ഏറെനേരം കറണ്ടില്ലാതാകുന്നത്. ഇത് ഒഴിവാക്കാനാണ് മലയോരത്തിന് ഗുണം ലഭിക്കുന്നവിധം സബ്സ്റ്റേഷൻ കുറ്റിക്കോലിൽ സ്ഥാപിച്ചത്. വെള്ളരിക്കുണ്ടിൽ 110 കെ.വി. സബ്സ്റ്റേഷൻ പദ്ധതി ഉടൻ വിഭാവനം ചെയ്യാനുള്ള ഒരുക്കത്തിലാണ് അധികൃതർ.