മട്ടന്നൂർ : വായന്തോട് കവലമുതൽ വിമാനത്താവളംവരെയുള്ള റോഡ് വീതികൂട്ടുന്നതിനായി സ്ഥലമേറ്റെടുക്കുന്നതിലെ അപാകം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഭൂവുടമകൾ പ്രതിഷേധം ശക്തമാക്കുന്നു. വിമാനത്താവളത്തിൽനിന്ന് വായന്തോട് ഭാഗത്തേക്കുളള റോഡിൽ ഇടതുവശത്തുനിന്ന് മാത്രം സ്ഥലം ഏറ്റെടുക്കുന്നതിനെതിരെയാണ് പ്രതിഷേധം. സ്ഥലമേറ്റെടുക്കുന്നതിന് സ്ഥലത്ത് കല്ലിട്ടപ്പോൾതന്നെ ഭൂവുടമകൾ പ്രശ്നം ചൂണ്ടിക്കാട്ടിയിരുന്നു. പ്രദേശവാസികൾ കർമസമിതി രൂപവത്കരിച്ച് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. തലശ്ശേരി-കൊടുവള്ളി-മമ്പറം-അഞ്ചരക്കണ്ടി-വിമാനത്താവളം റോഡ് വികസനത്തിൽ ഉൾപ്പെടുത്തിയാണ് വായന്തോടുവരെയുള്ള ഭാഗവും നവീകരിക്കുന്നത്. 14 മീറ്ററുള്ള റോഡ് 24 മീറ്ററാക്കിയാണ് വികസിപ്പിക്കുന്നത്. റോഡിന്റെ ഇരുവശത്തുനിന്നും സ്ഥലമേറ്റെടുക്കുന്നതിന് പകരം ഒരു വശത്തുനിന്ന് മാത്രം സ്ഥലമേറ്റെടുക്കുന്നതരത്തിലാണ് കല്ലുകൾ ഇട്ടിട്ടുള്ളത്. അലൈൻമെന്റിൽ മാറ്റം വരുത്തണമെന്നാണ് വീടുകളും സ്ഥാപനങ്ങളും നഷ്ടപ്പെടുന്നവരുടെ ആവശ്യം.50 ഓളം വീടുകളും ഒരു സ്കൂളും നിലവിലെ അലൈൻമെന്റ് പ്രകാരം നഷ്ടമാകും.
റോഡിന്റെ ഇരുവശത്തുനിന്നും തുല്യമായി സ്ഥലമേറ്റെടുത്താൽ കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ എണ്ണം കുറയുമെന്നും പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, സർവേയുടെ അടിസ്ഥാനത്തിൽ ശാസ്ത്രീയമായാണ് റോഡ് വികസനത്തിനുള്ള അലൈൻമെന്റ് തയ്യാറാക്കിയിട്ടുള്ളതെന്നാണ് അധികൃതരുടെ വിശദീകരണം.കെ.ആർ.എഫ്.ബിക്കാണ് റോഡ് നിർമാണത്തിന്റെ ചുമതല.
മുഖ്യമന്ത്രിയെ കാണും
റോഡിന്റെ അലൈൻമെന്റിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണുമെന്ന് കർമസമിതി കൺവീനർ എ.കെ.രാജേഷ് പറഞ്ഞു. കഴിഞ്ഞ സർക്കാരിലുള്ള സ്വാധീനം ഉപയോഗിച്ച് സ്ഥാപിത താത്പര്യങ്ങൾക്ക് വഴങ്ങിയാണ് റോഡിന്റെ രൂപരേഖ തയ്യാറാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.
സ്ഥലമേറ്റെടുപ്പ് തുടങ്ങിയില്ല
അതേ സമയം വർഷങ്ങൾ കഴിഞ്ഞിട്ടും റോഡിന്റെ സ്ഥലമേറ്റെടുപ്പ് തുടങ്ങിയിട്ടില്ല. കഴിഞ്ഞ വർഷമാണ് ഭൂമിയേറ്റെടുക്കാൻ അംഗീകാരം നൽകി സർക്കാർ ഉത്തരവിറക്കിയത്.
11(1) വിജ്ഞാപനവും പുറപ്പെടുവിച്ചു.കൊടുവള്ളി മുതൽ കണ്ണൂർ വിമാനത്താവളം 24.5 കിലോമീറ്റർ നീളത്തിൽ നാലുവരിപ്പാതയാണ് നിർമിക്കുന്നത്. തലശ്ശേരി, ഇരിട്ടി താലൂക്കുകളിൽപ്പെട്ട 39.93 ഹെക്ടർ ഭൂമിയാണ് റോഡിനായി ഏറ്റെടുക്കേണ്ടത്.പഴശ്ശി, കീഴല്ലൂർ, പടുവിലായി, പാതിരിയാട്, പിണറായി, എരഞ്ഞോളി,തലശ്ശേരി വില്ലേജുകളിൽനിന്നായാണ് സ്ഥലം ഏറ്റെടുക്കുക.
സ്ഥലമേറ്റെടുപ്പിന് 423.72 കോടി രൂപ സർക്കാർ വകയിരുത്തിയിട്ടുണ്ട്. മൂല്യനിർണയം ഉൾപ്പടെയുള്ള നടപടികളാണ് ഇനി പൂർത്തിയാകാനുള്ളത്.
Published: 07 Nov 2026, 04:03 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented