ഗ്രൗണ്ട് പെനട്രേഷൻ റഡാർ ഉപയോഗിച്ച് പരിശോധിച്ചു
പരിശോധന നടത്തിയത് ദേശീയ ഭൗമശാസ്ത്ര ഗവേഷണകേന്ദ്ര സംഘം
കാരണം കുഴലീകൃത മണ്ണൊലിപ്പെന്ന് വിലയിരുത്തൽ
ബന്തടുക്ക : ഒറ്റമാവുങ്കാലിൽ പണി പൂർത്തിയായ വീടിനടിയിൽ കണ്ടെത്തിയ ഗുഹ തിരുവനന്തപുരം ദേശീയ ഭൗമശാസ്ത്ര ഗവേഷണകേന്ദ്ര സംഘം സന്ദർശിച്ച് പരിശോധന നടത്തി. ഗുഹയ്ക്ക് 72 മീറ്റർ നീളമുണ്ട്. ശരാശരി അഞ്ചരമീറ്റർ വ്യാസമാണുള്ളത്. ചിലയിടങ്ങളിൽ വ്യാസം ആറുമീറ്ററിലധികവും ചിലയിടങ്ങളിൽ അഞ്ചുമീറ്റർ വരെയുമുണ്ട്. ഗ്രൗണ്ട് പെനട്രേഷൻ റഡാർ ഉപയോഗിച്ചാണ് ഭൂമിയുടെ ഉപരിതലവും ഗുഹയുടെ ഉൾവശവും പരിശോധിച്ചത്. കുഴലീകൃത മണ്ണൊലിപ്പാണ് (സോയിൽ പൈപ്പിങ്) ഗുഹ രൂപപ്പെടാൻ കാരണമെന്നാണ് വിലയിരുത്തൽ.
ഞായറാഴ്ച രാവിലെ ഒൻപതോടെ തുടങ്ങിയ പരിശോധന ഉച്ചയ്ക്ക് രണ്ടുവരെ തുടർന്നു. ഗുഹയ്ക്കകത്ത് മണ്ണിടിച്ചിൽ തുടരുന്നതായും വേനൽ കടുക്കുന്ന സമയത്ത് കൂടുതൽ പരിശോധിച്ച് പഠനം നടത്താൻ വീണ്ടുമെത്തുമെന്നും സംഘം അറിയിച്ചു. സബ്ജക്ട് എക്സ്പേർട്ട് സീനിയർ സയന്റിസ്റ്റ് ജി.ശങ്കർ, ഡോ. ശ്രാവൺകുമാർ, തട്ടിക്വോണ്ട സുരേഷ് കുമാർ, ഡോ. പ്രാൻഷു മിശ്ര, എൽദോസ് കുര്യാക്കോസ്, ഡോ. പഞ്ചമി എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
ദിവസവും വലിയൊരളവിൽ മണ്ണിടിഞ്ഞ് ഗുഹയുടെ വിസ്താരം വർധിക്കുന്നതിനാൽ വീട് വാസയോഗ്യമല്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. കുറ്റിക്കോൽ പഞ്ചായത്ത് കരിവേടകം വില്ലേജ് ആനക്കല്ല് ഒറ്റമാവുങ്കാലിലെ കെ.സദൻ തന്റെ സ്ഥലത്ത് നിർമിച്ച വീടിനടിയിലാണ് ഗുഹ രൂപപ്പെട്ടത്. ഇതിലുടെ വെള്ളം ഒഴുകുന്നുണ്ട്. കനത്ത മഴ പെയ്യുമ്പോൾ ഒഴുക്ക് ശക്തമാകുന്നു. വടക്കുഭാഗത്തേക്ക് ചരിവുള്ള കുന്നിൻപ്രദേശമാണ്. വടക്കോട്ടാണ് വീടിന്റെ മുൻഭാഗം. തെക്കുഭാഗത്തുനിന്നാണ് വെള്ളത്തിന്റെ ഒഴുക്ക്. വീടിനുതാഴെ 150 മീറ്ററോളം അകലെ തോട്ടത്തിലുള്ള കുളത്തിലേക്കാണ് വെള്ളം ഒഴുകിയെത്തുന്നത്.
1350 ചതുരശ്രയടി വിസ്താരമുള്ള ഒറ്റനില കോൺക്രീറ്റ് വീടാണ്. ഓഗസ്റ്റ് 28-ന് ഗൃഹപ്രവേശം നടത്താൻ തീരുമാനിച്ച് ദിവസങ്ങൾക്ക് മുൻപാണ് ഗുഹ ശ്രദ്ധയിൽപ്പെട്ടത്. വീടിന് പിൻഭാഗത്ത് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ശൗചാലയത്തിന് കുഴി നിർമിക്കവെയാണ് ഗർത്തം രൂപപ്പെട്ടത്. കുഴിനിർമാണം രണ്ടുമീറ്റർ താഴ്ചയിലെത്തിയപ്പോൾ പൊടുന്നനെ മണ്ണ് താഴ്ന്ന് ഗർത്തം രൂപപ്പെടുകയായിരുന്നു. ഇത് ഉടൻ മണ്ണിട്ട് മൂടി. എന്നാൽ ഇതേ മണ്ണ് വീണ്ടും താഴ്ന്ന് വിസ്താരത്തിലും ആഴത്തിലും ഗർത്തം രൂപപ്പെട്ടതോടെയാണ് ഗുഹ ശ്രദ്ധയിൽപ്പെട്ടത്. സദനെയും കുടുംബത്തെയും സഹായിക്കാൻ നാട്ടുകാർ ചേർന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ജനകീയസമിതി രൂപവത്കരിച്ച് പ്രവർത്തനം നടത്തുന്നുണ്ട്.
Published: 15 Sept 2026, 04:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented