ദേശീയപാത-66 വികസനം; പരിഹാരംതേടി ഇന്ന് ഉന്നതതലയോഗം
ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് പണിനടക്കുന്ന മിക്കയിടങ്ങളിലും പരാതികളേറെയാണ്. നിർമാണത്തിലെ മെല്ലെപ്പോക്കും പലസ്ഥലത്തും പണി പാതിവഴിക്ക് നിർത്തിവെക്കുന്നതും സർവീസ് റോഡുകൾ, ഓവുചാലുകൾ എന്നിവ പൂർത്തിയാക്കാത്തതുമെല്ലാം പ്രതിസന്ധി സൃഷ്ടിക്കുന്നു
കാസർകോട് : ദേശീയപാത-66 വികസനവുമായി ബന്ധപ്പെട്ട് ജില്ലയിലെ ചെർക്കള ടൗൺ, ചാലിങ്കാൽ, നീലേശ്വരം എന്നിവിടങ്ങളിലുള്ള പ്രവൃത്തിതടസ്സം, ഒാവുചാൽ നിർമാണം, സർവീസ് റോഡുകൾ, യാത്രാപ്രശ്നങ്ങൾ, ടോൾപ്ലാസ വരുന്ന ചാലിങ്കാൽ മേഖലയിൽ അനുവദിക്കേണ്ട ടോൾ ഇളവുകൾ തുടങ്ങിയവയെക്കുറിച്ച് ചർച്ചചെയ്യാൻ ബുധനാഴ്ച കളക്ടർ ശ്രീധന്യാ സുരേഷ് ഉന്നതതലയോഗം വിളിച്ചു. എം.എൽ.എ.മാർ, തദ്ദേശസ്ഥാപന അധ്യക്ഷർ, സമരസമിതി ഭാരവാഹികൾ, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ, കരാർ കമ്പനി പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.
ചാലിങ്കാലിൽ നിർദിഷ്ട ടോൾ പ്ലാസയുടെ നിർമാണം അന്തിമഘട്ടത്തിലെത്തിയപ്പോൾ നിലവിലുള്ള യാത്രാസൗകര്യം ഇല്ലാതാകുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ. ഇതെല്ലാം കടുത്ത പ്രതിഷേധമാണുയർത്തുന്നത്. ഈ സാഹചര്യത്തിലാണ് യോഗം വിളിച്ചത്.
ടോൾ പ്ലാസാ പേടിയിൽ ചാലിങ്കാൽ
ചാലിങ്കാലിൽ പണി പൂർത്തിയാകുന്ന ടോൾ പ്ലാസയുടെ ഏതാനും മീറ്ററുകൾക്കപ്പുറമാണ് പുല്ലൂർ-പെരിയ പഞ്ചായത്ത് ആസ്ഥാനം. ടോൾപ്ലാസ പ്രവർത്തനം തുടങ്ങിയാൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പഞ്ചായത്ത് ആസ്ഥാനത്തേക്ക് എങ്ങനെ എത്തുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. ചാലിങ്കാലിൽ ടോൾ പ്ലാസ വരുന്നതിനാൽ സർവീസ് റോഡുകൾ നിശ്ചിത ദൂരപരിധിയിൽ അവസാനിക്കുന്നതാണ് ഇവിടത്തുകാർ നേരിടുന്ന പ്രധാന പ്രശ്നം. തെക്കുഭാഗത്ത് കോളോത്തുവരെ മാത്രമേ നിലവിൽ സർവീസ് റോഡുള്ളൂ. ടോൾ പ്ലാസയ്ക്ക് സമീപം ഇരുഭാഗത്തുമായി രണ്ട് പഞ്ചായത്ത് റോഡുകൾ അടയുമെന്ന ആശങ്കയും നിലവിലുണ്ട്.
ടോൾ പ്ലാസയുടെ പടിഞ്ഞാറുഭാഗം എണ്ണപ്പാറ റോഡ് അടയുന്നതോടെ എൺപതോളം കുടുംബങ്ങളുടെ ഏക ഗതാഗതമാർഗമാണ് ഇല്ലാതാകുന്നത്. നിലവിൽ അടച്ചിട്ട റോഡ് പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടർന്ന് തുറക്കുകയായിരുന്നു. ഇവിടെ പകരം സംവിധാനമൊരുക്കാൻ ഇതുവരെ കരാർ കമ്പനിയായ മേഘ തയ്യാറായിട്ടില്ല. കിഴക്കുഭാഗത്ത് എസ്.എൻ. കോളേജിന് സമീപത്തുകൂടി വരുന്ന റോഡ് അടയുമെന്ന ആശങ്കയും നിലവിലുണ്ട്. നിലവിൽ 2000-ത്തോളം കുട്ടികളാണ് എസ്.എൻ. കോളേജിൽ പഠിക്കുന്നത്.
എസ്.എൻ. കോളേജ് റോഡ് തുടങ്ങുന്ന സ്ഥലത്ത് നിർമിക്കുന്ന കംഫർട്ട് സ്റ്റേഷനെക്കുറിച്ചും പരാതി ഉയർന്നിട്ടുണ്ട്. ഇവിടെ പത്തോളം ശൗചാലയങ്ങൾ നിർമിക്കാൻ ദേശീയപാതയ്ക്കായി മണ്ണിട്ടുയർത്തിയ സ്ഥലത്താണ് കുഴിയുണ്ടാക്കിയത്. സമീപത്ത് നിരവധി വീടുകളും കിണറുകളുമുള്ളത് പരിഗണിക്കാതെയാണ് ഇവിടെ കംഫർട്ട് സ്റ്റേഷൻ പണിയുന്നത്. ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരംതേടി രണ്ടാഴ്ച മുമ്പ് ചാലിങ്കാലിൽ പ്രാദേശികസമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ സമരത്തിനിറങ്ങിയിരുന്നു. പണി തടയുകയും ചെയ്തു. ഇതോടെ കംഫർട്ട് സ്റ്റേഷന്റെ നിർമാണവും എണ്ണപ്പാറ റോഡരികിലെ വേ ബ്രിഡ്ജിന്റെ നിർമാണവും നിർത്തിവെച്ചിട്ടുണ്ട്.
ടോൾപ്ലാസയിൽനിന്ന് 200 മീറ്റർ അകലെയുള്ള രാവണേശ്വരം-ചാലിങ്കാൽ റോഡ് നേരിട്ട് ദേശീയപാതയിലേക്കാണ് പ്രവേശിക്കുന്നത്. ഇവിടെ സർവീസ് റോഡില്ലാത്തതിനാൽ വാഹനങ്ങൾ നേരിട്ട് ദേശീയപാതയിലേക്ക് കയറുന്നത് ഭാവിയിൽ വൻ അപകടങ്ങൾക്കിടയാക്കുമെന്ന ഭീതിയും നാട്ടുകാർക്കുണ്ട്. പ്രശ്നപരിഹാരം തേടി നൂറുകണക്കിനാളുകൾ ഒപ്പിട്ട നിവേദനം കഴിഞ്ഞദിവസം കളക്ടർക്ക് നൽകിയിരുന്നു. പുല്ലൂർ-പെരിയ പഞ്ചായത്തിലെ 10 കിലോമീറ്റർ പരിധിയിലുള്ളവർക്ക് സൗജന്യയാത്ര അനുവദിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
ഉയരപ്പാതയിൽ ഉടക്കി നീലേശ്വരം
ഉയരപ്പാത വേണമെന്ന് നിർമാണത്തിന്റെ അവസാനഘട്ടത്തിൽ ഉയർന്ന ആവശ്യത്തിലും ഇതേ തുടർന്നുള്ള സമരപരമ്പരകളിലും സ്തംഭിച്ചുനിൽക്കുകയാണ് നീലേശ്വരത്തെ ദേശീയപാതാ നിർമാണം. നീലേശ്വരം നഗരസഭ നേതൃത്വംനൽകിയ ജനകീയ സമരസമിതി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ ചർച്ചയെ തുടർന്ന് സമരം പിൻവലിച്ചെങ്കിലും ജനകീയ സമരസമിതിയുടെ അനിശ്ചിതകാല സമരം തുടരുകയാണ്. ജനകീയ സമരസമിതി പലതവണ നിർമാണം തടസ്സപ്പെടുത്തിയതിനെ തുടർന്ന് അർജുൻ പാണ്ഡ്യൻ കളക്ടറായിരിക്കെ ഏർപ്പെടുത്തിയ നിർമാണ നിരോധനം നിലനിൽക്കുന്നുണ്ട്. ഇതിനിടയിൽ നിർമാണകമ്പനി പണിക്ക് മുതിർന്നപ്പോഴൊക്കെ ജനകീയ സമരസമിതി തടഞ്ഞു.
നഗരസഭാ കർമസമിതി സമരം നിർത്തുമ്പോൾ പറഞ്ഞിരുന്ന മാർക്കറ്റ് കവലയിലെ അടിപ്പാതയുടെയും കോട്ടപ്പുറം കവലയിലെ നിർദിഷ്ട അടിപ്പാതയുടെയും വീതി കൂട്ടലിന് യാതൊരു നീക്കങ്ങളുമില്ല. എൻ.എച്ച്.എ.ഐ. ഉന്നത ഉദ്യോഗസ്ഥരുടെ സന്ദർശനവും പ്രഖ്യാപനത്തിലൊതുങ്ങി. പടന്നക്കാട് മേൽപ്പാലത്തിലും മാർക്കറ്റ് കവലയിലെ സർവീസ് റോഡിലും കുഴിയടച്ച് ടാർ ചെയ്യാനുള്ള നിർദേശവും നിർമാണ കമ്പനി തന്ത്രപൂർവം പതിവ് മുട്ടുശാന്തിയിലൊതുക്കി. പടന്നക്കാട്ടെ രണ്ടാമത്തെ റെയിൽവേ മേൽപ്പാലം റെയിൽപ്പാതയ്ക്കു മുകളിൽ സ്ഥാപിച്ച ഗർഡറിൽ ഒതുങ്ങിനിൽക്കുന്നു. നിലവിലെ മേൽപ്പാലമിറങ്ങിയാൽ കരുവാച്ചേരിവരെയും സർവീസ് റോഡിലെ കുഴികൾ, ഓവുചാൽ സ്ലാബുകൾക്കിടയിലെ അപകടക്കെണികൾ, തോട്ടം കവല, മാർക്കറ്റ് കവല, നീലേശ്വരം പോലീസ് സ്റ്റേഷൻ സമീപങ്ങളിലെ അടിപ്പാതകളിൽ ടാറിടാത്തത്, നീലേശ്വരത്തെ പഴയ പാലത്തിലെ റോഡിലെ കുഴികൾ, പുതിയ പാലം നിർമാണത്തിനായി പുഴയിലിട്ട മണ്ണ് നീക്കാത്തത് തുടങ്ങിയ പ്രശ്‌നങ്ങളെല്ലാം നിലനിൽക്കുന്നു. മാർക്കറ്റ് മുതൽ കരുവാച്ചേരിവരെ നീളുന്ന മൺപാതയിൽ നീലേശ്വരത്തെ പുതിയ പാലം ഇറങ്ങി കോട്ടപ്പുറം കവലയും കടന്ന് നീളുന്ന ഭാഗത്ത് മണ്ണിട്ടുയർത്തി യോജിപ്പിക്കാനുള്ള പണി മാത്രമാണ് ബാക്കിയുള്ളത്. എന്നാൽ മൺപാത പൂർണമായും പൊളിച്ചുമാറ്റി ഉയരപ്പാത നിർമിക്കണമെന്ന ആവശ്യവുമായാണ് ജനകീയസമരം.
ചെറുവത്തൂരിലും പ്രശ്നമുണ്ട്
കാലിക്കടവ് മുതൽ കാര്യങ്കോട് വരെ സർവീസ് റോഡും ഓവുചാലും പൂർണമാക്കാനായില്ല. മിക്കയിടങ്ങളിലും സർവീസ് റോഡിന് ആവശ്യമായ വീതിയില്ല. ഓവുചാലിന്റെ പണി പൂർത്തിയാക്കത്തതിനാൽ ഗതാഗതത്തിന് തടസ്സമായി. സർവീസ് റോഡിനോട് ചേർന്ന് നടപ്പാതയില്ലാത്തതിനാൽ കാൽനടയാത്രക്കാരും പ്രയാസത്തിലാണ്. പിലിക്കോട് ഗവ. ഹയർസെക്കൻഡറി സ്‌കൂൾമുതൽ മട്ടലായിവരെ സർവീസ് റോഡ് പൂർത്തിയായിട്ടില്ല.
ഇതുവഴി ബസ് സർവീസ് ഇല്ലാതായിട്ട് മാസങ്ങൾ കഴിഞ്ഞു. പിലിക്കോടിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിലുള്ളവർ പടുവളം, തോട്ടംഗേറ്റ് സ്റ്റോപ്പിലെത്തിയാണ് ബസ് കയറുന്നത്. സർവീസ് റോഡിലെ ബസോട്ടം നിലച്ചതോടെ ഇവിടങ്ങളിൽനിന്ന് ബസ് കയറാൻ പറ്റാതായി. നിലവിൽ മട്ടലായിയിലും പിലിക്കോട് ഗവ. ഹയർസെക്കൻഡറി സ്കൂളിന് സമീപത്തുമെത്തിയാണ് ബസ് കയറുന്നത്. പിലിക്കോട് ഫൈൻ ആർട്‌സ് സൊസൈറ്റിക്ക് മുൻഭാഗം ഉൾപ്പെടെ പലയിടങ്ങളിലും നടപ്പാത പണിയാൻ സ്ഥലമില്ല. മണ്ണിടിഞ്ഞ് മറുനാടൻ തൊഴിലാളി മരിക്കുകയും മറ്റ് തൊഴിലാളികൾക്ക് പരിക്കേൽക്കുകയും ചെയ്ത മട്ടലായിയിൽ സർവീസ് റോഡിന്റെയും നടപ്പാതയുടെയും പ്രവൃത്തി ഇതുവരെ പൂർത്തിയായില്ല. ചെറുവത്തൂർ കൊവ്വൽ മുതൽ വീരമലക്കുന്നിന് സമീപം വരെ ദേശീയപാതയയ്ക്ക് പടിഞ്ഞാറു ഭാഗത്ത് സർവീസ് റോഡ് അനിവാര്യമാണ്.
പൊയിനാച്ചിയിൽ പൊടിതിന്ന് ജനം
ദേശീയപാതാ സർവീസ് റോഡിന്റെ പൊയിനാച്ചി ടൗണിലെ അവസാനഘട്ട പ്രവൃത്തികൾ കരാർകമ്പനി മെല്ലെയാക്കി. മൂന്നാഴ്ച മുൻപാണ് ഇവിടെ നിർമാണം ആരംഭിച്ചത്. 10 ദിവസത്തിനകം മുഴുവൻ പ്രവൃത്തികളും പൂർത്തിയാക്കുമെന്നായിരുന്നു കരാർകമ്പനി കർമസമിതിക്ക് നൽകിയിരുന്ന ഉറപ്പ്. ബന്തടുക്ക റോഡിന്റെ പ്രവേശന ഭാഗം 30 മീറ്റർ നീളത്തിൽ കിളച്ചെടുത്ത് താഴ്ത്തി ജില്ലി പാകിയതല്ലാതെ രണ്ടാഴ്ചയായിട്ടും ടാറിങ് നടത്തുന്നില്ല.
പൊയിനാച്ചി വി.ഒ.പി.യിൽ സിമന്റ് മിശ്രിതം ഇട്ട് പണി നിർത്തിയതിനാൽ നാട്ടുകാർ പൊടിശല്യം കാരണം പൊറുതിമുട്ടുകയാണ്.
രാപകൽ ഉയരുന്ന പൊടിയിൽ യാത്രക്കാരും ടൗണിലെ വ്യാപാരികളും ദുരിതത്തിലായിട്ടും പ്രവൃത്തി പൂർത്തിയാക്കാൻ കരാർകമ്പനി തയ്യാറാകുന്നില്ല. ഇതുമൂലം ടൗണിൽ കച്ചവടമാന്ദ്യം നേരിടുന്നതായി വ്യാപാരികൾ പറഞ്ഞു. വി.ഒ.പി. ബന്തടുക്ക റോഡിൽനിന്ന് താഴ്ന്നാണുള്ളത്. മഴക്കാലത്ത് ബന്തടുക്ക റോഡിൽനിന്ന് മഴവെള്ളം ഒലിച്ചെത്തി വി.ഒ.പി.യിലും സർവീസ് റോഡിലും കെട്ടിക്കിടന്ന് ചെളി നിറയുന്നതാണ് പ്രശ്നം.
ദുരിതം തീരാതെ ചെർക്കള
ചെർക്കള: പണി ഇഴയുന്നത് ചെർക്കളയിൽ യാത്രക്കാരെയും നാട്ടുകാരെയും അക്ഷരാർഥത്തിൽ ദുരിതത്തിലാക്കിയിരിക്കയാണ്. ചെർക്കള മുതൽ ചട്ടഞ്ചാൽ വരെയുള്ള അഞ്ച് കിലോമീറ്റർ നിർമാണ പ്രവൃത്തി മൂന്നരവർഷം പിന്നിട്ടിട്ടും പകുതിയോളം മാത്രമാണ് നടന്നതെന്നാണ് കർമ്മസമിതിയുടെയും വിവിധ സംഘടനകളുടെയും ആരോപണം. ചെർക്കള ടൗണിൽ അന്തസ്സംസ്ഥാന പാതകളിൽ നിന്ന് ദേശീയപാതയിലേക്ക് കയറുന്നതിനായി പണിയുന്ന മേൽപ്പാലത്തിന്റെ നിർമാണ പ്രവൃത്തി മാസങ്ങളായി പാതിവഴിയിൽ നിലച്ച നിലയിലാണ്.
ഇതിനു താഴെ ഭാഗത്തുള്ള റോഡും പൂർണമായും തകർന്നു. ചെർക്കള ടൗണിലെ സർവീസ് റോഡ് ഓവുചാൽ, നടപ്പാത, കൈവരികൾ, അനുബന്ധറോഡുകൾ എന്നിവയുടെ നിർമാണവും പാതിവഴിയിലാണ്.
പണിയുടെ പേരിൽ ഒരാഴ്ചയിലേറെയായി ചെർക്കള ടൗൺ മുതൽ ബി.കെ.പാറവരെയുള്ള സർവീസ് റോഡ് അടച്ചതോടെ കാൽനടയാത്രക്കാരായ വിദ്യാർഥികളും വയോജനങ്ങളും ഏറെ പ്രയാസപ്പെടുകയാണ്.
വേനലിൽ കടുത്ത പൊടിശല്യവും മഴക്കാലത്ത് റോഡ് മുഴുവൻ ചെളിയുമാണ്. ചെർക്കളയിൽ ദേശീയപാത നിർമാണത്തിന് വേഗം കൂട്ടണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി, ദേശീയപാത കർമസമിതി, വിവിധ രാഷ്ട്രീയ പാർട്ടികൾ, ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി, എം.എൽ.എ, എം.പി എന്നിവർ നിരവധി നിവേദനങ്ങളും ബന്ധപ്പെട്ടവർക്ക് നൽകിയിരുന്നു.
Published: 30 Sept 2026, 04:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented