പിണറായി : പിണറായി-എരഞ്ഞോളി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് അഞ്ചരക്കണ്ടിപ്പുഴയ്ക്ക് കുറുകെ വർഷങ്ങൾക്ക് മുന്നേ തുടങ്ങിയ ചേക്കുപ്പാലം അനുബന്ധ റോഡുകളുടെ പണി ഇഴയുന്നു. പഴയ ചേക്കുപ്പാലം ബീമുകളും കൈവരികളും ഉൾപ്പെടെ തകർന്ന് അപകടാവസ്ഥയിലായതിനെ തുടർന്നാണ് സമാന്തരമായി പുതിയ പാലത്തിന്റെ നിർമാണം വർഷങ്ങൾ മുൻപ് തുടങ്ങിയത്.

To advertise here,

ആദ്യം പൊതുമരാമത്ത് വിഭാഗത്തിനായിരുന്നു പാലത്തിന്റെ നിർമാണച്ചുമതല. പാതിവഴിയിൽ അത് സ്വകാര്യ കമ്പനിക്ക് കൈമാറി. പക്ഷേ, ഇടയ്ക്ക് നിലച്ചും വീണ്ടും തുടർന്നും ഏഴുവർഷത്തിലേറെയായിട്ടും പ്രവൃത്തി ഇഴയുകയാണ്. പുതുതായി നിർമിച്ച ചേക്കുപ്പാലം റഗുലേറ്റർ കം ബ്രിഡ്‌ജ് വഴിയാണ് നിലവിൽ വാഹനഗതാഗതം.

കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള റോഡ് വികസനംകൂടി ലക്ഷ്യംവെച്ചാണ് പുതിയ പാലത്തിന് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് തറക്കല്ലിട്ടത്. തറക്കല്ലിടൽ സമയത്ത് 18 മാസം കൊണ്ട് പണി പൂർത്തിയാക്കി നാടിന് സമർപ്പിക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും അനുബന്ധ റോഡ് പൂർത്തിയാക്കാനാവാത്തതിനാൽ തുറക്കാനായില്ല.

4.35 കോടി രൂപ ചെലവിൽ 45 മീറ്റർ നീളത്തിൽ ഒറ്റ സ്പാൻ മാത്രമുള്ളതാണ് പാലം. വീതി ഏഴര മീറ്ററാണ്. ഇരുവശങ്ങളിലും ഒന്നര മീറ്റർ വീതിയിൽ നടപ്പാതയും 386 മീറ്റർ അനുബന്ധ റോഡും ഉൾപ്പെടുന്നതാണ് പുതിയ പാലത്തിന്റെ രൂപരേഖ. എന്നാൽ പാലത്തിന്റെ നിർമാണം ഏതാണ്ട് പൂർത്തിയായെങ്കിലും മൺതിട്ടയുയർത്തിയുള്ള അനുബന്ധ റോഡിന്റെ നിർമാണം അശാസ്ത്രീയമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് രൂപരേഖയിൽ മാറ്റംവരുത്തി സ്വകാര്യ കമ്പനിക്ക് നിർമാണച്ചുമതലയും കൈമാറി. നിലവിൽ അനുബന്ധ റോഡിന്റെ പണി പുനരാരംഭിച്ചിട്ടുണ്ടെങ്കിലും പ്രവൃത്തി മന്ദഗതിയിലാണ്.