പൊയിനാച്ചി: ഇരട്ടകളായ നീരവ് പ്രദീപിന്റെയും നിഹാൽ പ്രദീപിന്റെയും ആധാർകാർഡ് അഞ്ചാംവയസ്സിൽ പുതുക്കിയപ്പോൾ രക്ഷിതാക്കൾക്ക് കിട്ടിയത് എട്ടിന്റെ പണി. സാങ്കേതികപ്പിഴവുമൂലം കുട്ടികളിലൊരാളുടെ റദ്ദായ ആധാർകാർഡ് പുനഃസ്ഥാപിക്കാൻ നെട്ടോട്ടമോടിയിട്ടും ഭാരതീയ സവിശേഷ തിരിച്ചറിയൽ അതോറിറ്റിയുടെ ഭാഗത്തുനിന്ന്‌ നടപടി വൈകുന്ന സങ്കടത്തിലാണ് ചെറുവത്തൂർ കാടങ്കോട് ഹസനാർമുക്ക് മീത്തൽഹൗസിലെ കെ.പി.പ്രദീപും ഭാര്യ പൊയിനാച്ചി പൂക്കുന്നത്തെ കെ.ആർ.വിജിതയും.

To advertise here,

2016 ജനുവരി നാലിനാണ് ഇരട്ടക്കുട്ടികളുടെ ജനനം. രണ്ടുവയസ്സും നാലുമാസവുമായപ്പോൾ രണ്ടുപേർക്കും ഒരേദിവസം അക്ഷയകേന്ദ്രത്തിൽനിന്ന് അമ്മയുടെ ബയോമെട്രിക്‌ ഉപയോഗിച്ച് ആധാർ കാർഡെടുത്തു. അഞ്ചാം വയസ്സിൽ കുട്ടികളുടെ ബയോമെട്രിക്‌ ഉപയോഗിച്ച് ആധാർകാർഡിലെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്തതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. നിഹാലിന്റെ ആധാർകാർഡിലെ വിവരങ്ങൾ കൃത്യമായിരുന്നുവെങ്കിലും നീരവിന്റെ ആധാർകാർഡിൽ നിഹാലിന്റെ ഫോട്ടോയാണുണ്ടായിരുന്നത്.

പ്രശ്നം പരിഹരിക്കാൻ ആധാർകേന്ദ്രങ്ങൾ കയറിയിറങ്ങിയ രക്ഷിതാക്കൾക്ക് രണ്ടുവർഷം കാത്തിരുന്നാണ് നീരവിന്റെ പുതിയ ആധാർകാർഡ് കിട്ടിയത്. ചെറുവത്തൂർ കാടങ്കോട് ഗവ. ഫിഷറീസ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ അഞ്ചാംക്ലാസ് വിദ്യാർഥികളായ ഇവരുടെ വിദ്യാഭ്യാസ സ്കോളർഷിപ്പിന് സീറോ ബാലൻസ് അക്കൗണ്ട് തുടങ്ങാൻ അടുത്തിടെ ബാങ്കിൽ പോയപ്പോൾ നിഹാലിന്റെ ആധാർ കെ.വൈ.സി. ചെയ്യാനായില്ല. അക്ഷയകേന്ദ്രത്തിൽ അന്വേഷിച്ചപ്പോൾ ആധാർ നമ്പർ മരവിപ്പിച്ചതായി വ്യക്തമായി. രണ്ടുപേരുടെയും ആധാർ അച്ഛന്റെ ചെറുവത്തൂരിലെ മേൽവിലാസത്തിലാണുണ്ടായിരുന്നത്.

ആധാർ ടോൾ ഫ്രീ നമ്പറായ 1947-ൽ വിളിച്ചപ്പോൾ അമ്മയുടെ മേൽവിലാസത്തിൽ നിഹാലിന്റെ ആധാർകാർഡിന് അപേക്ഷ സമർപ്പിക്കാൻ നിർദേശിച്ചു. പക്ഷേ, അക്ഷയ കേന്ദ്രം വഴി മേൽവിലാസവും ഫോട്ടോയും പുതുക്കാൻ ശ്രമിച്ചപ്പോൾ നടന്നില്ല.

പിന്നീട് അമ്മയുടെ മേൽവിലാസം ചെറുവത്തൂരിലേക്ക് മാറ്റി നിഹാൽ ആധാർ കാർഡിന്‌ അപേക്ഷിച്ചു. അതും നടന്നില്ല. ആധാർ ഇതിനകം സൃഷ്ടിച്ചതിനാൽ എൻറോൾമെന്റ് നിരസിക്കപ്പെട്ടുവെന്നാണ് സന്ദേശം വന്നത്. അധികൃതരെ ബന്ധപ്പെട്ടപ്പോൾ എറണാകുളം കച്ചേരിപ്പടിയിലെ യു.ഐ.ഡി.എ.ഐ. ആധാർസേവാകേന്ദ്രത്തിൽ നേരിട്ടെത്താൻ ആവശ്യപ്പെട്ടു.

ജൂൺ 27-ന് അച്ഛന്റെ മേൽവിലാസത്തിൽ നിഹാലിന്റെ പുതിയ അപേക്ഷ അവിടെ വൈറ്റ് ലിസ്റ്റ് ചെയ്തു. രണ്ടാഴ്ചയ്ക്കുള്ളിൽ ആധാർകാർഡ് വീട്ടിലെത്തുമെന്ന് അറിയിച്ചെങ്കിലും രണ്ടുമാസത്തിലേറെയായി കാത്തിരിപ്പ്‌ തുടരുകയാണ് കുടുംബം. നിഹാലിന് മുൻപ് ലഭിച്ച ആധാർ റദ്ദാക്കിയ സാഹചര്യത്തിൽ ഇനി ആരിൽനിന്ന് നീതികിട്ടുമെന്ന അന്വേഷണത്തിലാണ് വിജിതയും ഓട്ടോഡ്രൈവറായ ഭർത്താവ് കെ.പി.പ്രദീപും.