കാസർകോട് : ജനപ്രതിനിധിയും ജനങ്ങളും തമ്മിലുള്ള അകലം കുറച്ച് ജനങ്ങളുടെ ആവശ്യങ്ങളും പ്രശ്‌നങ്ങളും നേരിട്ടറിയുന്നതിനായി കല്ലട്ര മാഹിൻ എം.എൽ.എ.യുടെ നേതൃത്വത്തിൽ നടത്തുന്ന ജനസമ്പർക്ക പരിപാടി വിജയകരമായി തുടരുന്നു. വ്യാഴാഴ്ച കുമ്പഡാജെ, ബദിടുക്ക പഞ്ചായത്തുകളിൽ നടത്തിയ പരിപാടിയിൽ വർഷങ്ങളായി പരിഹാരം കാത്തുകിടക്കുന്ന പരാതികളുമായി നിരവധിപേരാണ് എം.എൽ.എ.യെ കാണാനെത്തിയത്.

To advertise here,

 

മലയോര മേഖലയിലെ ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പരാതികളും എം.എൽ.എ. കേട്ടറിഞ്ഞു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി അടിയന്തരമായി പരിഹരിക്കേണ്ട വിഷയങ്ങളിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനും ക്ഷേമത്തിനും പ്രത്യേക പരിഗണന നൽകുന്നതിനോടൊപ്പം അടിസ്ഥാനസൗകര്യങ്ങളുടെ വികസനം, റോഡ്, കുടിവെള്ളം, വൈദ്യുതി, ഭവനം, വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ തുടങ്ങിയ മേഖലകളിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുള്ള നടപടികളെടുക്കുമെന്ന് എം.എൽ.എ. ഉറപ്പുനൽകി.

 

വെള്ളിയാഴ്ച കാസർകോട് നഗരസഭയിൽ നടന്ന പരിപാടിയിൽ നഗരവാസികളുമായും വിവിധ മേഖലകളിലെ പ്രതിനിധികളുമായും സംവദിച്ചു. നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനും അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയ്ക്കും ശാശ്വതപരിഹാരം കാണുന്നതിനുള്ള പ്രവർത്തനങ്ങൾ അടിയന്തരമായി മുന്നോട്ട് കൊണ്ടുപോകണമെന്ന് എം.എൽ.എ. പറഞ്ഞു. നഗരവികസനം വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ മാത്രം ഉത്തരവാദിത്വമല്ലെന്നും ജനപ്രതിനിധികൾ, നഗരസഭ, വിവിധ സർക്കാർ വകുപ്പുകൾ, വ്യാപാരി-വ്യവസായിസമൂഹം, സന്നദ്ധസംഘടനകൾ, പൊതുജനങ്ങൾ എന്നിവരുടെ കൂട്ടായ ഇടപെടലിലൂടെ മാത്രമേ സമഗ്രവികസനം സാധ്യമാകുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗതാഗതപ്രശ്‌നത്തിന് അടിയന്തരവും ശാശ്വതവുമായ പരിഹാരം കണ്ടെത്തുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപനം നടത്തി നടപടികൾ സ്വീകരിക്കുമെന്നും എം.എൽ.എ. വ്യക്തമാക്കി.

ജനപ്രതിനിധികൾ, രാഷ്ട്രീയ-സാമൂഹിക പ്രവർത്തകർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.