തൃക്കരിപ്പൂർ : തൃക്കരിപ്പൂരിലും പരിസങ്ങളിലും തെരുവുനായശല്യം നാട്ടുകാരെ വലയ്ക്കുകയാണ്. റോഡിലും സ്കൂൾമുറ്റത്തും വായനശാല, അങ്കണവാടി, കടകൾ തുടങ്ങി പലയിടത്തും നായക്കൂട്ടമാണ്.
സ്കൂളുകളും നിരവധി സ്ഥാപനങ്ങളുമുള്ള തൃക്കരിപ്പൂർ ടൗണിൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഭീഷണിയുയർത്തിയാണ് തെരുവുനായകൾ വിലസുന്നത്. നിരവധി യാത്രക്കാരെത്തുന്ന ബസ്‌സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലുമാണ് നിലവിൽ നായക്കൂട്ടത്തിന്റെ താവളം. നിരവധിപ്പേർക്ക് ഇതിനോടകം നായയുടെ അക്രമം നേരിടേണ്ടിവന്നിട്ടുണ്ട്.
കുട്ടികളെയും മുതിർന്നവരെയും നായക്കൂട്ടം ഓടിക്കുന്നതും പതിവുസംഭവമായി മാറിയിരിക്കുകയാണ്. പ്രഭാതനടത്തത്തിനിറങ്ങുന്നവരും പത്രവിതരണക്കാരും നായയുടെ കടിയേൽക്കുമോ എന്ന് പേടിച്ചുകൊണ്ടാണ് രാവിലെ ഇറങ്ങാറെന്ന് പറയുന്നു. ഒന്നോ, രണ്ടോ അല്ല അഞ്ചോ, പത്തോ നായ്ക്കളെയാണ് പലരും ഒരുമിച്ച് കാണാറെന്ന് പറയുന്നു. തൃക്കരിപ്പൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കോപൗണ്ടിൽ 15-ലധികം നായക്കൂട്ടം തമ്പടിച്ച സ്ഥിതിവരെ ഉണ്ടായി. സ്കൂൾ പരിസരങ്ങളിലെ നായകൾ കുട്ടികളെ ഓടിക്കുന്ന സ്ഥിതിപോലുമുണ്ടായിട്ടുണ്ട്.
തുടർച്ചയായി തെരുവുനായശല്യം റിപ്പോർട്ട് ചെയ്തിട്ടും വിഷയത്തിൽ അധികൃതർ നടപടിയെടുക്കുന്നില്ല എന്ന ആക്ഷേപവുമുണ്ട്. കുട്ടികളുടെ ഉൾപ്പെടെയുള്ളവരുടെ സുരക്ഷ മുൻനിർത്തി അധികൃതർ വേഗത്തിൽ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
തെരുവുനായ പ്രതിരോധ കുത്തിവെപ്പ് കാര്യക്ഷമമാക്കണമെന്നും തൃക്കരിപ്പൂർ കൊയോങ്കരയിലെ ആനിമൽ ബർത്ത് കൺട്രോൾ കേന്ദ്രം (എം.ബി.സി. കേന്ദ്രം) തുറന്നുപ്രവർത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
Published: 04 Sept 2026, 04:13 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented