ചെറുവത്തൂർ : ഒരു ക്ലാസ് മുറിയിൽ ഒന്നിച്ചിരുന്ന് പഠിച്ചവർ വീണ്ടും ഒത്തുകൂടിയപ്പോൾ അരനൂറ്റാണ്ടിനപ്പുറം അവർ 12 വയസ്സുകാരായി. കുട്ടമത്ത് ഗവ. യു.പി. സ്കൂളിൽ 1975-76 വർഷം ഏഴാംതരത്തിൽ പഠിച്ചവരാണ് 'ഓർമ്മക്കൂട്' 50-ാം വർഷം ഒരുമിച്ച് ആഘോഷിച്ചത്.

To advertise here,

അന്നത്തെയും പുതിയകാലത്തെയും പഠനരീതികളും കളികളും കൂട്ടായ്മയിൽ ചർച്ചയായി. അക്കാലത്ത് ഉച്ചനേരത്ത് വിശപ്പടക്കാൻ വിളമ്പിയ ഉപ്പുമാവിന്റെ രുചിയും ചിലർ ഓർത്തെടുത്തു. പൂക്കളം ഒരുക്കിയും വിവിധ പരിപാടികൾ അവതരിപ്പിച്ചുമാണ് 60 പിന്നിട്ടവർ സംഗമം ആഘോഷമാക്കിയത്.

 

ജീവിതവഴിയിൽ പലവഴിക്കായവരുടെ ഒത്തുകൂടൽ പഴയകാല അനുഭവങ്ങൾ ഓർത്തെടുക്കാനും പങ്കുവെക്കാനുമുള്ള വേദിയായി. സഹപാഠിയും ചെറുവത്തൂർ ഗ്രാമപ്പഞ്ചായത്തംഗവുമായ കന്യാടിൽ ശാന്ത ഉദ്ഘാടനം ചെയ്തു.

ചലച്ചിത്രനടൻ ഗംഗാധരൻ കുട്ടമത്ത് അധ്യക്ഷത വഹിച്ചു. നടൻ ഉണ്ണിരാജ് ചെറുവത്തൂർ വിശിഷ്ടാതിഥിയായി.

അന്നത്തെ അധ്യാപകരായ പദ്മനാഭൻ പലേരി, കെ. കുമാരൻ, കൂത്തൂർ കണ്ണൻ, പി. നാരായണി എന്നിവരെ ചടങ്ങിൽ ആദരിച്ചു. വി.കെ. രാമചന്ദ്രൻ, എം.എ. ജയചന്ദ്രൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.