നവീകരണത്തിനും ജീവിതച്ചെലവിനും അഞ്ചുലക്ഷം ലുലു ഗ്രൂപ്പ് കൈമാറി
തളിപ്പറമ്പ് : ജപ്തിചെയ്ത വീടിന്‍റെ അടുക്കള വരാന്തയിൽ പിഞ്ചുകുഞ്ഞുങ്ങളുമായി കഴിഞ്ഞ മുൻ ത്രോബോൾ താരം അശ്വതിക്ക് സഹായവുമായി എം.എ. യൂസഫലി എത്തിയതോടെ ജപ്തിചെയ്ത വീട് തിരിച്ചുകിട്ടി. കേരള ബാങ്കിലെ കടബാധ്യത അടച്ചുതീർത്ത് വീടിന്റെ താക്കോൽ കൈമാറി. എം.എ. യൂസഫലിയുടെ നിർദേശാനുസരണം ലുലു മീഡിയ ഹെഡ് എൻ.ബി. സ്വരാജ്, കോഴിക്കോട് ലുലു റീജണൽ ഡയറക്ടർ ഷെരീഫ് മാട്ടിൽ എന്നിവർ ചേർന്നാണ് അശ്വതിയുടെ വീടിന്റെ താക്കോൽ തളിപ്പറമ്പ് പുളിമ്പറമ്പിലെ വീട്ടിലെത്തി കൈമാറിയത്. പറഞ്ഞറിയിക്കാൻ വാക്കുകളില്ലെന്നും തന്റെ കുടുംബം യൂസഫലി സാറിനോട് എന്നും കടപ്പെട്ടിരിക്കുമെന്നും അശ്വതി നിറകണ്ണുകളോടെ പ്രതികരിച്ചു. അദ്ദേഹത്തെ ഒരിക്കലെങ്കിലും നേരിട്ട് കാണണമെന്ന ആഗ്രഹവും അശ്വതി പങ്കുവെച്ചു.
വീട് പണിയുന്നതിനായി കേരള ബാങ്കിന്റെ തളിപ്പറമ്പ് ശാഖയിൽനിന്ന് എടുത്ത 15 ലക്ഷം രൂപയുടെ വായ്പാ തിരിച്ചടവ് മുടങ്ങിയതോടെയാണ് അശ്വതിയുടെ ജീവിതം ദുരിതത്തിലായത്. വീട് നിർമിക്കാനായി ആകെയുണ്ടായിരുന്ന ഭൂമി പണയംവെച്ചാണ് വായ്പ എടുത്തത്. ഭർത്താവ് നിധിന് അപകടത്തിലുണ്ടായ പരിക്കോടെ വരുമാനവും നിലച്ചു. അമ്മയും അച്ഛനും രോഗികൾ കൂടിയായതോടെ തിരിച്ചടവ് മുടങ്ങി. പലിശയും കൂട്ടുപലിശയും ഉൾപ്പടെ 35 ലക്ഷം രൂപ തിരിച്ചടക്കാനാകാതെ വന്നതോടെ ബാങ്ക് അധികൃതർ വീട് ജപ്തിചെയ്തു.
ഈ വീടിന്റെ അടുക്കളവരാന്തയിലാണ് നാലുമാസമായി അശ്വതിയും കുഞ്ഞുങ്ങളും താമസിക്കുന്നത്. ഇവരുടെ ദുരിതജീവിതം ചൊവ്വാഴ്ച ‘മാതൃഭൂമി’ റിപ്പോർട്ട് ചെയ്തിരുന്നു.
ലണ്ടനിൽനിന്ന് അബുദാബിയിലേക്കുള്ള യാത്രക്കിടയിലാണ് അശ്വതിയുടെ ദുരിതവാർത്ത എം.എ. യൂസഫലിയുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വേഗത്തിൽ തന്നെ വിഷയത്തിൽ ഇടപെട്ട് ബാങ്കിലെ മുഴുവൻ ബാധ്യതകളും ഏറ്റെടുക്കുകയായിരുന്നു. ലുലു പ്രതിനിധികൾ നടത്തിയ ചർച്ചയ്ക്ക് ഒടുവിൽ 35 ലക്ഷത്തിന്റെ ബാധ്യത 22 ലക്ഷമായി കേരള ബാങ്ക് ഇളവുചെയ്തു. ഈ തുക എം.എ. യൂസഫലിക്കുവേണ്ടി ലുലു പ്രതിനിധികൾ ബാങ്കിൽ അടച്ചു. ലുലു കോഴിക്കോട് ഡയറക്ടർ ഷെരീഫ് മാട്ടിൽ അശ്വതിയുടെയും കുടുംബത്തിന്റെയും ദുരിതജീവിതം നേരിട്ടുകണ്ട് മനസ്സിലാക്കി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അശ്വതിയുടെ വീടിന്റെ നവീകരണത്തിനും ചെലവുകൾക്കുമായി അഞ്ചുലക്ഷം രൂപ കൂടി സഹായധനമായി കൈമാറിയത്.
കേരള ബാങ്ക് വൈസ് പ്രസിഡന്റ് ടി.വി. രാജേഷ്, കേരള ബാങ്ക് തളിപ്പറമ്പ് ശാഖ സീനിയർ മാനേജർ ഷാജി തുടങ്ങിയവരും വീട്ടിലെത്തി.
Published: 07 Nov 2026, 04:04 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented