ശ്രീകണ്ഠപുരം : സ്ലാബുകളിലെയും സ്പാനുകൾക്കിടയിലെയും ടാറിങ് തകർന്ന് മലപ്പട്ടം മുനമ്പുകടവ് പാലത്തിൽ ദുരിതയാത്ര. കഴിഞ്ഞ ദിവസം കണ്ണൂരിലേക്ക് പോവുകയായിരുന്ന ബൈക്ക് യാത്രക്കാരൻ ടാറിങ് ഇളകി ചിതറിക്കിടക്കുന്ന ജില്ലിയിൽ തെന്നിവീണ്‌ പരുക്കേറ്റു. ഒരാഴ്ച മുൻപും ബൈക്ക് യാത്രക്കാരൻ അപകടത്തിൽപെട്ടിരുന്നു. പാലത്തിലെ മിക്ക ഭാഗത്തെയും ടാറിങ് തകർന്ന്‌ വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. പലയിടങ്ങളിലും സ്ലാബുകൾ പുറത്തുകാണാം. സ്പാനുകൾക്കിടയിലെ ടാറിങ് തകർന്ന് വിള്ളൽ വീണിട്ടുണ്ട്. നടന്നുപോകുമ്പോൾ സ്പാനുകൾക്കിടയിൽ കാൽ കുരുങ്ങുന്ന വിധത്തിലാണ് വിള്ളൽ.

To advertise here,

പാലത്തിന്റെ മധ്യഭാഗത്ത് നാല് മീറ്ററിലേറെ നീളത്തിൽ ടാറിങ് പൂർണമായും തകർന്നിട്ടുണ്ട്. ഈ ഭാഗത്തെത്തുമ്പോൾ കുഴികളിൽ അകപ്പെടാതിരിക്കാൻ വാഹനങ്ങൾ മറുഭാഗത്തു കൂടി പോകുന്നതും അപകടഭീഷണി ഉയർത്തുകയാണ്.

​മലപ്പട്ടം-മയ്യിൽ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതാണ് പാലം. ശ്രീകണ്ഠപുരം, തളിപ്പറമ്പ്, കണ്ണൂർ ഭാഗത്തേക്കുള്ള 10 ബസുകൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ ദിവസവും ഇതുവഴി പോകുന്നുണ്ട്. പാലം അറ്റകുറ്റപ്പണി നടത്തണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകൾ പി.ഡബ്ല്യു.ഡി. അധികൃതർക്ക് നിവേദനം നൽകിയിട്ടും നടപടിയായില്ല.

നേരത്തെ പാലത്തിന്റെ അറ്റകുറ്റപ്പണി നടത്തുന്നതിന് പകരം സൗന്ദര്യവത്കരണ പ്രവർത്തനങ്ങളാണ് നടത്തിയത്. 2024-ൽ എം.വി. ഗോവിന്ദൻ എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 17 ലക്ഷം രൂപ ചെലവഴിച്ചാണ് പാലത്തിന് മോടി കൂട്ടിയത്. സൗരോർജവിളക്കുകൾ ഉൾപ്പെടെ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ടാറിങ് നടത്താൻ മാത്രം അധികൃതർ തയ്യാറായില്ലെന്ന് നാട്ടുകാർ പറയുന്നു.

20 വർഷം മുൻപാണ് മലപ്പട്ടം - മുനമ്പ് കടവ് പാലം യാഥാർഥ്യമാകുന്നത്. ഇതിന് മുൻപ് പരിപ്പൻകടവ് വഴി തോണിയിലാണ് ആളുകൾ ഇരുകരയിലും എത്തിയിരുന്നത്. മുനമ്പ്കടവ് പാലത്തിൽ നിന്നുള്ള കാഴ്ചകളും മനോഹരമാണ്. വൈകുന്നേരങ്ങളിൽ നിരവധിയാളുകൾ ഇവിടെയെത്താറുണ്ട്.