പാനൂർ: സാധനങ്ങൾ നൽകി പകരം സാധനങ്ങൾ വാങ്ങുന്ന ഒരു ചായക്കടയുണ്ട് ഇങ്ങ് പൊയിലൂർ വെങ്ങത്തോടിൽ. പൊയിലൂരിലെ കണ്ണിപ്പൊയിൽ അതൃക്കുഴിയിൽ കുഞ്ഞിക്കണ്ണന്റെതാണ് കട. നാട്ടുകാർ സ്നേഹത്തോടെ കണ്ണേട്ടൻ എന്ന് വിളിക്കും.

To advertise here,

49 വർഷമായി വെങ്ങത്തോടിൽ പ്രവർത്തിച്ചുവരുന്ന ഈ ചായപ്പീടിക ഇപ്പോൾ സാമൂഹികമാധ്യമങ്ങളിലും താരമാണ്. 'ബാർട്ടർസിസ്റ്റ'ത്തിന്റെ ഒരു പൊയിലൂർ പതിപ്പാണ് കണ്ണേട്ടന്റെ കട. പഴയതുപോലെയില്ലെങ്കിലും ഇപ്പോഴും തേങ്ങ നൽകി ചായ കുടിക്കുന്നവരുണ്ട്.

പൊയിലൂരിൽനിന്ന് 3.50 കിലോമീറ്റർ അകലെ കോഴിക്കോട് ജില്ലാ അതിർത്തിയോടു ചേർന്നുകിടക്കുന്ന സ്ഥലത്താണ് റോഡിൽനിന്ന് മാറിയുള്ള ഒറ്റമുറിപ്പിടിക. മൺകട്ടയും കല്ലും കെട്ടിയുണ്ടാക്കിയ കട ഓലമേഞ്ഞതാണ്. ഇതിലും പുറത്തുമായി രണ്ട് അടുപ്പുകൾ. പാചകം മുഴുവൻ വിറകടുപ്പിൽ. വൈദ്യുതിയില്ല, പാചകവാതകമില്ല... എല്ലാം പഴയ സ്റ്റൈലിൽ.

19-ാം വയസ്സിലാണ് ചായപ്പീടികയുടെ തുടക്കം. പുലർച്ചെ അഞ്ചോടെ കൈയിൽ ചൂട്ടുമായി ഏറെ ദൂരമുള്ള കടയിലേക്കാവശ്യമായ സാധനങ്ങൾ സഞ്ചികളിലാക്കി കാവടിയിൽ ചുമന്ന് കാൽനടയായി പുറപ്പെടും. ബാറ്ററിയിൽ പ്രവർത്തിക്കുന്ന റേഡിയോ ആണ് കൂട്ട് .

ആറോടെ കൃഷിയിടങ്ങളിലേക്ക് പോകുന്ന കർഷകർ കടയിലെത്തും. പുട്ടും പപ്പടവും പഴവുമാണ് വിഭവങ്ങൾ. ഒൻപതോടെ പുഴുക്കും തയ്യാറാകും. കാലത്തിന്റെ മാറ്റത്തിനൊപ്പം പൊറോട്ടയും കോഴിക്കറിയും വിഭവങ്ങളിൽ ഇടംപിടിച്ചു.

ആദ്യകാലത്ത് ചായകുടിച്ചാൽ തേങ്ങയാണ് പകരം നൽകിയിരുന്നത്. കൈയിൽ കാശില്ലാത്തതുതന്നെ കാരണം. അഞ്ചുപൈസയ്ക്ക് ചായയും രണ്ടുപൈസയ്ക്ക് കട്ടൻചായയും ഈടാക്കിയിരുന്ന കാലം.

25 പൈസയാണ് തേങ്ങയുടെ ശരാശരി വിലയായി കണക്കാക്കിയിരുന്നത്. ചായയും പുഴുക്കും കഴിച്ചാൽ 20 പൈസയിൽ കൂടുതലാകില്ല. ആരുവന്നാലും ചായകൊടുക്കും. പൈസയില്ലെങ്കിലും ആരെയും തിരിച്ചയക്കില്ല. പലരും കടമായി കുടിച്ച്‌ പോകും. ഉച്ചയോടെ തയ്യാറാക്കുന്ന കഞ്ഞിയും ചമ്മന്തിയും കഴിക്കാൻ നിരവധിപ്പേരെത്തും. ഇത് സൗജന്യമായാണ് നൽകിയിരുന്നത്. ജോലി കഴിഞ്ഞ് വൈകീട്ട് മടങ്ങിയെത്തുന്നവർക്ക് കട്ടൻചായ നിർബന്ധമായിരുന്നു. വൈകീട്ട് ഏഴോടെ ചൂട്ടുംകത്തിച്ച് പോകുന്നതിന് മുൻപ് പരിസരത്ത് ആരെങ്കിലും തിരിച്ചുപോകാൻ ബാക്കിയുണ്ടോ എന്നറിയാൻ കൂകിവിളിക്കും. ആളുണ്ടെങ്കിൽ നിമിഷങ്ങൾക്കകം തിരിച്ച് കൂവൽ കേൾക്കാം. അവരെയും കൂട്ടിയാണ് മടക്കം... പോയകാലത്തെ വിശേഷങ്ങൾ കണ്ണൻ ഓർത്തെടുത്തു.

സാങ്കേതികവിദ്യ വളർന്നതോടെ ഒരു വർഷം മുൻപ് ഗൂഗിൾപേ സംവിധാനവും ഏർപ്പെടുത്തി. സാമൂഹിക മാധ്യമങ്ങളിലൂടെ അറിഞ്ഞ് മറ്റു ജില്ലകളിൽനിന്നുപോലും സംഘങ്ങളെത്താറുണ്ട്.