കാസർകോട് : വിദ്യാർഥികളിൽ സംരംഭകത്വ അഭിരുചി വളർത്താനും നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കാനുമായി കേരള കേന്ദ്ര സർവകലാശാലയിൽ സംഘടിപ്പിച്ച 'ഐഡിയ ഫോർജ് '26 ഭാവിസംരംഭകർക്കുള്ള വേദിയായി മാറി.
ആശയങ്ങളെ പ്രായോഗിക സംരംഭങ്ങളാക്കി മാറ്റാൻ വിദ്യാർഥികൾക്ക് അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെ സർവകലാശാലയിലെ ഇന്നവേഷൻ ആൻഡ് ഒൺട്രപ്രനേർഷിപ്പ് ഡിവലപ്മെന്റ് സെന്റർ (ഐ.ഇ.ഡി.സി.) സംഘടിപ്പിച്ച പരിപാടിയിൽ 23 ടീമുകൾ പങ്കെടുത്തു.കാർഷികരംഗവും സാങ്കേതികവിദ്യയും ഉൾപ്പെടെ വിവിധ മേഖലകളിലെ പ്രശ്നങ്ങൾക്കുള്ള നൂതനപരിഹാരങ്ങൾ നിർദേശിച്ചുള്ള സ്റ്റാർട്ടപ്പ് ആശയങ്ങൾ മത്സരത്തിനെത്തി. വിദ്യാർഥികളുടെ സർഗാത്മകത, പ്രശ്നപരിഹാരശേഷി, സംരംഭകത്വ കാഴ്ചപ്പാട് എന്നിവ പ്രകടമാക്കുന്നതായിരുന്നു അവതരണങ്ങൾ.ഒന്നാം വർഷ ബി.സി.എ. വിദ്യാർഥികളായ രാകേഷ്‌കുമാർ മണ്ഡൽ, ആർ. നീരജ്‌കുമാർ, മനീഷ്‌കുമാർ എന്നിവരുൾപ്പെട്ട ടീം (എജുവാൾട്ട് എ.ഐ.) ഒന്നാം സ്ഥാനം നേടി. ഒന്നാംവർഷ എം.എസ്‌സി. കംപ്യൂട്ടർ സയൻസ് വിദ്യാർഥികളായ മുഹമ്മദ് റാസ, റെയ്‌സിദാം ശ്രീകാന്ത് (ബഫർ ബ്രേക്കേഴ്‌സ്) എന്നിവർ രണ്ടും ഐടെപ് വിദ്യാർഥികളായ പി. ശീതൾ, എ. അനഘ, ആർ.കെ. അമൃത (ഇന്റർക്ലാസ്) എന്നിവർ മൂന്നും സ്ഥാനങ്ങൾ നേടി.
വൈസ് ചാൻസലർ പ്രൊഫ. സിദ്ദു പി. അൽഗുർ ഉദ്ഘാടനം ചെയ്തു. ഐ.ക്യു.എ.സി. ഡയറക്ടർ പ്രൊഫ. ടി.ജി. സജി അധ്യക്ഷത വഹിച്ചു. ഐ.ഇ.ഡി.സി. നോഡൽ ഓഫീസർ ഡോ. വി. ആദിത്യ, കോ-നോഡൽ ഓഫീസർ ഡോ. രജിത്ന ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. ജിനോമിക് സയൻസ് വിഭാഗം പ്രൊഫസർ ഡോ. വി.ബി. സമീർകുമാർ, ഫിലിം ലാൻസ് ടെക്നോളജീസ് സഹസ്ഥാപക ദിവ്യ തൈക്കൂട്ടത്തിൽ, മമ്പള്ളി റോയൽ ബിസ്കറ്റ് ഫാക്ടറി സംരംഭക പ്രതിനിധി രേണുക ബാല എന്നിവർ വിധികർത്താക്കളായി.
Published: 31 Oct 2026, 04:22 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented