പെരിങ്ങത്തൂർ : പാനൂർ നഗരസഭയിലെ പുല്ലൂക്കര കല്ലറ മടപ്പുര-കുരുന്താറ്റിൽ റോഡ് വികസനം യാഥാർഥ്യമാകാൻ ഇനിയും വൈകരുതെന്ന് നാട്ടുകാർ.
ഈ റോഡിന് വേണ്ടി വിഭാവനം ചെയ്ത പദ്ധതികളെല്ലാം സാങ്കേതിക കാരണങ്ങളിൽതട്ടി നടപ്പായിട്ടില്ല. നിരവധി സ്കൂൾ ബസുകളും മറ്റു വാഹനങ്ങളും ഇതുവഴി കടന്നുപോകുന്നുണ്ട്. വെള്ളപ്പൊക്കമുണ്ടാകുമ്പോൾ മുക്കിൽപീടിക ഭാഗത്തെത്താനുള്ള റോഡ് കൂടിയാണിത്. ഇപ്പോൾ പലയിടത്തും പൊട്ടിപ്പൊളിഞ്ഞ് കുഴി രൂപപ്പെട്ടു.
ഈ റോഡ് അവസാനിക്കുന്ന സ്ഥലത്ത് വരേണ്ടിയിരുന്ന കുരുന്താറ്റിൽ പാലത്തിന്റെ നിർമാണവും അനിശ്ചിതത്വത്തിലാണ്. തൃപ്രങ്ങോട്ടൂർ പഞ്ചായത്തിലെ കടവത്തൂരിനെയും പാനൂർ നഗരസഭയിലെ പെരിങ്ങളം പുല്ലൂക്കരയെയും ബന്ധിപ്പിക്കുന്നതാണ് ഈ പാലം.
കെ.കെ. ശൈലജ മന്ത്രിയായിരുന്നപ്പോൾ ആവിഷ്കരിച്ച പാലവും അനുബന്ധ റോഡ് വികസനവും പദ്ധതി കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ഉപേക്ഷിച്ചു. പാനൂർ നഗരസഭയുടെ 17-ാം വാർഡിൽപെട്ട പുല്ലൂക്കര കല്ലറ മടപ്പുര മുതൽ കുരുന്താറ്റിൽ വഴി തൃപ്രങ്ങോട്ടൂർ പഞ്ചായത്തിലെ ഇരഞ്ഞീൻ കീഴിൽവരെ നീളുന്നതായിരുന്നു നിർദിഷ്ട പദ്ധതി.
തുടർന്ന് എം.എൽ.എ.യായിരുന്ന കെ.പി. മോഹനനും ഇതേ പദ്ധതി തുടരാൻ ശ്രമിച്ചു. ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ വന്നതോടെ പദ്ധതി പിന്നീട് പാടേ ഉപേക്ഷിച്ചു.
നിലവിലുള്ള റോഡ് വികസിപ്പിക്കണം
:വലിയ വീതി കൂട്ടലില്ലാതെ നിലവിലുള്ള റോഡ് വികസിപ്പിച്ച് ഗതാഗതപ്രശ്നം പരിഹരിക്കണമെന്നാണ് ഇപ്പോൾ നാട്ടുകാർ മുന്നോട്ട് വെക്കുന്നത്. കല്ലറ മുതൽ കുരുന്താറ്റിൽ വരെയുള്ള ഭാഗം ആവശ്യമുള്ള സ്ഥലങ്ങളിൽ വീതി കൂട്ടിയാൽ ഒരു പരിധി വരെ വികസനം സാധ്യമാവുമെന്നാണ് വിലയിരുത്തൽ.ഇതിനായി നഗരസഭ ഫണ്ട് നീക്കിവെച്ചാൽ പദ്ധതി നടപ്പാക്കാം.
പിന്നീട് സർക്കാർ ഫണ്ടും ലഭ്യമാക്കി പാലം നിർമാണവും തുടങ്ങാം. തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് ഫണ്ട് നീക്കിവെച്ചാൽ ഇരഞ്ഞീൻ കീഴിൽ മുതൽ കുരുന്താറ്റിൽ വരെയുള്ള നിലവിലെ റോഡ് വികസനവും സാധ്യമാകും.
റോഡും പാലവും നിർമിക്കാനുള്ള പദ്ധതിക്കായി നഗരസഭ കൗൺസിലർ ഉമൈസ തിരുവമ്പാടി കഴിഞ്ഞ മാസം തിരുവനന്തപുരത്ത് പൊതുമരാമത്ത് മന്ത്രിക്ക് നേരിട്ട് നിവേദനവും നൽകിയിട്ടുണ്ട്.
നാട്ടുകാർ ഏറെക്കാലമായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന പദ്ധതി പ്രശ്നങ്ങളില്ലാതെ എങ്ങനെ പ്രാവർത്തികമാക്കാമെന്നാണ് അടിയന്തിരമായി ആലോചിക്കേണ്ടത്.
Published: 07 Nov 2026, 04:03 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented