പൊലിഞ്ഞത് കർഷകക്കൂട്ടായ്മയുടെ പ്രതീക്ഷകൾ
പെരിയ : മണ്ണിലൊഴുക്കിയ വിയർപ്പും പ്രതീക്ഷകളും വർണ്ണപ്പൂക്കളായി വിരിഞ്ഞുവെങ്കിലും, കൂട്ടായ്മയുടെ അധ്വാനം പാഴായതിന്റെ നൊമ്പരത്തിലാണ് വില്ലാരംപതിയിലെ പുരുഷ സ്വയം സഹായസംഘം പ്രവർത്തകർ. പെരിയ ദേശീയപാതയിൽ നിന്ന് രണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ പറമ്പുനിറയെ പൂവിട്ടു നിൽക്കുന്ന ചെണ്ടുമല്ലി തോട്ടം കാണാം.
മഞ്ഞയും ഓറഞ്ചും കലർന്ന ഈ പൂക്കൾ ഓണപ്പൂക്കളമായി മാറിയിരുന്നെങ്കിൽ ലഭിക്കുമായിരുന്ന ലാഭവിഹിതം, കഷ്ടത അനുഭവിക്കുന്നവരിലേക്ക് എത്തിക്കാനായിരുന്നു വില്ലാരംപതി പുരുഷസംഘം കർഷക കൂട്ടായ്മ തീരുമാനിച്ചിരുന്നത്. എന്നാൽ ഇത്തവണ ഓണം നേരത്തെ വന്നുപോയതും മഴയും ഇവരുടെ പ്രതീക്ഷകളെ തകർത്തു.
വിൽക്കാനാവാതെ പോയ പൂക്കൾ എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് സംഘം പ്രവർത്തകർ. കഴിഞ്ഞ വർഷത്തെ ഓണത്തിന് ലഭിച്ച ലാഭമാണ് ഇത്തവണയും പച്ചക്കറി കൃഷിയും ഒപ്പം ചെണ്ടുമല്ലിയും കൃഷി ചെയ്യാൻ പ്രേരണയായത്. ലഭിക്കുന്ന ലാഭവിഹിതം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിച്ചിരുന്നത്. പ്രവർത്തനം തുടങ്ങി രണ്ടുവർഷമായ പുരുഷ സ്വയംസഹായ സംഘം നാട്ടിൽ നിരവധി പേർക്ക് സഹായം എത്തിച്ചു. പൊതുപ്രവർത്തകൻ രാജൻ പെരിയയും സഹോദരങ്ങളുമാണ് കൃഷിയിറക്കാനായി സ്ഥലം പ്രതിഫലേച്ഛയില്ലാതെ നൽകുന്നത്.
മുൻവർഷം രണ്ടുലക്ഷം രൂപയുടെ പച്ചക്കറി ഇനങ്ങളും പൂക്കളും ഓണക്കാലത്ത് വിറ്റഴിക്കാൻ സാധിച്ചിരുന്നു. അടുത്തുള്ള പറമ്പിൽ നിന്ന് വെള്ളം എത്തിച്ചാണ് കൃഷിയിടം നനച്ചിരുന്നത്. എല്ലാ ദിവസവും രാവിലെ സംഘം പ്രസിഡന്റ് ടി.സി. ബാലകൃഷ്ണൻ, സെക്രട്ടറി കുഞ്ഞിരാമൻ സെഞ്ച്വറി, ഭാരവാഹികളായ പീതാംബരൻ, രാജശേഖരൻ, സജി, പി. ബാലകൃഷ്ണൻ, എന്നിവർ കൃഷിയിടത്തിൽ എത്തും. പച്ചക്കറി കൃഷി നശിപ്പിക്കാൻ എത്തുന്ന മയിലുകളെ തുരത്തണം, വെള്ളം നനയ്ക്കണം. കൂട്ടായ്മയിലൂടെ ഇവർ കൃഷിയിടത്തെ സമൃദ്ധമാക്കി. 21 അംഗ സംഘത്തിലെ മറ്റുള്ളവർ മിക്കദിവസങ്ങളിലും എത്തി കാർഷിക പരിചരണം നടത്തും.
ഇത്തവണയും മികച്ച വിളവ് തന്നെയത് ലഭിച്ചത്. പക്ഷേ കർക്കടകം മാറിയിട്ടും വിട്ടുമാറാത്ത മഴയും ഓണം നേരത്തെ എത്തിയതും പൂക്കളുടെ വിൽപ്പനയെ ബാധിച്ചു. ജില്ലയുടെമറ്റു ഭാഗങ്ങളിൽ നിന്ന് ആളുകൾക്ക് എത്തി പൂക്കൾ എടുക്കാൻ ഇത് തടസ്സമായി. കഴിഞ്ഞ വർഷം കേരളത്തിലെ മറ്റ് ജില്ലകളിലേക്ക് പോലും ഇവിടെ നിന്ന് പൂക്കൾ കയറ്റി അയച്ചിരുന്നു. ഇത്തവണ അതൊന്നും നടന്നില്ല. വിൽക്കാനാവാതെ പോയ പൂക്കളും നടപ്പിലാക്കാനാവാത്ത സ്വപ്നങ്ങളും പരസ്പരം പറഞ്ഞ് സങ്കടം തീർക്കുകയാണ് ഇവർ ഇപ്പോൾ.
Published: 15 Sept 2026, 04:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented