സുള്ള്യ : പയസ്വിനിപ്പുഴയ്ക്ക് സുള്ള്യ നാഗപട്ടണത്തുള്ള പാലം നവീകരണ പ്രവൃത്തി വ്യാഴാഴ്ച തുടങ്ങും. അതിനാൽ കഴിഞ്ഞദിവസം മുതൽ ഇതുവഴി ഗതാഗതം പൂർണമായും നിരോധിച്ചു.
കേരള-കർണാടക സംസ്ഥാഥാനങ്ങളെ ബന്ധിപ്പിക്കുന്ന റോഡിന്റെ പാലമാണിത്. കോൺക്രീറ്റ് ബീം അറ്റകുറ്റപ്പണി, ബെയറിങ് മാറ്റിസ്ഥാപിക്കൽ എന്നീ പ്രവൃത്തികളാണ് ചെയ്യുന്നത്. കർണാടക പൊതുമരാമത്ത് വിഭാഗം ഒരു കോടി രൂപ ചെലവിലാണ് പാലം നവീകരിക്കുന്നത്. സുള്ള്യ ആലട്ടി റോഡിന്റെ പാലമാണിത്.
നവംബർ 30 വരെയാണ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയത്. പാലത്തിലൂടെ ആളുകളുടെ സഞ്ചാരവും നിരോധിച്ചിട്ടുണ്ട്. മംഗളൂരു ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ പഞ്ചായത്തിന്റെയും നിർദേശപ്രകാരമാണിത്. 1988-ലെ കർണാടക മോട്ടോർ വാഹന നിയമം, സെക്ഷൻ 116, 1989-ലെ ചട്ടം 221 (എ), (ബി) എന്നിവപ്രകാരമാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
പ്രവൃത്തി ഇങ്ങനെ
1966-ൽ നിർമിച്ചതാണ് പാലം. 113 മീറ്റർ നീളവും 8.5 മീറ്റർ വീതിയുമുണ്ട്. കോൺക്രീറ്റ് ബീം, ബെയറിങ് എന്നിവയ്ക്ക് കാലപ്പഴക്കത്താൽ ക്ഷതം സംഭവിച്ചതായി കഴിഞ്ഞവർഷം പൊതുമരാമത്ത് വിഭാഗം നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. കോൺക്രീറ്റ് ബീം അറ്റകുറ്റപ്പണി, ബെയറിങ് പൂർണമായും മാറ്റുകയെ ന്നതാണ് പ്രവൃത്തി. 48 ബെയറിങ്ങുകൾ മാറ്റിയാണ് പുതിയത് സ്ഥാപിക്കുന്നത്.
ഇതുവഴി പോകാം
കാഞ്ഞങ്ങാട്-പാണത്തൂർ റൂട്ട്, പൊയിനാച്ചി-ബന്തടുക്ക റൂട്ട് എന്നിവയിലൂടെ വാഹനങ്ങൾ കർണാടകയിലേക്ക് പ്രവേശിക്കുന്നതിന് ഉപയോഗിക്കുന്ന പാലമാണിത്.
സുള്ള്യ ടൗണിൽനിന്ന് ഒരു കിലോമീറ്റർ അകലെയാണ് പാലം. പണി പൂർത്തിയാകുന്നതുവരെ കാന്തമംഗല പാലം കടന്നാണ് വാഹനങ്ങൾ സഞ്ചരിക്കേണ്ടത്. സുള്ള്യ ടൗണിൽ പോലീസ് സ്റ്റേഷന്റെ എതിർഭാഗത്ത് കൂടിയുള്ള കെ.വി.ജി. മെഡിക്കൽ കോളേജ് റോഡിലൂടെയെത്തി അജ്ജാവൂർ റോഡിൽ പ്രവേശിച്ചാണ് കാന്തമംഗലം പാലത്തിൽ എത്തേണ്ടത്. തുടർന്ന് അജ്ജാവൂർ വഴി നാർക്കോട് എത്തി ബന്തടുക്ക റോഡിലോ പാണത്തൂർ റോഡിലോ ചേരാം. കേരളത്തിൽനിന്നും തിരിച്ചും ഇതേ റൂട്ടാണ് ഉപയോഗിക്കേണ്ടത്. എന്നാൽ പയമ്പച്ചാൽ ഭാഗത്ത് മിക്കയിടങ്ങളിലും റോഡ് വീതി കുറഞ്ഞതിനാലും വളവും കയറ്റിറക്കങ്ങളും ഉള്ളതിനാലും ഭാരം കയറ്റിയ ലോറി ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾക്ക് ഇതുവഴി ഗതാഗതം ശ്രമകരമാകാനാണ് സാധ്യത.
Published: 29 Oct 2026, 04:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented