2030-ൽ നടത്താൻ തീരുമാനം
അമ്പലത്തറ : യാദവ സമുദായത്തിലെ നാലു കഴകങ്ങളിലൊന്നായ മുളവന്നൂർ ഭഗവതിക്ഷേത്ര കഴകത്തിൽ 2030-ൽ പെരുങ്കളിയാട്ടം നടത്താൻ തീരുമാനമായി. 13 ദിവസമായി നടന്നുവന്ന സ്വർണപ്രശ്ന ചിന്തയിലാണ് 2030-ജനുവരി 15-നും ഫെബ്രുവരി 15-നുമിടയിൽ പെരുങ്കളിയാട്ടം നടത്താൻ തീരുമാനമായത്.
പയ്യന്നൂർ സദനം നാരായണ പൊതുവാൾ, പിലിക്കോട് രാമചന്ദ്രൻ പണിക്കർ, ഇരിയ സുരേഷ് ജ്യോത്സ്യർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ക്ഷേത്രാങ്കണത്തിൽ പ്രശ്നചിന്ത. പെരുങ്കളിയാട്ടത്തിന് മുന്നോടിയായി വയമ്പിൽ കൂലോം, വളപ്പിൽ കൊച്ചി തുടങ്ങി അനുബന്ധ ദേവസ്ഥാനങ്ങളിലും മുളവന്നൂർ കളരിയിലും നവീകരണപ്രവർത്തനങ്ങൾ പൂർത്തീകരിക്കണം.
മുളവന്നൂർ ഭഗവതി, കാളരാത്രിയമ്മ, കല്യോട്ട് ഭഗവതി, ക്ഷേത്രപാലകൻ, വേട്ടക്കൊരുമകൻ, രക്തജാതൻ തുടങ്ങി 39 തെയ്യങ്ങൾ ഒരാഴ്ച നീളുന്ന പെരുങ്കളിയാട്ടത്തിൽ അരങ്ങിലെത്തും.
അവസാന ദിനത്തിൽ മുളവന്നൂർ ഭഗവതി, കാളരാത്രിയമ്മ, ക്ഷേത്രപാലകൻ തെയ്യങ്ങളുടെ തിരുമുടി ഒന്നിച്ചുയരും.
2029-ൽ പെരുങ്കളിയാട്ടത്തിനുള്ള ജനകീയക്കമ്മിറ്റി രൂപവത്കരിക്കുമെന്ന് ക്ഷേത്രം തന്ത്രിമാരായ ആലമ്പാടി പദ്‌മനാഭ ഭട്ടേരി, ഇരവിൽ ഐ.കെ. കൃഷ്ണദാസ് വാഴുന്നവർ, അഖിലേന്ത്യാ യാദവ മഹാസഭ ജനറൽ സെക്രട്ടറി രമേശ് യാദവ്, ക്ഷേത്രം പ്രസിഡന്റ് എം.വി. വിശ്വനാഥൻ മലയാക്കോൾ, സെക്രട്ടറി മനേഷ്‌കുമാർ ചേമന്തോട്, ഖജാൻജി തമ്പാൻ പെരിയേടത്ത് എന്നിവർ അറിയിച്ചു.
കൃഷ്ണൻ താന്നിക്കാൽ, ബാലചന്ദ്രൻ കൊട്ടോടി, ബാലൂർ സുകുമാരൻ നായർ, നാരായണൻ പൂതങ്ങാനം, യാദവസഭ സംസ്ഥാന പ്രസിഡന്റ് ശിവരാമൻ മേസ്ത്രി, സെക്രട്ടറി ബാബു കുന്നത്ത്, ബാബു മാണിയൂർ എന്നിവർ പങ്കെടുത്തു.
Published: 30 Sept 2026, 04:17 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented