പേരാവൂർ : ടൗൺ സൗന്ദര്യവത്കരിക്കുന്നതിന്റെ രണ്ടാംഘട്ട പദ്ധതിയുടെ സംഘാടക സമിതി യോഗം പഞ്ചായത്ത് ഹാളിൽ നടന്നു. രണ്ടാം ഘട്ടത്തിൽ ചുമർചിത്ര പ്രചാരണവും സ്ഥാപനങ്ങളുടെ സൗന്ദര്യവത്കരണവും നടത്തും. ജില്ലാ പോലീസ് സൂപ്രണ്ടിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് പേരാവൂർ പോലീസ് സ്റ്റേഷന്റെ ചുമരിൽ ചിത്രങ്ങൾ വരച്ച് സൗന്ദര്യവത്കരിക്കും.

To advertise here,

ടൗണിൽ തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ ചെടിച്ചട്ടികൾ സ്ഥാപിക്കാനും അവ പരിപാലിക്കാനും തീരുമാനിച്ചു. ചെടിച്ചട്ടികൾ സ്‌പോൺസർഷിപ്പിലൂടെ സമാഹരിക്കും. പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് 'സ്‌നേഹാരാമം' എന്ന പേരിൽ വിശ്രമകേന്ദ്രമൊരുക്കും.

ടൗണിലെ നടപ്പാത കൈയേറ്റം പൂർണമായും ഒഴിപ്പിക്കും. ആദ്യഘട്ടത്തിൽ നടപ്പാത കൈയേറിയ വ്യാപാരികൾക്ക് നോട്ടീസ് നല്കാനും കൈയേറ്റം ഒഴിയുന്നില്ലെങ്കിൽ രണ്ടാം ഘട്ടത്തിൽ പിഴയീടാക്കാനും യോഗത്തിൽ തീരുമാനമായി. പൊതുസ്ഥലത്തെ അനധികൃത പ്രചാരണ ബോർഡുകൾക്കെതിരേ കർശന നിയമനടപടി തുടരും. ആഘോഷവേളകളിലുൾപ്പെടെ നിരോധിത പ്ലേറ്റുകളും ഗ്ലാസുകളും ഉപയോഗിക്കുന്നതിനെതിരേ കർശന നിയമനടപടിയുണ്ടാകും. പേരാവൂർ ടൗൺ ശുചീകരണവും സൗന്ദര്യവത്കരണവും പൂർത്തിയായ ശേഷം തൊണ്ടിയിൽ ടൗൺ ശുചീകരണവും സൗന്ദര്യവത്കരണവും തുടങ്ങാനും തീരുമാനമായി.

പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡന്റ് കെ.എ. രജീഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ കെ.പി. അബ്ദുൾ റഷീദ്, ഷീബ ഗോപിനാഥ്, റാണി ടോമി, ഹെൽത്ത് ഇൻസ്‌പെക്ടർ ദിവ്യ രാഘവൻ, പഞ്ചായത്ത് അസി.സെക്രട്ടറി പി.പി. സിനി, ബ്ലോക്ക് റിസോഴ്‌സ് പേഴ്‌സൺ ഷൈമ, വ്യാപാര-രാഷ്ട്രീയപ്പാർട്ടി-സന്നദ്ധ സംഘടനാ പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

ശുചിത്വ-സുന്ദര പേരാവൂർ സംഘാടക സമിതി രൂപവത്കരിച്ചു. ഭാരവാഹികൾ: നിഷ ബാലകൃഷ്ണൻ (ചെയർ.), കെ.എ. രജീഷ് (കൺ.), പി. പുരുഷോത്തമൻ (ഖജാ.).